Advertisment

ഗുരുവായൂര്‍ മധുര എക്‌സ്പ്രസിലെ യാത്രക്കാരനെ കടിച്ചതു പാമ്പു തന്നെ പാമ്പുകടിയേറ്റ യുവാവിന് ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്ന്  മെഡിക്കല്‍ കോളജ് അധികൃതര്‍. ഗുരുവായൂരില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന സമയത്ത് പാമ്പ് കയറിയതാകാമെന്നാണു റെയില്‍വേ ഉദ്യോഗസ്ഥര്‍ കോച്ചില്‍ ദ്വാരം കണ്ടെത്തിയത് ട്രെയില്‍ യത്രക്കാരുടെ സുരക്ഷയെ ആശങ്കയിലാക്കുന്നു.

New Update
Screenshot-18186-696x328 (1).png

കോട്ടയം: ഗുരുവായൂര്‍ മധുര എക്‌സ്പ്രസിലെ യാത്രക്കാരനെ കടിച്ചതു പാമ്പു തന്നെ, പാമ്പുകടിയേറ്റ യുവാവിന്റെ ആരോഗ്യനിലയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍.

കടിയേറ്റ തെങ്കാശി സ്വദേശി കാര്‍ത്തിക്ക് സ്വഞ്ചരിച്ചിരുന്ന കോച്ചില്‍ ദ്വാരം കണ്ടെത്തിയതായി യാത്രക്കാര്‍ അധികൃതരെ അറിയിച്ചു. പാമ്പിനെ കണ്ടതായി കടിയേറ്റ യുവാവ് പറഞ്ഞ സാഹചര്യത്തില്‍ പാമ്പുകടിച്ചതിനുള്ള ചികിത്സ നല്‍കിയെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

Advertisment

 പാമ്പുകടിയേറ്റ യുവാവിന്റെ ആരോഗ്യനിലയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കടിച്ചത് പാമ്പാണോ എലിയാണോ എന്ന കാര്യത്തില്‍ റെയില്‍വേയും ആര്‍.പി.എഫും ആദ്യം സംശയം പ്രകടിപ്പിച്ചെങ്കിലും ട്രെയിനില്‍ പാമ്പിനെ കണ്ടെന്നു സഹയാത്രക്കാര്‍ പറഞ്ഞതോടെ അത് സ്ഥിരീകരിക്കുകയായിരുന്നു.



തിങ്കളാഴ്ച രാവിലെ 9.30ന് ഏറ്റുമാനൂരില്‍ വച്ചായിരുന്നു സംഭവം. ഞായറാഴ്ച രാത്രി പതിനൊന്നരയോടെ ഗുരുവായൂരില്‍ നിന്നും യാത്ര ആരംഭിച്ച ഗുരുവായൂര്‍ മധുര എക്‌സ്പ്രസിലെ ഏഴാം നമ്പര്‍ ബോഗിയിലെ യാത്രക്കാരന്‍ തെങ്കാശി സ്വദേശി കാര്‍ത്തിക്കിനാണു പാമ്പ് കടിയേറ്റത്. ട്രെയിന്‍ ഏറ്റുമാനൂരില്‍ എത്തിയപ്പോള്‍ തന്റെ കാലില്‍ എന്തോ കടിച്ചെന്നു കാര്‍ത്തിക് സഹയാത്രികരോട് പറയുകയായിരുന്നു. പാമ്പാണു കടിച്ചതെന്നു യാത്രക്കാരന്‍ പറഞ്ഞെങ്കിലും എലിയാകും എന്ന സംശയവുമുണ്ടായി. തുടര്‍ന്ന് ഇയാളെ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

യാത്രക്കാരനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയ ശേഷം ഏഴാം നമ്പര്‍ ബോഗി സീല്‍ ചെയ്ത ശേഷമാണു ട്രെയിന്‍ യാത്രതുടര്‍ന്നത്.

ഗുരുവായൂരില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന സമയത്ത് പാമ്പ് കയറിയതാകാമെന്നാണു റെയില്‍വേ ഉദ്യോഗസ്ഥര്‍ അനൗദ്യോഗികമായി നല്‍കുന്ന വിശദീകരണം. ഗുരുവായൂരില്‍ എത്തുന്ന ഈ ട്രെയിനില്‍ ആള്‍ക്കാര്‍ കയറാതിരിക്കാന്‍ എല്ലാ ബോഗികളും പൂട്ടിയിടുകയാണു പതിവ്.

 രാത്രിയില്‍ ട്രെയിന്‍ യാത്ര ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുമ്പു മാത്രമാണു ബോഗികള്‍ തുറക്കുന്നത്. ഇതിനിടയില്‍ എപ്പോഴെങ്കിലുമാകും ട്രെയിനില്‍ പാമ്പ് കയറിയതെന്നാണ് അനുമാനം. എലി, പാറ്റ തുടങ്ങിയവയുടെ ശല്യം ട്രെയിന്‍യാത്രയില്‍ പതിവാണെന്നു യാത്രക്കാര്‍ പറയുന്നു. ഇതോടൊപ്പം യാത്രക്കാരനു പാമ്പ് കടിയേറ്റെന്ന സംഭവം യാത്രക്കാരുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ഗുരുതരമായ ആശങ്ക ഉയര്‍ത്തുന്നുണ്ട്.

Advertisment