Advertisment

രാജസ്ഥാനിലാര്, വസുന്ധരയോ പൈലറ്റോ?; തെലങ്കാനയില്‍ ആത്മവിശ്വാസത്തോടെ ടിആര്‍എസ് ; മധ്യപ്രദേശിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ആര് ?

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ജയ്‍പൂര്‍: 2013 തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബിജെപി സര്‍ക്കാരാണ് രാജസ്ഥാനിലേത്. എന്നാല്‍ ഭരണം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ സമയം ജനങ്ങള്‍ രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്. വസുന്ധര രാജെ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് വാഗ്‍ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്നാണ് ജനങ്ങള്‍ വ്യക്തമാക്കുന്നത്. കുടിവെള്ളം, വീട്, തൊഴില്‍ തുടങ്ങിയവയെല്ലാം ഇന്നും രാജസ്ഥാന്‍ ജനതയ്ക്ക് വെല്ലുവിളിയായിരിക്കുകയാണ്.

Advertisment

അതേസമയം കോണ്‍ഗ്രസ് 2018 നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുമെന്ന് ഭൂരിപക്ഷം അഭിപ്രായ സര്‍വ്വേകളും വ്യക്തമാക്കുന്നു. ഭരണ വിരുദ്ധ വികാരം തന്നെയാണ് ഇതിന് പ്രധാന കാരണെമന്നും സര്‍വ്വേകള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. 2013 തിരഞ്ഞെടുപ്പില്‍ ബിജെപി ആകെയുള്ള 200 സീറ്റുകളില്‍ 163 സീറ്റുകളിലും വിജയിച്ചാണ് അധികാരത്തിലെത്തിയത്. അന്നത്തെ ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് 21 സീറ്റിലേക്കും മറ്റുള്ളവര്‍ 16 സീറ്റിലേക്കും ഒതുങ്ങുകയായിരുന്നു. 2008 ല്‍ അധികാരത്തിലെത്തിയ കോണ്ഡഗ്രസ് 96 സീറ്റും ബിജെപി 78 സീറ്റുകളും മറ്റുള്ളവര്‍ 26 സീറ്റുകളുമായിരുന്നു നേടിയത്.

publive-image

രാജസ്ഥാന്‍ ജനത ആഗ്രഹിക്കുന്ന മാറി മാറിയുള്ള ഭരണം

രാജസ്ഥാനിലെ വിവിധ തിരഞ്ഞെടുപ്പുകളിലേക്ക് എത്തിനോക്കുകയാണെങ്കില്‍ മാറി മാറിയുള്ള ഭരണത്തെയാണ് രാജസ്ഥാന്‍ ജനത ആഗ്രഹിക്കുന്നത്. 1949 മുതല്‍ 1989 വരെ രാജസ്ഥാനില്‍ തുടര്‍ച്ചയായ കോണ്‍ഗ്രസ് ഭരണമായിരുന്നു.പിന്നീട് രാജസ്ഥാനിലെ ജനങ്ങള്‍ മാറി മാറിയുള്ള ഭരണത്തെ തിരഞ്ഞെടുക്കുന്നതായിരുന്നു. ഭൈറോണ്‍ സിംഗ് ശേഖാവത്ത്, അശോക് ഗെഹ്ലോട്ട് എന്നിവരായിരുന്നു മുന്‍ മുഖ്യമന്ത്രിമാര്‍.

തെലങ്കാനയില്‍ ആത്മവിശ്വാസത്തോടെ ടിആര്‍എസ്

വളരെ ആത്മവിശ്വാസത്തോടെ നിയമസഭ പിരിച്ചു വിട്ട മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്‍റെ തീരുമാനം എത്രമാത്രം ശരിയെന്ന് തെളിയാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. ഈ തിരഞ്ഞെടുപ്പില്‍ മറ്റു പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന ചില വെല്ലുവിളികള്‍ അതിജീവിക്കാന്‍ ടിആര്‍എസിന് കഴിയുമോ എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.

ഡിസംബര്‍ ഏഴിനാണ് തെലങ്കാനയിലെ തിരഞ്ഞെടുപ്പ് നടന്നത്. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി, കോണ്‍ഗ്രസ്, തെലങ്കാന ജനസമിതി, തെലുങ്കു ദേശം പാര്‍ട്ടി തുടങ്ങിയവയാണ് പ്രധാന രാഷ്‍ട്രീയ കക്ഷികള്‍. എന്നാല്‍ ഇത്തവണ പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ്, ടിജെഎസ്, ടിഡിപി, സിപിഐ എന്നിവര്‍ ഒരുമിച്ചാണ് ടിആര്‍എസിനെ പ്രതിരോധിക്കാന്‍ ഇറങ്ങിയത്. ആന്ധ്രാപ്രദേശിനെ വിഭജിച്ച് 2014 ജൂണ്‍ 2 രൂപികരിച്ച തെലങ്കാനയിലെ ആകെ ജനസംഖ്യ 3 കോടി 51 ലക്ഷമാണ്.

publive-image

തെലങ്കാന നിയമസഭയില്‍ ആകെയുള്ള 119 സീറ്റുകളില്‍ 18 എണ്ണം പട്ടിക ജാതി വിഭാഗത്തിനായും ഒന്‍പത് എണ്ണം പട്ടിക വര്‍ഗ്ഗ വിഭാഗത്തിനായും സവരണം ചെയ്തിരിക്കുകയാണ്. അതേസമയം 2 കോടി 80 ലക്ഷം വോട്ടര്‍മാരാണ് തെലങ്കാനയില്‍ ഉള്ളത്. ഇതില്‍ ഒരു കോടി 38 ലക്ഷം പുരുഷന്മാരും ഒരു കോടി 35 ലക്ഷം സ്ത്രീകളും 2,663 ട്രാന്‍സ്‍ജെന്‍ഡര്‍മാരും ആണുള്ളത്.

മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ നേതൃത്വത്തിലുള്ള ടിആര്‍എസിന് 90 സീറ്റുകളും ഉത്തം കുമാര്‍ റെഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് 14 സീറ്റുകളാണുള്ളത്. അതേസമയം ടിഡിപിക്ക് രണ്ട് സീറ്റുകളും മജ്‍ലിസ് പാർട്ടിക്ക് ഏഴ് സീറ്റുകളും നേടിയപ്പോള്‍ ബിജെപി അഞ്ച് സീറ്റില്‍ ഒതുങ്ങേണ്ടിവന്നു.

മധ്യപ്രദേശിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ആര് വിജയിക്കും?

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സെമിഫൈനല്‍ മത്സരം എന്നാണ് അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നത്. അഞ്ചില്‍ മൂന്ന് സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണ്. എന്നാല്‍ 2013 തിരഞ്ഞെടുപ്പിലെ പോലെ 2018 തിരഞ്ഞെടുപ്പ് ബിജെപിക്ക് അത്ര എളുപ്പമാവില്ലെന്നാണ് വിലയിരുത്തല്‍.

രാജ്യത്തെ ഏറ്റവും വലിയ സംസ്ഥനങ്ങളിലൊന്നായ മധ്യപ്രദേശില്‍ കഴിഞ്ഞ മൂന്നുതവണയായി ബിജെപിയാണ് ഭരിക്കുന്നത്. ഇത്തവണ ബിജെപിയുടെ ഭരണത്തെ വേരോടെ പിഴുതെറിയാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം. ആകെയുള്ള 230 സീറ്റുകളിലെ ബഹുഭൂരിപക്ഷത്തിലും കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ പോരാടുകയാണ്. അ‌ഞ്ചു കോടി വോട്ടര്‍ മാരുടെ വിധി ഇരു ദേശീയ പാര്‍ട്ടികള്‍ക്കും നിര്‍ണായകമാകുകയാണ്.

കഴിഞ്ഞ 15 പതിനഞ്ചു വര്‍ഷത്തെ ബിജെപി ഭരണം മധ്യപ്രദേശിന്‍റെ മുഖഛായ തന്നെ മാറ്റിമറിച്ചു എന്നു തന്നെയാണ് ബിജെപിയുടെ വാദം. ഇതു തന്നെ ചൂണ്ടിക്കാട്ടിയാണ് 2018 ലെ തിരഞ്ഞെടുപ്പിനെയും ബിജെപി നേരിടുന്നത്. ബിജെപി വികസനത്തിന്‍റെ വക്താക്കളെന്നും അതുകൊണ്ടു തന്നെയാണ് ഇത്തവണയും ശിവരാജ് സിങ് ചൗഹാനെ മുന്നില്‍ നിര്‍ത്തുന്നത്.

publive-image

മധ്യപ്രദേശില്‍ പ്രചാരണ പോരാട്ടത്തിന് കരുക്കള്‍ നീക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമാണ്. 2019 ല്‍ മോദിക്ക് നിര്‍ണായകമാകുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. ഈ കാരണം കൊണ്ടുതന്നെയാണ് അദ്ദേഹം തന്നെ നേരിട്ട് പ്രചാരത്തിന് ചുക്കാന്‍ പിടിച്ചത്.

കോണ്‍ഗ്രസ് തങ്ങളുടെ നാല് തലമുറയ്ക്കായി സൂക്ഷിച്ച നോട്ടുകള്‍ നിരോധനത്തിലൂടെ ഇല്ലാതായതറിഞ്ഞ് ഇപ്പോള്‍ വിലപിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തുന്നു. സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കൊപ്പമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിലെത്തുന്ന 2022 ല്‍ ഭവനരഹിതരായി ആരും കാണില്ലെന്നു മോദി പറയുന്നു. ഇത്തരത്തിലുള്ള പ്രചാരണവുമായാണ് മോദി രംഗത്തെത്തിയത്.

Advertisment