Advertisment

ധീരയായ പോരാളിയായി വന്നു, രജിത്തുമായി അങ്കം വെട്ടി ! രജിത്തിനെ വിറപ്പിച്ച് തലയെടുപ്പോടെ മടങ്ങി. ജസ്ല മാടശ്ശേരിയെന്ന വള്ളുവനാട്ടുകാരി !

New Update

ബിഗ് ബോസ്സ് വീട്ടിലേയ്ക്ക് അവളെത്തിയത് ഒരു കൊടുങ്കാറ്റായി. പരിചയപ്പെടാനും പരിചയപ്പെടുത്താനുമുള്ള തിരക്കിനിടയിലും അവളുടെ കണ്ണുകള്‍ അയാളെ കണ്ടെത്തി. കണ്ണുകള്‍ പരസ്പരം അങ്കം കുറിച്ചു.പുരികക്കൊടികള്‍ ചുരികകളായി.

Advertisment

മാമാങ്ക ചാവേറുകള്‍ കച്ചമുറുക്കി ചുരികവീശിയ കഥകളുറങ്ങുന്ന വള്ളുവനാട്ടുനിന്നും ബിഗ്ബോസ്സ് വീട്ടില്‍ മാടശ്ശേരിയിലെ ജസ്‌ല എത്തിയത് ''ചില കണക്കുകള്‍ പറയാനും ചില കാര്യങ്ങള്‍ ചോദിയ്ക്കാനും'' പിന്നെ വേറെ ലവലിലേയ്ക്ക് കളികള്‍ കൊണ്ടുപോകാനും കണക്കുകൂട്ടി.!

publive-image

ഏകാന്തപഥികനായ രജിത്തിന്റെ കപടആദര്‍ശ മുഖംമുടി അനാവരണം ചെയ്യാനാവാതെ വിഷമിച്ചിരുന്ന ബിഗ്ബോസ്സ് വീട്ടിലെ അന്തേവാസികള്‍ക്ക് ആശ്വാസമായി ജസ്ല രജിത്തിനെതിരെ പടനയിച്ചു.

ജസ്ലയുടെ വാക്കുകള്‍ അഗ്നിസ്ഫുല്ലിംഗങ്ങളായി രജിത്തിനെ പൊള്ളിച്ചുതുടങ്ങി. രജിത്തിനോട് നേര്‍ക്ക് നേര്‍ നിന്ന് ഉറുമിയും ചുരികയും പയറ്റി. പലപ്പോഴും രജിത്ത് തന്ത്രപരമായ പിന്‍വാങ്ങലോ ഒഴിഞ്ഞുമാറലോ നടത്തുന്നത് കാണാമായിരുന്നു.

രജിത്തിനെ ചില സമയങ്ങളില്‍ വലിയ പ്രതിരോധത്തിലാക്കി ഈ കുട്ടി. ഇടം വലം തിരിയാന്‍ സമ്മതിയ്ക്കാതെ വാപൊളിയ്ക്കാന്‍ സമ്മതിയ്ക്കാതെ രജിത്തിനെ വിഷമിപ്പിച്ചു

ജസ്ലയുടെ വാക്ശരങ്ങളാല്‍ രജിത്തിന് മുറിവേറ്റിട്ടും അത് പുറത്ത് കാണ്യ്ക്കാതെ അക്ഷോഭ്യനായി നിന്ന് എതിരാളിയെ ക്ഷീണിപ്പിയ്ക്കുന്ന തന്ത്രപരമായ കളി. 'ഇതൊക്കെ എത്ര കണ്ടതാ കൊച്ചേ' എന്ന നിലപാടുതറയിലെ സാമൂതിരിയായി രജിത്ത്.

കളികളുടെ ലവലുകള്‍ മാറിമറിയുന്നത് പ്രേക്ഷകര്‍ കണ്ടു. ജസ്ലയുടെ അടുത്ത ചുവടുകള്‍, അടവുകള്‍, പയറ്റുമുറകള്‍ എന്തായിരിയ്ക്കും എന്ന്‌ പ്രേക്ഷകരെ ഉത്ക്കണ്ഠാകുലരാക്കിയിരുന്നു.

ഇയ്ക്ക് ബിഗ്ബോസ്സ് വീട്ടിലെത്തിയ പവനെന്ന അതിഥി ജസ്ലയെ മസിലുപെരുപ്പിച്ച് വിരട്ടിയത് പ്രേക്ഷകരെ അരിശം പിടിപ്പിച്ചിരുന്നു. വളരെ മോശമായ ഭാഷാശൈലി പ്രയോഗങ്ങളും ഭാവഹാവാദികളും പവന്റെ സ്വത്വം കാണിച്ചു കൊടുത്തു.

ജസ്ല ബിഗ്ബോസ്സ് വീട്ടില്‍ നിന്നും പോയത് വന്നത് പോലെ അപ്രതീക്ഷിതമായി.! രജിത്തുമായി പോരാട്ടം പുറത്ത്‌തുടരുമെന്ന സൂചനയും കൊടുത്തിട്ടാണ് തലയെടുപ്പോടെ ആ കുട്ടി പോയതെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

Advertisment