Advertisment

ചാർട്ടേഡ് വിമാനയാത്രക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിബന്ധന പിൻവലിക്കണം: കുവൈറ്റ് ഇന്ത്യൻ ഇസ്ലാഹി സെന്റർ

New Update

കുവൈറ്റ് : കേരളത്തിലേക്ക് ചാർട്ടേർഡ് വിമാനത്തിൽ ഗൾഫിൽ നിന്നും മടങ്ങുന്നവർക്ക് യാത്ര ചെയ്യണമെങ്കിൽ കോവിഡ് ബാധിതനല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന പിൻവലിക്കണമെന്ന് കുവൈറ്റ് ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഡോ. അബ്ദുൽ ഹമീദ് കൊടുവള്ളി, സെന്റർ ജനറൽ സെക്രട്ടറി ജസീർ പുത്തൂർ പള്ളിക്കൽ എന്നിവർ ആവശ്യപ്പെട്ടു.

Advertisment

publive-image

ഈ പുതിയ നിബന്ധന സ്വദേശത്തേയ്ക്ക് യാത്ര ചെയ്യുവാൻ ഊഴം കാത്തിരിക്കുന്ന തുച്ഛ വരുമാനക്കാരും സാധാരണക്കാരുമായ അനേകായിരം പ്രവാസികളെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ചാർട്ടേർഡ് വിമാനത്തിന് രജിസ്റ്റർ ചെയ്ത പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇക്കൂട്ടരിൽ നല്ലൊരു ശതമാനം പേരും തൊഴിൽ നഷ്ടപെട്ടവരോ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവരോ ആണ്.

ഗൾഫിൽ നിന്നും ഇന്ത്യയിലേക്കു മാസങ്ങളായി നിലനിന്നു വരുന്ന യാത്ര ഉപോരോധവും, ഈ അവസരത്തിൽ വന്ദേ ഭാരത് പദ്ധതി വഴി ലഭ്യമായുള്ള വിമാനങ്ങളുടെ അപര്യാപ്തതെയുമാണ് ദുരിതമനുഭവിക്കുന്നവരായ പ്രവാസികൾ കടം വാങ്ങിയും മറ്റും ഇത്തരം ചാർട്ടേർഡ് വിമാനങ്ങളെ ആശ്രയിക്കുകയും അതിൽ പ്രതീക്ഷവയ്ക്കുകയും ചെയ്തിരിക്കുന്നത്.

തൊഴിലാളികളുടെ ഈ ദുരവസ്ഥ മനസ്സിലാക്കി ചാർട്ടേർഡ് വിമാനങ്ങൾ സൗകര്യപ്പടുത്തി കൊടുക്കാൻ സന്നദ്ധമായിരിക്കുന്ന ഗൾഫിലുള്ള പല കമ്പനികളുടെ പരിശ്രമം പോലും കേരളസർക്കാരിന്റെ തീരുമാനം മൂലം വിലങ്ങു തടിയായിരിക്കുകയാണ്. വന്ദേ ഭാരത് പദ്ധതിക്ക് തുടർന്ന് വരുന്ന നടപടിക്രമങ്ങൾ തന്നെ ചാർട്ടേർഡ് വിമാനയാത്രയ്ക്കും ബാധകമാക്കണമെന്നും മാതൃരാജ്യത്തേയ്ക്കു യാത്ര ചെയ്യുന്ന പൗരന്മാർക്ക് രണ്ടു തരം നിബന്ധനകൾ ഇരട്ട നീതിയാണെന്നും ഇസ്ലാഹി സെന്റർ ഭാരവാഹികൾ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.

പ്രത്യക്ഷമായും പരോക്ഷമായും ജന്മനാടിന്റെ ഐശ്വര്യത്തിനുവേണ്ടി മരുഭൂമിയിൽ കഠിനാദ്ധ്വാനാം ചെയ്യുന്ന പ്രവാസികളെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് അവർക്കു സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനള്ള സംവിധാനങ്ങൾ അതാത് രാജ്യങ്ങളിൽ നിലവിലുണ്ടോ എന്നു കൂടി സർക്കാർ ആലോചിക്കെണ്ടിയിരുന്നു.

ഇങ്ങനെയൊരു സർട്ടിഫിക്കറ്റ് ലഭ്യമായാൽ കൂടി അതിന്റെ വാലിഡിറ്റി, യാത്രയിലൂടെ പകർന്നു കിട്ടിയതോ അല്ലാതെയോ അൽപ്പദിവസങ്ങൾക്കു ശേഷം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പടാനുള്ള സാധ്യത ഇതെല്ലാം കണക്കിലെടുത്താൽ നിലവിലെ ഈ തീരുമാനം ചില ഗൾഫ് രാജ്യങ്ങളിൽ അപ്രായോഗികവും പ്രവാസികൾക്ക് അധിക ബാധ്യതയുമാണ്‌.

എറ്റവും ഫലപ്രദമായ രീതി യാത്രാവസാനത്തിലുള്ള ഇപ്പോൾ തുടർന്ന് വരുന്ന കൃത്യമായ സംവിധാനങ്ങളോടെയുള്ള ക്വാറന്റെയ്ൻ സംവിധാനവും ആവശ്യമെങ്കിൽ മാത്രം ടെസ്റ്റിന് വിധേയമാക്കലുമാണ്‌ എന്നത് സർക്കാർ തിരിച്ചറിയണമെന്നും പുതുതായ ഈ നിർദ്ദേശം കേവലം യാത്ര മുടക്കാനുള്ള മാര്ഗങ്ങളായി തിരിച്ചറിയാനെ ഉപകരിക്കൂ എന്നും അതിനാൽ സർക്കാർ ഉടൻ പ്രസ്തുത നിബന്ധന പിൻവലിച്ചു നാട്ടിലേക്ക് മടങ്ങുന്നതിന് രജിസ്റ്റർ ചെയ്തവരെ അടിയന്തിര പ്രാധാന്യത്തോടെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തണമെന്നും കുവൈറ്റ് ഇന്ത്യൻ ഇസ്ലാഹി സെന്റർ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.

kuwait kuwait latest kuwait news
Advertisment