Advertisment

മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ ജയിച്ചാൽ സര്‍ക്കാര്‍ ജീവനക്കാര്‍ ശാഖയില്‍ പോകുന്നത് നിര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ്

author-image
admin
New Update

Advertisment

മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ശാഖയില്‍ പോകുന്നത് നിര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പത്രികയിലാണ് ഇക്കാര്യം പറയുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ പരിസരത്തോ ആര്‍.എസ്.എസ് ശാഖ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പത്രികയില്‍ കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ 12 വര്‍ഷമായി ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശാഖയില്‍ പങ്കെടുക്കാനുള്ള അനുമതിയുണ്ട്. ഉദ്യോഗസ്ഥര്‍ ശാഖയില്‍ പോകുന്നത് വിലക്കിക്കൊണ്ട് 1981ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉത്തരവിറക്കുകയും 2000ത്തില്‍ ദ്വിഗ് വിജയസിങ്ങിന്റെ കാലത്ത് ഉത്തരവ് പുനരുജ്ജീവിപ്പിക്കുകയും ചെയ്തിരുന്നു. ശാഖയില്‍ പോയാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ മധ്യപ്രദേശ് സിവില്‍ സര്‍വീസ് നിയമപ്രകാരം നടപടിയെടുക്കുമെന്നായിരുന്നു ഉത്തരവ്.

2006 സെപ്റ്റംബറിലാണ് മുഖ്യമന്ത്രിയായി വന്ന ശിവരാജ് സിങ് ചൗഹാന്‍ ആര്‍.എസ്.എസിനെ സാമൂഹിക-സാംസ്‌ക്കാരിക സംഘടനയാക്കി നിരോധനം നീക്കിയത്. അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മധ്യപ്രദേശില്‍ സര്‍ക്കാരിന് പ്രത്യേക ആധ്യാത്മിക വകുപ്പുണ്ടായിരിക്കുമെന്നും സംസ്‌കൃത ഭാഷാ വികസനത്തിന് പ്രത്യേക പദ്ധതികളൊരുക്കുമെന്നും കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറയുന്നുണ്ട്.

എല്ലാ പഞ്ചായത്തുകളിലും ഗോശാലകള്‍ നിര്‍മ്മിക്കുമെന്നും, വാണിജ്യാടിസ്ഥാനത്തില്‍ ഗോമൂത്രം ഉത്പാദിപ്പിക്കുമെന്നും ഗോവധ നിരോധനം എടുത്തുകളയാനുള്ള നീക്കത്തിനെതിരെ പോരാടുമെന്നും കോണ്‍ഗ്രസ് പത്രികയില്‍ പറയുന്നുണ്ട്.

Advertisment