Advertisment

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ശ്വാസകോശ വിഭാഗത്തിന് പുതിയ ബ്രോങ്കോസ്ക്കോപ്പ് ലഭിച്ചു

New Update
bronchoscope

ആലപ്പുഴ മെഡിക്കല്‍ കോളജിലെ ശ്വാസകോശ വിഭാഗത്തിൽ പുതുതായി സ്ഥാപിച്ച ഫൈബർ ഓപ്റ്റിക് ബ്രോങ്കോസ്കോപ്പിന്റെ പ്രവർത്തനോൽഘാടനം സൂപ്രണ്ട് ഡോ.എ. അബ്ദുൾ സലാം നിർവ്വഹിക്കുന്നു

ആലപ്പുഴ: കാസ്‌പ് പദ്ധതിയുടെ ഭാഗമായി ശ്വാസകോശ വിഭാഗത്തിൽ പുതുതായി സ്ഥാപിച്ച ഫൈബർ ഓപ്റ്റിക് ബ്രോങ്കോസ്കോപ്പിന്റെ പ്രവർത്തനോൽഘാടനം സൂപ്രണ്ട് ഡോ.എ. അബ്ദുൾ സലാം നിർവ്വഹിച്ചു. ശ്വാസകോശ നാളികളിൽ ചെറു കുഴലിറക്കി കേടുപാടും മുഴകളും കണ്ടെത്താൻ സഹായിക്കുന്ന ബ്രോങ്കോസ്കോപ്പ് ശ്വാസകോശ കാൻസർ സ്ഥിരീകരിക്കാൻ ഏറെ ഉപകാരപ്പെടും.

ബ്രോങ്കോസ്കോപ്പ് ഇല്ലാതിരുന്നതിനാൽ മാസങ്ങളായി രോഗികൾ കോട്ടയം മെഡിക്കൽ കോളജിനെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു നിലവിലുണ്ടായിരുന്നത്. സ്വകാര്യ ആശുപത്രികളിലെ ഭീമമായ ചെലവു താങ്ങാനാവാത്ത സാധാരണക്കാരായ രോഗികൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഒന്നാണിതെന്ന് ഡോ. സലാം പറഞ്ഞു.

ബ്രോങ്കോസ്കോപ്പ് ലഭിച്ചതോടെ ആവശ്യമായ രോഗികൾക്ക് പരിശോധന നടത്താൻ ഡിപ്പാർട്ട്മെന്റ് പൂർണ സജ്ജമായതായി ശ്വാസകോശ വിഭാഗം മേധാവി ഡോ. ബി. ജയപ്രകാശ് അറിയിച്ചു. ചടങ്ങിൽ ഡോ.രശ്മി എസ് നായർ, ഡോ.പി.എസ്. ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.

Advertisment