കുവൈറ്റില്‍ നിന്ന് പ്രവാസികള്‍ അയക്കുന്ന പണത്തിന് നികുതി ചുമത്തുന്നതു സംബന്ധിച്ച നിർദേശം ചൊവ്വാഴ്ച പാർലമെന്റ് പരിഗണിക്കും

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, April 16, 2018

കുവൈറ്റ്  : കുവൈറ്റില്‍ നിന്ന് പ്രവാസികള്‍ അയക്കുന്ന പണത്തിന് നികുതി ചുമത്തുന്നതു സംബന്ധിച്ച നിർദേശം ചൊവ്വാഴ്ച പാർലമെന്റ് പരിഗണിക്കും .പാർലമെന്റിന്റെ ഉപസമിതികൾ തന്നെ വ്യത്യസ്‌ത അഭിപ്രായം പ്രകടിപ്പിച്ച സാഹചര്യത്തിൽ അന്തിമ തീരുമാനം എന്തായിരിക്കുമെന്ന് സൂചനകളില്ല. സഫാ അൽ ഹാഷ്‌മി എം‌പി അവതരിപ്പിച്ച നിർദേശമാണ് പാർലമെന്റ് വിവിധ സമിതികളുടെ തീരുമാനം അറിയാൻ വിട്ടിരുന്നത്.

നികുതി ഏർപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്നാണ് ധനകാര്യ-സാമ്പത്തിക സമിതിയുടെ വിലയിരുത്തൽ. എന്നാൽ നികുതി ചുമത്തുന്നത് ഭരണഘടനാവിരുദ്ധവും കുവൈത്തിന്റെ പ്രതിച്ഛായയ്ക്ക് പോറൽ എൽ‌പ്പിക്കുന്നതുമാണെന്ന് നിയമകാര്യ സമിതിയും വിലയിരുത്തി.

രണ്ട് സമിതികളുടെ അഭിപ്രായങ്ങൾ വ്യത്യസ്തമായതിനാൽ പാർലമെൻ‌റിൽ ചൂടേറിയ ചർച്ചയ്ക്കു സാധ്യതയുണ്ട്. സർക്കാരും സെൻ‌ട്രൽ ബാങ്ക് ഉൾപ്പെടെയുള്ള സാമ്പത്തികാധികാര സ്ഥാപനങ്ങളും നികുതി നിർദേശത്തോടു വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

×