Advertisment

കെഎസ്ഇബിയിലെ കള്ളബില്‍ സംബന്ധിച്ച് തൊടുപുഴ നഗരസഭയിലെ മൂന്നാം വാര്‍ഡില്‍ ബോര്‍ഡും ഉപഭോക്താക്കളും തമ്മിലുണ്ടായ തര്‍ക്കത്തിന് പരിഹാരമായി. താരീഫ് പുനപരിശോധിക്കുമെന്നും ബില്‍ കുടിശിക അടയ്ക്കാന്‍ 24 മാസം തവണ അനുവദിക്കുമെന്നും ബോര്‍ഡിന്‍റെ ഉറപ്പ്

New Update
v

തൊടുപുഴ: നഗരസഭയിൽ 3-ാം വാർഡിൽ കെഎസ്ഇബിയും ഉപഭോക്താക്കളും തമ്മിൽ മാസങ്ങളായി നിലനിന്നിരുന്ന തർക്കത്തിന് പരിഹാരമായി. 

Advertisment

മുനിസിപ്പൽ ചെയര്‍മാന്‍ സനീഷ് ജോർജിന്റെയും വാർഡ് കൗൺസിലർ കെ ദീപകിന്റെയും നേതൃത്വത്തിൽ കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ, എക്സിക്യൂട്ടിവ് എഞ്ചിനീയർ എന്നിവരുമായി ഇന്ന് നടത്തിയ ചർച്ചയിലാണ്‌ തീരുമാനം.  

താരിഫിലെ അപാകതകൾ പരിഹരിയ്ക്കുമെന്നും കുടിശിക സംഖ്യ 24 മാസം തുല്യ തവണകളായി അടയ്ക്കാൻ അനുവദിക്കാമെന്നും കെഎസ്ഇബി അധികൃതർ ഇന്നത്തെ ചർച്ചയിൽ ഉറപ്പ് നൽകുകയായിരുന്നു. ഇത് ഉപഭോക്താക്കളും അംഗീകരിച്ചു. 

കഴിഞ്ഞ ജൂലൈ മാസത്തിൽ വെങ്ങല്ലൂർ മേഖലയിലെ അഞ്ചു വാർഡുകളിൽ നിരവധി ആളുകൾക്ക് ഭീമമായ തുകയാണ് ബിൽ ആയി ലഭിച്ചത്. പതിനായിരം മുതൽ അറുപതിനായിരം വരെ ബിൽ ലഭിച്ചവരും ഇതിൽ ഉൾപ്പെടുന്നു.  

ഇതുസംബന്ധിച്ചു അധികൃതർക്ക് പരാതി നൽകിയെങ്കിലും പരിഹാരം ഉണ്ടായില്ല. തുടർന്ന് കൗൺസിലറുടെ നേതൃത്വത്തിൽ കെഎസ്ഇബിയിലേക്ക് മാർച്ചും നടത്തിയിരുന്നു. 

എന്നാൽ കഴിഞ്ഞ ദിവസം ഒരു മുന്നറിയിപ്പും കൂടാതെ വേങ്ങത്താനത്തെ പവനൻ എം.എസ്, സണ്ണി മണർകാട്ട് എന്നിവരുടെ കണക്ഷൻ കട്ട് ചെയ്യാൻ അധികൃതർ വരികയും വാർഡ് കൗൺസിലറും ചെയർമാനും നാട്ടുകാരും ചേർന്ന് ഇവരെ തടയുകയും പോലീസ് സ്ഥലത്തു എത്തി സംഘർഷം ഒഴിവാകുകയും ചെയ്തു. 

തുടർന്ന് മുനിസിപ്പൽ ചെയർമാന്റെ ചേമ്പറിൽ ചർച്ച നടന്നെങ്കിലും അധികൃതരുടെ കടുംപിടുത്തം മൂലം ചർച്ച പരാജയപ്പെട്ടിരുന്നു. തുടർന്ന് ഇന്ന് നടന്ന ചർച്ചയിൽ പരാതിക്കാരുടെ ആവശ്യങ്ങൾ പരിഹരിക്കാം എന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഉറപ്പു നൽകി. 

ജൂലൈ മാസത്തിനു മുൻപ് ഒരു വർഷത്തെ ഡീറ്റൈൽഡ് ബിൽ പരാതിക്കാർക്കു നൽകാം എന്നും കുടിശിക തുക 24 മാസം കൊണ്ട് അടക്കുന്നതിനു തവണകൾ നൽകാനും ഈ തുകക്ക് പലിശ ഈടാക്കില്ല എന്നും അധികൃതർ അറിയിച്ചു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കു എതിരെ കർശന നടപടി ഉണ്ടാകും എന്നും അറിയിച്ചു. 

ഈ പോരാട്ടത്തിൽ ഒറ്റ കെട്ടായി നിന്ന ഈ പ്രേദേശത്തെ മുഴുവൻ ആളുകളെയും പ്രേത്യേകം അഭിനന്ദിക്കുന്നതായി ചെയർമാൻ സനീഷ് ജോർജും വാർഡ് കൗൺസിലർ കെ ദീപകും അറിയിച്ചു. 

പ്രശ്നത്തിലിടപെടൽ ആവശ്യപ്പെട്ട് ഉപഭോക്താക്കൾ കഴിഞ്ഞ ദിവസം മന്ത്രി റോഷി അഗസ്റ്റിനു പരാതി നൽകിയിരുന്നു. റോഷി ഇന്ന് രാവിലെ വൈദ്യുതി മന്ത്രിയുമായും ചർച്ച നടത്തിയിരുന്നു. 

മന്ത്രി തല ഇടപെടലാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നിലപാട് അയവു വരുത്തിയതെന്നു കരുതുന്നു.

Advertisment