Advertisment

‘ഇത്തരമൊരു നിമിഷത്തിനായി ഞാൻ ഒരുങ്ങിയിരുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ച് ഇത് വളരെ വേദനാജനകമാണ്'; ബാഴ്‌സയിലെ വിടവാങ്ങൽ പ്രസംഗത്തിൽ കരച്ചിലടക്കാനാകാതെ മെസ്സി- വീഡിയോ

New Update

publive-image

ബാഴ്‌സലോണ: ബാഴ്‌സലോണയിലെ വിടവാങ്ങൽ പ്രസംഗത്തിൽ പൊട്ടികരഞ്ഞ് ലിയോണല്‍ മെസി. കണ്ണുകള്‍ നിറഞ്ഞാണ് മെസി വേദിയിലെത്തിയത് തന്നെ. വാര്‍ത്താസമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം നിയന്ത്രണം വിട്ട് പൊട്ടികരയുകയായിരുന്നു.

മൈക്കിനു മുന്നില്‍ നിന്ന് കണ്ണീരടക്കാന്‍ പാടുപെടുന്ന മെസ്സിയുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ബാഴ്‌സ വിട്ട് എങ്ങോട്ടേക്കാണെന്ന ചോദ്യത്തിന് അക്കാര്യം ഇനിയും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ആരുമായും യാതൊരു തരത്തിലുള്ള ചര്‍ച്ചകളും നടന്നിട്ടില്ലെന്നും ഒരു വാഗ്ദാനവും നല്‍കിയിട്ടില്ലെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.

വിടവാങ്ങല്‍ ബുദ്ധിമുട്ടേറിയതാണെന്ന് മെസി പറഞ്ഞു. 21 വര്‍ഷം തന്നെ സ്നേഹിച്ച സഹതാരങ്ങള്‍ക്കും, ക്ലബിനും ആരാധകര്‍ക്കും മെസി നന്ദി രേഖപ്പെടുത്തി. ‘ഇത്തരമൊരു നിമിഷത്തിനായി ഞാൻ ഒരുങ്ങിയിരുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ച് ഇത് വളരെ വേദനാജനകമാണ്. കഴിഞ്ഞ വർഷം ടീം വിടാമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. പക്ഷേ, ഇത്തവണ തുതുടരാനായിരുന്നു ആഗ്രഹം. ഇവിടെത്തന്നെ തുടരണമെന്നാണ് ഞാനും എന്റെ കുടുംബവും ആഗ്രഹിച്ചത്’ – കണ്ണീരോടെ മെസ്സി പറഞ്ഞു.

ഈ നഗരത്തില്‍ ജീവിച്ചപ്പോള്‍ താന്‍ ചെയ്ത കാര്യങ്ങളിലെല്ലാം അഭിമാനം കൊള്ളുന്നുവെന്ന് മെസ്സി പറഞ്ഞു. വിദേശത്ത് എവിടെ കരിയര്‍ അവസാനിപ്പിച്ചാലും ഇവിടേക്ക് തന്നെ മടങ്ങിവരുമെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.

''എന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷമാണിത്. 21 വര്‍ഷം ഞാനിവിടെ ഉണ്ടായിരുന്നു. വരും ദിവസങ്ങളില്‍ ഈ ഗ്രൗണ്ടില്‍ ഞാന്‍ പരിശീലനത്തിലുണ്ടാവില്ല. ഈ സ്റ്റേഡിയത്തില്‍ ഞാന്‍ ബാഴ്‌സയ്ക്കായി കളിക്കുന്നുണ്ടാവില്ല. ഒരു ഫുട്‌ബോളര്‍ എന്ന നിലയില്‍ ഈ ക്ലബുമായുള്ള എന്റെ ബന്ധം അവസാനിക്കുകയാണ്.പിന്നീടൊരിക്കല്‍ ക്ലബിന്റെ ഭാഗമാവാന്‍ സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഒരു താരമായിട്ടല്ലെങ്കില്‍ കൂടി പിന്നീടെപ്പോഴെങ്കിലും ക്ലബിന്റെ ഭാഗമാവാന്‍ കഴിയുന്നത് ഭാഗ്യമായി കരുതുന്നു''.

‘ഇവിടെ എത്തിയ അന്നു മുതൽ ടീമിനായി കളിച്ച അവസാന ദിനം വരെ എന്റെ കഴിവിന്റെ പരമാവധി ഞാൻ നൽകാൻ ശ്രമിച്ചിട്ടുണ്ട്. എന്നെങ്കിലും ഇവിടെനിന്ന് പോകണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ല. ഒന്നു പറയാം. ഇവിടെ തുടരാൻ ഞാൻ സാധ്യമായതെല്ലാം ചെയ്തതാണ്. പക്ഷേ അവർക്ക് (ബാഴ്‌സലോണ അധികൃതർക്ക്) ലാ ലിഗയിലെ ചട്ടങ്ങൾ കാരണം ഒന്നും ചെയ്യാനായില്ല’ – മെസ്സി പറഞ്ഞു.

‘ഞാൻ പോകുന്നതിനേക്കുറിച്ച് ഒട്ടേറെ കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. പക്ഷേ, എന്റെ ഭാഗത്തുനിന്ന് തുടരാൻ സാധിക്കുന്നതെല്ലാം ചെയ്തിരുന്നു. കഴിഞ്ഞ വർഷം എനിക്ക് തുടരാൻ താൽപര്യമുണ്ടായിരുന്നില്ല. ഞാൻ അതു പറയുകയും ചെയ്തിരുന്നു. ഈ വർഷം എനിക്ക് പോകാൻ ഒട്ടും ആഗ്രഹമുണ്ടായിരുന്നില്ല. അതിനു സാധിക്കുമായിരുന്നില്ല എന്നതാണ് സത്യം’ – മെസ്സി പറഞ്ഞു.

Advertisment