Advertisment

രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് സംസ്‌കൃതവും

New Update
rajeev chandrasekhar sancrit campaign

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വേറിട്ട വോട്ടഭ്യര്‍ത്ഥനയുമായി നാട്ടുകാരിലേക്ക് ഇറങ്ങിയിരിക്കുകയാണ് ബിജെപി ജില്ലാ ഉപാധ്യക്ഷനും തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറുമായ കരമന അജിത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനു വേണ്ടി സംസ്‌കൃത ഭാഷയിലുള്ള പ്രചാരണ ബാനറുകള്‍ സ്ഥാപിച്ചും വീടും തോറും ലഘുലേഖകള്‍ വിതരണം ചെയ്തുമാണ് അജിത്തിന്റെ പ്രചാരണം.

Advertisment

കേരളത്തില്‍ തന്നെ അപൂര്‍വ്വമായി സംസ്‌കൃതം നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ഒട്ടേറെ കൂടുംബങ്ങള്‍ കഴിയുന്ന നെടുങ്കാട്ടിലെ വിവിധ തെരുവുകളിലാണ് സംസ്‌കൃത ഭാഷയിലുള്ള തിരഞ്ഞെടുപ്പു പ്രചാരണം. 

സിംഗിള്‍ സ്ട്രീറ്റ്, ശങ്കരന്‍ സുബ്ബയ്യ സ്ട്രീറ്റ്, ശിവന്‍ കോവില്‍ സ്ട്രീറ്റ്, ഡി ബി സ്ട്രീറ്റ് തുടങ്ങിയ തെരുവുകളിലാണ് സംസ്‌കൃത ഭാഷയില്‍ തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയത്. ഇവിടെ നിരവധി കുടുംബങ്ങളാണ് വീട്ടിലും നാട്ടിലും സംസ്‌കൃതം സംസാര ഭാഷയായി ഉപയോഗിക്കുന്നത്.

സംസ്‌കൃതം ഉപയോഗിക്കുന്ന ചായക്കട പോലും ഇവിടെയുണ്ട്. ഭാഷ പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി സംസ്‌കൃത ക്ലാസുകളും ഇവിടെ നടന്നു വരുന്നുണ്ട്. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി അജിത് മുന്‍കൈ എടുത്ത് ഭാഷാ ന്യൂനപക്ഷ സമ്മേളനവും ഇവിടെ സംഘടിപ്പിച്ചിരുന്നു.

2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കരമന വാര്‍ഡില്‍ നിന്നും വിജയിച്ച കരമന അജിത് സംസ്ഥാനത്ത് ആദ്യമായി സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റ് ചരിത്രം സൃഷ്ടിച്ച ആള്‍ കൂടിയാണ്. ഇപ്പോള്‍ നഗരസഭയില്‍ നെടുങ്കാട് വാര്‍ഡിനെ പ്രതിനിധീകരിക്കുന്നു.

Advertisment