തങ്ങളുടെ വനിതയെ കുവൈറ്റില്‍ ഒരു പന്നിയെപ്പോലെ ഫ്രിഡ്ജില്‍ ഉണക്കി സൂക്ഷിച്ചുവെച്ചിട്ടും നടപടിയുണ്ടായില്ലെന്ന്‍ വൈകാരികമായി തുറന്നടിച്ച്‌ ഫിലിപ്പീന്‍ പ്രസിഡന്റ്. കുവൈറ്റില്‍ നിന്നും ഫിലിപ്പീനികളെ തിരികെവിളിച്ച തീരുമാനം പിന്‍വലിപ്പിക്കാന്‍ ശ്രമം. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി

ഗള്‍ഫ് ഡസ്ക്
Wednesday, February 14, 2018

കുവൈറ്റില്‍ ഫിലിപ്പീന്‍ വനിതകള്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരെ ഫിലിപ്പീന്‍ സര്‍ക്കാര്‍ ശക്തവും വൈകാരികവുമായ പ്രതികരണങ്ങളുമായി രംഗത്ത് വന്ന സാഹചര്യത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ക്ക് കുവൈറ്റ് സര്‍ക്കാര്‍.

രാജ്യം വിട്ട പ്രതികളെ തിരികെ കൊണ്ടുവരാന്‍ ഉള്‍പ്പെടെ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. പ്രവാസികള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ വിട്ടുവാഴ്ച്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കാനാണ്‌ കുവൈറ്റ് സര്‍ക്കാരിന്റെ നിര്‍ദേശം.

കുവൈറ്റില്‍ ഫിലിപ്പീനിയായ ജോലിക്കാരിയെ ഒരു പന്നിയെപ്പോലെ ഫ്രിഡ്ജില്‍ ഉണക്കി സൂക്ഷിച്ചുവെച്ചിട്ടും നടപടിയുണ്ടായില്ലെന്ന ഫിലിപ്പീന്‍ പ്രസിഡന്റ് ഡ്യുട്രെറ്റെയുടെ ആരോപണം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന വൈകാരിക നിലപാടിന്‍റെ പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്.

29 കാരി ജോനാനയുടെ മരണം ഉള്‍പ്പെടെ നിരവധി സ്ത്രീകളുടെ മരണത്തെ തുടര്‍ന്ന് കുവൈറ്റിലേക്ക് ജോലിക്ക് പോകുന്നതിന് ഫിലിപ്പൈനികള്‍ക്ക് പ്രസിഡന്റ് നിരോധനം ഏര്‍പ്പെടുത്തി ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കുവൈറ്റിലേക്കുള്ള തൊഴില്‍ റിക്രൂട്ട്‌മെന്റ് ഫിലിപ്പീന്‍സ് പൂര്‍ണ്ണമായി നിരോധിച്ചത്. കുവൈറ്റിലേക്ക് ഫിലിപ്പൈനികളെ നിരോധിച്ച തീരുമാനത്തെ അപലപിച്ച് കുവൈറ്റ് വിദേശകാര്യമന്ത്രി രംഗത്തെത്തിയിരുന്നു.

പ്രശ്നത്തെ യാഥാര്‍ഥ്യബോധത്തോടെ സമീപിക്കുന്നതിനു പകരം വൈകാരിക സമീപനം പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട് . ഈ തീരുമാനം പിന്‍വലിപ്പിക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

അറബ് തൊഴിലുടമകള്‍ ഫിലിപ്പിനോകളെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നുവെന്നും അവരെ തുടര്‍ച്ചായി 21 മണിക്കൂര്‍ ജോലി ചെയ്യിക്കുന്നുവെന്നും പ്രസിഡന്‍ര് ആരോപിച്ചിരുന്നു. ഫ്രിസറില്‍ കണ്ടെത്തിയ യുവതിയുടെ ഫോട്ടോ ഉയര്‍ത്തിയാണ് പ്രസിഡന്റ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഇതിനകം വിസ സമ്പാദിച്ചവര്‍ക്കും പെര്‍മിറ്റ് നല്‍കില്ലെന്ന് തൊഴില്‍ വകുപ്പ് സെക്രട്ടറി സില്‍വസ്റ്റര്‍ ബെല്ലോ മനിലയില്‍ അറിയിച്ചിരുന്നു. കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളായ ഏഴ് ഫിലിപ്പോനകള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കടുത്ത തീരുമാനത്തിന് പ്രസിഡന്റിനെ പ്രേരിപ്പിച്ചത്.

വേണ്ടിവന്നാല്‍ കുവൈറ്റിലുള്ള മുഴുവന്‍ തൊഴിലാളികളെയും പിന്‍വലിക്കുമെന്ന് മുന്നറിയിപ്പുണ്ട് . 29 കാരിയുടെ മൃതദേഹം ഫ്രിഡ്ജില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളായ ലെബനന്‍ പൌരനെയും ഭാര്യയേയും കണ്ടെത്താന്‍ സര്‍ക്കാര്‍ ഇന്‍റര്‍പോളിന്‍റെ സഹായം തേടിയിട്ടുണ്ട്.

പ്രസിഡന്റിന്റെ പ്രസ്താവനകളെ തങ്ങള്‍ അങ്ങേയറ്റം അപലപിക്കുന്നതായി കുവൈറ്റ് വിദേശകാര്യമന്ത്രി ഷെയ്ഖ് സബാ ഖാലിദ് അല്‍ സബാഹ് പറഞ്ഞു .

×