Advertisment

തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ്; അറസ്റ്റ് ഒഴിവാക്കാൻ പണം തിരിച്ചടച്ച് മുൻ മാനേജർ

New Update
urban

തിരുവല്ല: തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടപ്പില്‍ അറസ്റ്റ് ഒഴിവാക്കാന്‍ പണം തിരിച്ചടച്ച് മുന്‍ മാനേജര്‍ പ്രീത സി.കെ. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് പണം തിരിച്ചടച്ച് തടിയൂരിയത്.

Advertisment

തിരുവല്ല മതില്‍ഭാഗം സ്വദേശി വിജയലക്ഷ്മി മോഹന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. സ്ഥിരനിക്ഷേപമായി ഉണ്ടായിരുന്ന മൂന്ന് ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് തട്ടിയെടുത്തത്. മൂന്ന് ലക്ഷം രൂപയാണ് നിലവില്‍ തിരിച്ചടച്ചത്. എന്നാല്‍ പലിശ ഉള്‍പ്പെടെ മുഴുവന്‍ തുകയും കിട്ടാതെ പരാതി പിന്‍വലിക്കില്ലെന്ന് നിക്ഷേപക അറിയിച്ചു. 

2015 ലാണ് തിരുവല്ല മതില്‍ഭാഗം സ്വദേശി വിജയലക്ഷ്മി മോഹന്‍ അര്‍ബന്‍ സഹകരണ ബാങ്കിന്റെ മഞ്ഞാടി ശാഖയില്‍ മൂന്നര ലക്ഷം രൂപ നിക്ഷേമിട്ടത്. പലിശ ഉള്‍പ്പെടെ ആറേമുക്കാല്‍ ലക്ഷം രൂപ 2022 ഒക്ടോബറില്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി.

നിക്ഷേപത്തിന്റെ അസ്സല്‍ രേഖകള്‍ ഉള്‍പ്പെടെ വാങ്ങിവെച്ച ജീവനക്കാര്‍ പക്ഷേ പണം തിരികെ നല്‍കിയില്ല. തുടരന്വേഷണത്തിലാണ് വ്യാജ ഒപ്പിട്ട് ബാങ്ക് ജീവനക്കാരി പണം തട്ടിയെന്ന് അറിയുന്നത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം അട്ടിമറിച്ചു. മുതിര്‍ന്ന സിപിഐഎം നേതാവ് കൂടിയായ ബാങ്ക് ചെയര്‍മാന്റെ ഒത്താശയിലാണ് പണം തട്ടിയെന്നാണ് നിക്ഷേപക ആരോപിക്കുന്നത്.

എന്നാല്‍ തട്ടിപ്പുകാരിയായ ജീവനക്കാരിയെ അന്നുതന്നെ പുറത്താക്കിയെന്നും നിക്ഷേപകയുടെ നഷ്ടമായ പണം തിരിച്ചു കിട്ടാന്‍ എല്ലാ സാധ്യതകളും ബാങ്ക് തേടുന്നുണ്ടെന്നുമാണ് ചെയര്‍മാന്‍ വിശദീകരിക്കുന്നത്.

 നിക്ഷേപകയുടെ പരാതിയില്‍ അന്വേഷണം നടത്തിയ സഹകരണ വകുപ്പ്, പണം ഉടന്‍ തിരികെ നല്‍കാന്‍ ഉത്തരവിട്ടു. എന്നാല്‍ രാഷ്ട്രീയ സ്വാധീനത്തില്‍ അതെല്ലാം ഭരണസമിതി മറികടന്നു. തുടര്‍ന്നാണ് അര്‍ബന്‍ സഹകരണ ബാങ്കിനെതിരെ നിക്ഷേപക ഹൈക്കോടതിയെ സമീപിച്ചത്.

Advertisment