Advertisment

വേനല്‍ ചൂട് താങ്ങാന്‍ വയ്യ. വളര്‍ത്തു മൃഗങ്ങളങ്ങള്‍ക്കും അലങ്കാര പക്ഷികളിലും രോഗം പിടിപെടുന്നതു വ്യാപകമാകുന്നു. പൂച്ചകളിലും നായ്ക്കളിലും കണ്ടുവരുന്നതു വരണ്ട ചര്‍മ്മവും രോമം കൊഴിച്ചിലും. മൃഗാശുപത്രികളില്‍ വന്‍ തിരിക്ക്

New Update
pets

കോട്ടയം: ശക്തമായ വേനലിനെ തുടര്‍ന്നു വളര്‍ത്തു മൃഗങ്ങളങ്ങള്‍ക്കും അലങ്കാര പക്ഷികള്‍ക്കും രോഗങ്ങള്‍ പിടിപെടുന്നതു പതിവാകുന്നു. പൂച്ച, പലതരം അലങ്കാര പക്ഷികള്‍, നായകള്‍, അലങ്കാര മീനുകള്‍ തുടങ്ങിയവ ഉഷ്ണരോഗ ഭീഷണിയിലാണ്. വളര്‍ത്തു പക്ഷികളിലും പൂച്ചകളിലും നായ്ക്കളിലും വരണ്ട ചര്‍മ്മവും രോമം കൊഴിച്ചിലും വ്യാപകമായി. 

Advertisment

ജില്ലയില മൃഗാശുപത്രികളില്‍ വളര്‍ത്തു മൃഗങ്ങളുമായി എത്തുന്നവരുട എണ്ണം കഴിഞ്ഞ രണ്ടു മാസം കൊണ്ടു വര്‍ധിച്ചിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം കന്നുകാലികള്‍ക്കു രോഗം പിടിപെടുന്നതു വര്‍ധിച്ചിട്ടുണ്ട്. 

പശു, പോത്ത് തുടങ്ങിയ കന്നുകാലിളില്‍ നിര്‍ജലീകരണമുള്‍പ്പടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളാണു വ്യാപകമാകുന്നത്. കോഴി, താറാവ് എന്നിവയില്‍ വൈറസ് രോഗവും വ്യാപിക്കുന്നുണ്ട്. 

കന്നുകാലികളിലെ നിര്‍ജലീകരണം പാലുത്പാദനത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ട്. ചൂട് മൂലം പക്ഷി മൃഗങ്ങള്‍ക്കു വിശപ്പും പ്രതിരോധ ശേഷിയും കുറയും. വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും ശരീരത്തില്‍ നിന്നും ധാതു ലവണങ്ങള്‍ നഷ്ടമാകുന്നതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നത്.

പ്രത്യേക ശ്രദ്ധ നല്‍ക്കാത്ത പക്ഷികള്‍ കനത്ത ചൂടില്‍ തളര്‍ന്നു വീണു മരിക്കുന്ന സംഭവങ്ങള്‍ അടക്കം ഉണ്ടായിട്ടുണ്ട്.  മൃഗങ്ങള്‍ ശരീരതാപനില കുറയ്ക്കാന്‍ ഒരു പരിധിവരെ സ്വയം മുന്‍കരുതല്‍ സ്വീകരിക്കുന്നുണ്ടെങ്കിലും പക്ഷികള്‍ക്ക് ഇതിനുള്ള കഴിവില്ല. ശരീരതാപത്തെക്കാള്‍ ഒരു ഡിഗ്രി ഉയര്‍ന്നാല്‍ പോലും കുഴഞ്ഞു വീഴാനുള്ള സാധ്യത കൂടുതലാണ്.

വേനല്‍ക്കാലത്ത് അരുമ മൃഗങ്ങളുടെ പരിപാലനം

  • വളര്‍ത്തു മൃഗങ്ങള്‍ക്ക്  എല്ലായ്‌പ്പോഴും  ശുദ്ധമായ  തണുത്ത ജലം കുടിയ്ക്കാന്‍ പാകത്തിന് എല്ലാസമയത്തും  ലഭ്യമാണെന്ന് ഉറപ്പാക്കുക.
  • പകല്‍ സമയത്തു അടച്ചിട്ടതും വായു സഞ്ചാരമില്ലാത്തതുമായ മുറികളില്‍ അരുമമൃഗങ്ങളെ  പാര്‍പ്പിക്കരുത്.
  • ഫാനുകളോ എയര്‍ കൂളറുകളോ ഉള്ള മുറികളില്‍  പകല്‍ സമയങ്ങളില്‍ അരുമ മൃഗങ്ങളെ പാര്‍പ്പിക്കുന്നതു അഭികാമ്യം ആയിരിക്കും.
  • രോമം കൂടിയ ഇനത്തില്‍ പെട്ട അരുമ മൃഗങ്ങളെ  വേനല്‍ക്കാലത്തു ഗ്രൂമിംഗിന് വിധേയമാക്കി അവയുടെ രോമക്കെട്ടുകളുടെ അളവു കുറയ്ക്കുന്നത് ചൂട് കുറക്കുന്നതിന് സഹായകരമാകും.
  • കോണ്‍ക്രീറ്റ്/ ടിന്‍ ഷീറ്റുകൊണ്ടുള്ള  കൂടുകളുടെ മേല്‍ക്കൂരകളില്‍ നനഞ്ഞ ചണം ചാക്ക് വിരിക്കുന്നതും ഇടയ്ക്കിടയ്ക്ക് ചാക്കില്‍ വെള്ളം തളിക്കുന്നതും കൂടുകളില്‍ ചൂട് കുറക്കുന്നതിനു സഹായകരമായിരിക്കും.
  • രാവിലെ ഒന്‍പതു മുതല്‍  വൈകിട്ട് നാല് വരെയുള്ള സൂര്യപ്രകാശത്തിനു ചൂട് വളരെ കൂടുതലായതിനാല്‍ അവയെ പാര്‍പ്പിച്ചിരിക്കുന്ന കൂടുകളില്‍ നേരിട്ട് സൂര്യപ്രകാശം പതിയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
  • ശുദ്ധമായ കുടിവെള്ളത്തോടൊപ്പം വിറ്റാമിന്‍ തുള്ളിമരുന്നുകള്‍ നല്‍കുന്നതു ചൂടുകാലത്തു ഓമന മൃഗങ്ങള്‍ക്കുണ്ടാകുന്ന  അസുഖങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ സഹായകരമായിരിക്കും.
  • ചൂട് കൂടിയ  ഉച്ച സമയങ്ങളില്‍  ആഹാരം നല്‍കാതെ ചൂട്കുറവുള്ള സമയങ്ങളില്‍  പ്രത്യേകിച്ചു  രാവിലെയും വൈകിട്ടും  പല നേരങ്ങളിലായി എളുപ്പം ദഹിക്കുന്ന ആഹാരം നല്‍കുന്നതാണു നല്ലത്.
  • അടച്ചിട്ട കാറുകളില്‍ അരുമ മൃഗങ്ങളെ  ഒറ്റക്കാക്കി ഉടമസ്ഥര്‍ പുറത്തുപോകരുത്.
  • വളര്‍ത്തു മൃഗങ്ങളുമായുള്ള വാഹനത്തിലെ യാത്രകള്‍ കഴിവതും രാവിലെയും വൈകിട്ടുമായി ക്രമീകരിക്കേണ്ടതാണ്.
  • യാത്രകളുടെ ഇടവേളകളില്‍  ശുദ്ധമായ കുടിവെള്ളം നല്‍കേണ്ടതാണ്.
  • ചൂട് കൂടിയ പകല്‍ സമയങ്ങളില്‍ റോഡിലോ കോണ്‍ക്രീറ്റ് നടപ്പാതയിലോ അരുമ മൃഗങ്ങളെ നടത്തരുത്.
  • ചൂട് കുറഞ്ഞ രാവിലെയും വൈകിട്ടും മാത്രം അരുമ മൃഗങ്ങളെ നടത്താനും വ്യായാമത്തിനും കൊണ്ട് പോകാന്‍ ശ്രദ്ധിക്കേണ്ടതാണ്.
Advertisment