തേഞ്ഞിപ്പാലം പോക്സോ കേസ്: രണ്ടു പ്രതികളെയും കോടതി വെറുതെ വിട്ടു

New Update
qatar verdict.jpg

കോഴിക്കോട്: മലപ്പുറം തേഞ്ഞിപ്പാലം പോക്സോ കേസിൽ രണ്ടു പ്രതികളെയും കോഴിക്കോട് പോക്സോ കോടതി വെറുതെ വിട്ടു. ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്തത് വിചാരണയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് പ്രോസിക്യൂഷൻ നിലപാട്. പെൺകുട്ടിയെ ബന്ധുക്കളായ ചെറുപ്പക്കാർ പീഡിപ്പിച്ചുവെന്നാണ് കേസ്.

2017 ലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. മൂന്ന് വർഷത്തിന് ശേഷം 2020ലാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. ബന്ധുക്കളടക്കം ആറു പേരായിരുന്നു കേസിലെ പ്രതികൾ. ഇതിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹാലോചനയുമായി വന്ന യുവാവിനോടാണ് പെൺകുട്ടി പീഡനവിവരം ആദ്യം വെളിപ്പെടുത്തുന്നത്, കേസിൻ്റെ അന്വേഷണ ഘട്ടത്തിൽ 2022 ൽ പെൺകുട്ടി ആത്മഹത്യ ചെയ്തു. കോടതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ സാധിക്കാത്തത് കേസിൽ പ്രതികൂലമായി ബാധിച്ചു.

പെൺകുട്ടിയുടെ മാതാവിൻ്റെ മൊഴിയും കോടതി രേഖപ്പെടുത്തിയില്ല, കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലും, മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പൊലീസിന് വീഴ്ച്ച സംഭവിച്ചതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പോക്സോ കേസിൽ പൊലീസ് പാലിക്കേണ്ട നടപടിക്രമങ്ങൾ ഈ കേസിൽ പാലിച്ചില്ലെന്നും യൂണിഫോം ധരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുക്കാൻ പോയതെന്നും റിപ്പോട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു, പെൺകുട്ടിയുടെ ആത്മഹത്യയെ തുടർന്ന് മാനസികമായ തകർന്നുപോയ മാതാവും ഇളയ സഹോദരനും തല ചായ്ക്കാൻ ഒരു കൂര പോലുമില്ലാതെ തെരുവിലിറങ്ങേണ്ട സാഹചര്യത്തിലാണ്.

Advertisment
Advertisment