Advertisment

ജനാധിപത്യത്തിന്റെ പേരില്‍ കുട്ടിക്കളി നടത്തുന്ന ബിജെപി നടപടി പരിഹാസ്യം ; ഫെവികോള്‍ ഒഴിച്ച ശേഷം അതില്‍ ഇരിക്കുകയാണ് അവര്‍ ചെയ്യേണ്ടത് ; ശിവസേനയെ പിളര്‍ത്താന്‍ ശ്രമിച്ചാല്‍ മഹാരാഷ്ട്ര ഉറങ്ങില്ല ; വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ ; അജിത് പവാറിനെതിരെ നടപടിയെടുക്കുമെന്ന് ശരദ് പവാര്‍

New Update

മുംബൈ : ബിജെപി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്‍സിപി നേതാവ് അജിത് പവാറിനെതിരെ നടപടിയെടുക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍. വൈകിട്ട് നാലിന് എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് പുതിയ നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കുമെന്നും പവാര്‍ പറഞ്ഞു. എൻസിപിക്കും ശിവസേനയ്ക്കും മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ അംഗബലമുണ്ട്. 170 എംഎൽഎമാർ ഒപ്പമുണ്ടെന്നും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ ഒപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ പവാർ വ്യക്തമാക്കി.

Advertisment

publive-image

ഒക്‌ടോബര്‍ 30-ന് അജിത് പവാറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. ഏതെങ്കിലും അന്വേഷണ ഏജന്‍സിയെ ഭയന്നാണോ അജിത് പവാര്‍ ബിജെപിക്കൊപ്പം ചേര്‍ന്നതെന്ന് അറിയില്ലെന്നു ശരദ് പവാര്‍ പറഞ്ഞു. 11 എംഎല്‍എമാരാണ് രാജ്ഭവനില്‍ സത്യപ്രതിജ്ഞയ്ക്കു പോയത്.

അവരില്‍ മൂന്നു പേരാണ് ഇപ്പോള്‍ തന്റെയൊപ്പം ഇരിക്കുന്നതെന്നും പവാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എംഎല്‍എമാര്‍ ഒപ്പിട്ട പട്ടിക എല്ലാ പാര്‍ട്ടികളുടെയും പക്കലുണ്ട്. നിയമസഭാ കക്ഷി നേതാവ് എന്ന നിലയില്‍ അജിത് പവാറിന്റെ കൈയില്‍ എന്‍സിപി എംഎല്‍എമാരുടെ പട്ടികയുണ്ടായിരുന്നു. ഈ പട്ടികയാവാം ഗവര്‍ണര്‍ക്കു മുന്നില്‍ സമര്‍പ്പിച്ചതെന്നാണു കരുതുന്നത്. ഇക്കാര്യം ഗവര്‍ണറുമായി ചര്‍ച്ച ചെയ്യുമെന്നും പവാര്‍ പറഞ്ഞു.

ജനാധിപത്യത്തിന്റെ പേരില്‍ കുട്ടിക്കളി നടത്തുന്ന ബിജെപി നടപടി പരിഹാസ്യമാണെന്നു ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. ഫെവികോള്‍ ഒഴിച്ച ശേഷം അതില്‍ ഇരിക്കുകയാണ് അവര്‍ ചെയ്യേണ്ടത്.

ഹരിയാനയിലും ബിഹാറിലും ജനാധിപത്യം അട്ടിമറിക്കുകയാണു ബിജെപി ചെയ്തത്. മഹാരാഷ്ട്രയ്ക്കു നേരെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കാണിത്. ജനങ്ങള്‍ അതിനെ നേരിടുമെന്നും ഉദ്ദവ് പറഞ്ഞു. ശിവസേനയെ പിളര്‍ത്താന്‍ ശ്രമിച്ചാല്‍ മഹാരാഷ്ട്ര ഉറങ്ങില്ലെന്നും ഉദ്ധവ് വെല്ലുവിളിച്ചു

Advertisment