Advertisment

എന്റെ മകൾ ജയിലിൽ കിടക്കട്ടെ. പൊലീസ് അവളുടെ കാലുകൾ ഒടിക്കട്ടെ. എനിക്ക് എതിർപ്പില്ല ; പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിന് രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട അമൂല്യയെ കുറിച്ച് പിതാവ്

New Update

ബെംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാഴാഴ്ച ബെംഗളൂരുവിൽ നടന്ന റാലിയിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’മുദ്രാവാക്യം വിളിച്ച അമുല്യ ലിയോന, ശക്തമായ കാഴ്ചപ്പാടുകളുള്ള, എന്തും വിളിച്ചുപറയുന്ന, എന്നാൽ ലാളിത്യം കാത്തുസൂക്ഷിക്കുന്ന പെൺകുട്ടിയാണെന്ന് അവളുടെ സുഹൃത്തുക്കൾ.

Advertisment

സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിൽ സജീവമായി പങ്കെടുക്കുന്ന അമൂല്യ, ബെംഗളൂരുവിൽ എംപിയും എ‌ഐ‌എംഐഎം മേധാവിയുമായ അസദുദ്ദീൻ ഒവൈസിയുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പാക് അനുകൂല മുദ്രാവാക്യം വിളിക്കുമെന്ന് ആരും ചിന്തിച്ചുകാണില്ല.

publive-image

ബെംഗളൂരുവിലെ ബിലാൽ ഭാഗിൽ ചെറിയ മുടിയുള്ള പെൺകുട്ടി മൈക്ക് കൈയിലെടുത്ത് 'പാകിസ്ഥാൻ സിന്ദാബാദ്' എന്ന് ആക്രോശിക്കുന്നതിന് മുമ്പ് കുറച്ച് കാര്യങ്ങൾ പറഞ്ഞു. ഞെട്ടിപ്പോയ ഒവൈസി അമൂല്യയുടെ അടുത്തേക്ക് ഓടിച്ചെന്ന് മൈക്ക് തട്ടിയെടുക്കാൻ ശ്രമിച്ചു.

പൊലീസും ഒവൈസിയുടെ കൂട്ടാളികളും ഏറെ പണിപ്പെട്ടാണ് പെണ്‍കുട്ടിയെ വേദിയിൽ നിന്ന് വലിച്ചിഴച്ചു മാറ്റിയത്. ഞെട്ടിപ്പോയ ഹൈദരാബാദ് എംപി ആരാണെന്ന് പരിശോധിക്കാതെ എല്ലാവരെയും സംസാരിക്കാൻ അനുവദിച്ചതിന് സംഘാടകരെ ശകാരിക്കുകയും ചെയ്തു. നിമിഷങ്ങൾക്കകം ടിവി സ്‌ക്രീനുകൾ അമുല്യയുടെ ചിത്രം കൊണ്ട് നിറയുകയും രാജ്യത്തുടനീളം കുപ്രസിദ്ധിയാവുകയും ചെയ്തു.

സംഘാടകരിൽ ചിലർ പറയുന്നതനുസരിച്ച്, അമുല്യയ്ക്ക് വെറും 19 വയസ്സ് മാത്രമേ ഉള്ളൂ. ബെംഗളൂരുവിലെ ഒരു കോളേജിൽ ബിരുദ വിദ്യാർഥിയാണ്. വിവർത്തനങ്ങൾ ചെയ്യുന്ന നഗരത്തിലെ ഒരു സ്ഥാപനത്തിൽ ഇന്റേൺ ആയി ജോലി ചെയ്യുന്നു. വിപ്ലവകരമായ ആശയങ്ങളാണ് അമൂല്യക്കുള്ളതെന്നും ആരും പറയുന്നത് അനുസരിക്കാറില്ലെന്നും അവരെ അറിയുന്ന ചില യുവാക്കളും പറയുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ഇഷ്ടപ്പെടുന്നതുകൊണ്ട് അത്തരം മുദ്രാവാക്യങ്ങൾ മുഴക്കുന്നതിൽ തെറ്റില്ലെന്ന് അവകാശപ്പെടുന്ന ഫേസ്ബുക്ക് കുറിപ്പ് അമൂല്യ ആഴ്ചകൾക്ക് മുൻപ് പങ്കുവെച്ചിരുന്നു.

മകളുടെ പെരുമാറ്റം ഞെട്ടിച്ചതായി ചിക്കമംഗളൂർ ജില്ലയിലെ കൊപ്പയിൽ‌ ബെംഗളൂരുവിൽ നിന്ന് 300 കിലോമീറ്റർ അകലെ) താമസിക്കുന്ന അമുല്യയുടെ പിതാവ് വൊജാൾഡ് പറയുന്നു. ഇത്തരത്തിൽ മുന്നും പിന്നും നോക്കാതെ സംസാരിക്കരുതെന്ന് മുൻപ് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും അദ്ദേഹം പറയുന്നു.

"എന്റെ മകൾ ജയിലിൽ കിടക്കട്ടെ. പൊലീസ് അവളുടെ കാലുകൾ ഒടിക്കട്ടെ. എനിക്ക് എതിർപ്പില്ല. അവൾ എന്റെ കുടുംബത്തിന് വളരെയധികം ദുരിതങ്ങൾ വരുത്തിയിട്ടുണ്ട്'- കോപാകുലനായ പിതാവ് പൊട്ടിത്തെറിച്ചു.

സംഭവം നടന്നയുടനെ ചില പ്രാദേശിക ബജ്‌റംഗ്ദൾ പ്രവർത്തകർ പിതാവിനെ കാണാൻ പോയിരുന്നു. അവർ അദ്ദേഹവുമായി സംസാരിക്കുന്നതിന്റെ ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. രാത്രിയിൽ ഒരു സംഘമാളുകൾ വീട്ടിൽ ആക്രമണം നടത്തി. ഇതേ തുടർന്ന് മാതാപിതാക്കൾക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. സംഭവത്തെക്കുറിച്ച് പിതാവ് പൊലീസിൽ പരാതി നൽകി.

Advertisment