Advertisment

പ്രേക്ഷക ഹൃദയം കീഴടക്കിയ 'ലോനപ്പന്റെ മാമ്മോദീസ'

author-image
രാജീവ് മുല്ലപ്പള്ളി
Updated On
New Update

ലോനപ്പൻ നമ്മളിൽ ഒരാളാണ്... ജീവിത ദുഃഖങ്ങൾ ഓരോന്നോരോന്നായി അനുഭവിക്കേണ്ടി വന്ന ഒരു ഹതഭാഗ്യൻ.... ഒട്ടേറെ കഴിവുകളുണ്ടായിട്ടും ജീവിതം പച്ച പിടിക്കാതെ പോയ പച്ചയായ ഒരു നാട്ടിൻപുറത്തുകാരൻ....

Advertisment

പഠന കാലത്ത് സകലകലാവല്ലഭൻ.... അക്കാലത്ത് അത്രക്ക് മിടുക്കന്മാരല്ലാതിരുന്ന ചില സതീർത്ഥ്യർ ജീവിതത്തിൽ പലതും വെട്ടിപ്പിടിച്ചു എന്ന് ഒരു പൂർവ്വ വിദ്യാർത്ഥി സംഗമ വേളയിൽ മനസ്സിലാക്കുമ്പോൾ മാത്രമാണ് തന്റേത് ഒരു പാഴ്ജന്മമായിരുന്നു എന്ന പരമാർത്ഥം ലോനപ്പൻ തിരിച്ചറിയുന്നത്.

publive-image

പെൻ & പേപ്പർ ക്രിയേഷൻസിനു വേണ്ടി ഷിനോയ് മാത്യു നിർമ്മിച്ച്, ലിയോ തദേവൂസ് സംവിധാനം ചെയ്തു പുറത്തിറക്കിയിട്ടുള്ള "ലോനപ്പന്റെ മാമ്മോദീസ'' എന്ന കുടുംബചിത്രത്തിന്റെ കഥയുടെ പോക്ക് ഇങ്ങനെയാണ്.

ആനയും അമ്പാരിയുമില്ലാതെ, തീ പാറുന്ന സംഘട്ടന രംഗങ്ങളില്ലാതെ കുടുംബ സമേതം കാണാൻ കൊള്ളാവുന്ന ഒരു നല്ല ഫാമിലി എന്റർടെയിനർ എങ്ങനെ പുറത്തിറക്കാം എന്നതാണ് ലിയോ തദേവൂസ് ഈ സിനിമയിലൂടെ കാട്ടിത്തരുന്നത്.

publive-image

സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇതിലെ ഒട്ടു മിക്ക കഥാപാത്രങ്ങളും നമുക്കു ചുറ്റും ഇപ്പോഴും വേറെ കോലത്തിൽ ചുറ്റിത്തിരിയുന്നതു കാണാം.

ഇതിലെ ലോനപ്പൻ എന്ന കഥാപാത്രത്തിന് ഒരു "അന്തിക്കാട്" ടച്ചുണ്ടെന്നു പറയാതെ വയ്യ. കാരണം ഇത്തരം കഥാപാത്രങ്ങളെ സുരക്ഷിതമായി ഏല്പിക്കാവുന്നത് ജയറാമിനെയാണല്ലോ? ലോനപ്പനായി ജയറാം ജീവിക്കുകയായിരുന്നു എന്നു തന്നെ വേണം പറയാൻ. പ്രേക്ഷകരുടെ മനം നിറയുന്ന മട്ടിലാണ് ലോനപ്പനിലേക്കുള്ള അദ്ദേഹത്തിന്റെ പരകായ പ്രവേശം.

ഹാസ്യത്തിൽ നിന്നു ചുവടു മാറ്റാനൊരുങ്ങുന്ന ഹരീഷ് കണാരനാണ് അഭിനയത്തിന്റെ കാര്യത്തിൽ എടുത്തു പറയാവുന്ന മറ്റൊരാൾ.

publive-image

ഇന്നസെന്റ്, അന്നാ രാജൻ, ശാന്തികൃഷ്ണ, അലൻസിയർ, ജോജു ജോർജ്ജ്, കലാഭവൻ ജോഷി, ഇവ പവിത്രൻ, നിഷ സാരംഗ് തുടങ്ങിയവരാണ് ഇതിൽ ലോനപ്പനോടൊപ്പം മാമ്മോദീസ മുങ്ങാനെത്തുന്നത്.

നിലവിലുള്ള ഒന്നിനെ ഒരു പുതിയ സൃഷ്ടിയായി മാറ്റുന്ന പ്രകിയയാണല്ലോ മാമ്മോദീസ? സമൂഹത്തിന് പുതിയൊരു സന്ദേശം നൽകാൻ ഇതിലൂടെ തനിയ്ക്കായി എന്ന് രചയിതാവും, സംവിധായകനുമായ ലിയോ തദേവൂസിന് തീർച്ചയായും അഭിമാനിക്കാം.

publive-image

സുധീർ സുരേന്ദ്രന്റെ ഛായാഗ്രഹണം എടുത്തു പറയേണ്ട ഒന്നാണ്. കാലടിക്കടുത്തുള്ള മഞ്ഞപ്ര എന്ന ഗ്രാമത്തിന്റെ വശ്യഭംഗി ഒട്ടും ചോരാതെ ഒപ്പിയെടുക്കുന്നതിൽ അദ്ദേഹം വിജയിച്ചു. അതുപോലെ തന്നെ ശ്രുതിമധുരമാണ് അൽഫോൺസ് ജോസഫിന്റെ സംഗീതവും. രഞ്ജൻ എബ്രഹാമിന്റെ എഡിറ്റിംഗും ഉന്നത നിലവാരം പുലർത്തുന്നുണ്ട്.

അല്ലറ ചില്ലറ പോരായ്മകളൊക്കെയുണ്ടെങ്കിലും, "അമലോൽഭവ വാച്ച് റിപ്പയറിംഗ് കട"യും, ആ കൊച്ചു ഗ്രാമവും, അവിടത്തെ കഥാപാത്രങ്ങളും നമ്മളെ കുറച്ചു കാലം കൂടി വിടാതെ പിന്തുടരുന്നത്, അവർ നമ്മുടെ ഹൃദയങ്ങളിൽ ചേക്കേറിക്കഴിഞ്ഞു എന്നതിനു തെളിവാണ്.

റേറ്റിങ്ങ് : 8/10

Advertisment