Advertisment

പ്രണയിച്ചത് ഗുണ്ടയെ, ഒഴിയാൻ നോക്കിയെങ്കിലും വിടുന്നില്ല: യുവതിയുടെ വീട്ടിൽ കയറി വീട് അടിച്ചു തകർത്ത് യുവാവ്‌

New Update
pranav

തിരുവല്ല: ആളും തരവും നോക്കാതെ ഗുണ്ടയെ പ്രണയിച്ച തിരുവല്ല സ്വദേശിനിയായ യുവതിയുടെ വീട് കാമുകന്‍ അടിച്ചു തകര്‍ത്തു. 

Advertisment

താന്‍ പ്രണയിച്ച വ്യക്തി അത്ര വെടിപ്പല്ലെന്ന് പ്രണയം ആരംഭിച്ച് കുറച്ചു നാള്‍ കഴിഞ്ഞപ്പോഴാണ് യുവതിക്ക് മനസ്സിലായത്. ആള് നാട്ടില്‍ അറിയപ്പെടുന്ന ഗുണ്ടയാണെന്നും സ്വന്തം പേരില്‍ ഒന്നുരണ്ടു ക്രിമിനല്‍ കേസുകളുള്ള ആളാണെന്നും അറിഞ്ഞതോടെ യുവതി ഭയന്നു. 

മെല്ലെ പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ നോക്കി. ഇതോടെ പ്രകോപിതനായ കാമുകനും കൂട്ടുകാരും കൂടി എത്തി യുവതിയുടെ വീട് അടിച്ച് തകര്‍ക്കുകയായിരുന്നു. തിരുവല്ല നിരണത്താണ് സംഭവം നടന്നത്. യുവതിയുടെ കാമുകനായ പ്രണവ് സുരേഷ്(22) ഇയാളുടെ കൂട്ടാളികളായ ജിതിന്‍(22), സി. ജിതിന്‍(19) എന്നിവരാണ്  ഇതുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയത്. നിലവില്‍ കാപ്പാ കേസ് പ്രതിയാണ് കാമുകനായ പ്രണവ് സുരേഷ്. 

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് കാമുകനും സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത്. പ്രണവ് സുരേഷ് യുവതിയുമായി കഴിഞ്ഞ അഞ്ചു വര്‍ഷമായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഈ അടുത്താണ് യുവതി പ്രണയത്തില്‍ നിന്ന് പിന്‍മാറിയത്. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം മനസ്സിലാക്കിയാണ് യുവതി പ്രണവ് സുരേഷുമായുള്ള പ്രണയത്തില്‍ നിന്ന് ഒഴിഞ്ഞത്.

എന്നാല്‍ പ്രണവ് യുവതിയെ വിടാന്‍ ഒരുക്കമല്ലായിരുന്നു. മൊബൈലില്‍ വിളിച്ച് ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. തുടര്‍ന്ന് യുവതി ഇയാളുടെ ഫോണ്‍ കോളുകള്‍ എടുക്കാതെയായി. ഇതോടെ കാമുകന്‍ പ്രണവ് പ്രകോപിതനാകുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

വിളിച്ചിട്ടും വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതില്‍ പ്രകോപിതനായി പ്രണവും കൂട്ടരും വ്യാഴാഴ്ച രാത്രി യുവതിയുടെ വീട്ടിലെത്തുകയായിരുന്നു. അവിടെയെത്തിയ മൂന്നംഗസംഘം മരത്തടി ഉപയോഗിച്ച് വീടിന്റെ ജനാലകളും വാതിലും അടിച്ചു തകര്‍ത്തു.

മുന്‍വാതില്‍ തകര്‍ത്ത് അകത്തു കയറിയ പ്രതികള്‍ യുവതിയുടെ സഹോദരനടക്കമുള്ളവരെ അക്രമിച്ചെന്നും പരാതിയിലുണ്ട്. തുടര്‍ന്ന് ഇവര്‍ സ്ഥലത്തുനിന്നും പോകുകയായിരുന്നു.

Advertisment