Advertisment

ലുലു മാളില്‍ ഒരു മതത്തിന്റെയും പ്രാര്‍ത്ഥന വേണ്ടെന്ന്‌ നിര്‍ദേശം ! ലക്‌നൗവിലെ പുതിയ മാളില്‍ നോട്ടീസ് പതിച്ച് മാള്‍ അധികൃതര്‍. ഒരു വിഭാഗം ആളുകള്‍ നിസ്‌കരിക്കുന്ന ദൃശ്യം പുറത്തായതോടെ മാളിനെതിരെ പ്രതിഷേധിച്ച് ഹിന്ദു മഹാസഭ ! പ്രതിഷേധത്തിന് പിന്നാലെ സുന്ദരകാണ്ഡം പാരായണം ചെയ്യാനും നീക്കം. പ്രതിഷേധങ്ങള്‍ തുടരുന്നതോടെ ഒരു വിധ പ്രാര്‍ത്ഥനയും വേണ്ടെന്ന് നിര്‍ദേശം

author-image
Charlie
New Update

publive-image

ഡല്‍ഹി: വിവാദങ്ങള്‍ക്ക് പിന്നാലെ ലക്‌നൗവിലെ പുതിയ മാളില്‍ എല്ലാ വിഭാഗത്തിലെയും പ്രാര്‍ത്ഥനയ്ക്ക് വിലക്കേര്‍പ്പെടുത്തി അധികൃതര്‍. മാളിനുള്ളില്‍ ഇതു കാണിച്ച് നോട്ടീസും പതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പുതുതായി ഉദ്ഘാടനം ചെയ്ത മാളില്‍ ഇസ്ലാം മതവിശ്വാസികള്‍ നമസ്‌ക്കരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Advertisment

ഇതിനു പിന്നാലെ അഖില ഭാരത ഹിന്ദുസഭ എന്ന സംഘടന പ്രതിഷേധവുമായി എത്തിയിരുന്നു. പൊതു ഇടങ്ങളില്‍ നമസ്‌ക്കാരം പാടില്ലെന്ന് വ്യവസ്ഥയുണ്ടെന്നും മാളിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെ സുന്ദരകാണ്ഡം പാരായണം ചെയ്യാനും നീക്കമുണ്ടായിരുന്നു.

ഹിന്ദു സമാജ് പാര്‍ട്ടിക്കാരായിരുന്നു മാളിന്റെ പ്രവേശന കവാടത്തില്‍ ഇതിനു തുനിഞ്ഞത്. ഇത് പോലീസ് തടയുകയും കേസെടുക്കുകയും ചെയ്തിരുന്നു.

മാള്‍ തുറന്ന് മൂന്നാം ദിവസമാണ് വിവാദം തുടങ്ങിയത്. ഇസ്ലാം മത വിശ്വാസികള്‍ മാളിനുള്ളില്‍ നമസ്‌ക്കരിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. ഇതിനു പിന്നാലെയാണ് പ്രതിഷേധം ഉയര്‍ന്നത്.

ദൃശ്യങ്ങള്‍ മാളിലെ അല്ലെന്നായിരുന്നു ആദ്യം അധികൃതര്‍ പറഞ്ഞത്. പിന്നീട് ഹിന്ദു മഹാസഭാ അധികൃതര്‍ രംഗത്ത് വരികയും മാളിനെതിരെ പരാതി നല്‍കുകയുമായിരുന്നു. അതിനിടെ ഉത്തരേന്ത്യയിലെ പ്രാദേശിക മാധ്യമങ്ങളില്‍ ലുലു മാളിനെതിരെ വാര്‍ത്തകളും വന്നു.

മാളിലെ ജീവനക്കാരുടെ മതമടക്കം പറഞ്ഞായിരുന്നു ആ വാര്‍ത്തകള്‍. ഇത് കൂടി വന്നതോടെയാണ് മാളധികൃതര്‍ പരാതി നല്‍കിയത്. ലുലു ഗ്രൂപ്പിന്റെ ഉത്തര്‍പ്രദേശിലെ ആദ്യ മാള്‍ ജൂലൈ 10 നാണ് ലക്‌നൗവില്‍ തുറന്നത്.

Advertisment