Advertisment

'ഒരു നേർക്കാഴ്ച' കേരള പോലീസിന്റെ അസാധാരണ ബോധവൽക്കരണ ചിത്രം

New Update

ഹരി കടത്തും ഉപയോഗവും വർദ്ധിച്ചിരിക്കുന്ന ഇന്നത്തെ സാമൂഹ്യ സാഹചര്യത്തിൽ വിദ്യാർത്ഥി തലമുറക്ക് ജീവിതാനുഭവത്തിന്റെ കാഴ്ചപ്പാട് പകരുകയാണ് കോഴിക്കോട് സിറ്റി പോലീസിനു വേണ്ടി സുധി കൃഷ്ണൻ സംവിധാനം ചെയ്ത 'ഒരു നേർക്കാഴ്ച' എന്ന മുപ്പത് മിനിറ്റ് ചിത്രം.

Advertisment

പോലീസ് സംരംഭത്തിൽ പുറത്തിറങ്ങിയ ബോധവൽക്കരണ ചിത്രങ്ങളിൽ, യുട്യൂബിൽ ഒരു മില്യൺ പ്രേക്ഷകർ കണ്ട ചിത്രം എന്ന ബഹുമതിയും 'ഒരു നേർക്കാഴ്ച'ക്കുണ്ട്. പ്രമേയം കൊണ്ടും അവതരണം കൊണ്ടും സമകാലിക സവിശേഷതയാലുംഈ സിനിമ വേറിട്ടുനിൽക്കുന്നു. സംസ്ഥാനത്തൊട്ടാകെ നിരവധി വിദ്യാലയങ്ങളിലും, റെസിഡൻസ് അസോസിയേഷനുകളിലും, വിവിധ സർക്കാർ പ്രോഗ്രാമുകളിലും ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.

publive-image

<സുധി കൃഷ്ണൻ>

ഒരു കൗമാര കൂട്ടവും ലഹരിക്ക് ഇരകളെ തേടുന്ന ചെറുപ്പക്കാരനും ആ ചെറുപ്പക്കാരന്റെ വലയിൽ തന്ത്രപരമായി വീണ ഒരു കോളേജ് വിദ്യാർത്ഥിയും ഹൃദയ സ്പര്‍ശിയായ കഥ പറയുന്നു. അതോടൊപ്പം ആണ്‍-പെണ്‍ ഭേദമില്ലാതെയാണ്‌ ഇന്ന്‌ കുട്ടികളിലെ മദ്യ -മയക്കുമരുന്ന് ഉപയോഗം. ലഹരി ലോകത്ത് ആരും ചര്‍ച്ച ചെയ്യപ്പെടാത്ത ആ നിഗൂഢ വഴികൾ ഈ ചെറു സിനിമ ചൂണ്ടിക്കാട്ടുന്നു.

ചുറ്റും പ്രലോഭനങ്ങൾ നിറഞ്ഞ ഇന്നത്തെ സാമൂഹ്യ ജീവിത ക്രമത്തിന്റെ നേർസാക്ഷ്യമാണിത്. ലഹരി നുണയുമ്പോൾ കാഴ്ചയ്ക്കും ചിന്തകള്‍ക്കും മാറ്റം വരും. മുന്നില്‍ കാണുന്നതെല്ലാം വിവിധ വര്‍ണ്ണങ്ങളില്‍ തോന്നിപ്പിക്കും. സ്വര്‍ഗ്ഗം ഭുമിയില്‍ തന്നെയാണോ എന്നുള്ള രീതിയിലേക്ക് ഇവ കുട്ടികളെ കൊണ്ട് ചെന്നെത്തിക്കുന്നു. ഈ സങ്കല്പ ലോകം കണ്ടാണ് കോളേജ് കുട്ടികൾ ലഹരിക്കാരുടെ മുന്നിലെത്തുക.

കഥാപാത്രത്തിന്റെ ധർമ പുത്രൻ എന്ന പരിഹാസ പേരും കൂട്ടുകാരുടെ കളിയാക്കലും മാത്രമല്ല അതിനു കാരണം.അതൊരു അലങ്കാര സൂചകം മാത്രമാണ്. രക്ഷിതാക്കളുടെ കണ്ണിൽ പെടാതെ പോകുന്ന അതിശക്തമായ ഒരു ലോബി അധികൃതർ പോലും കാണാത്തതാണ്. വൈവിധ്യ അനുഭവങ്ങളുടെ സങ്കേതമാണ് ഓരോ കലാലയവും.

അവിടെ സഹവാസത്തിന്റെ,സല്ലാപത്തിന്റെ, സഹ പഠനത്തിന്റെ വഴിക്കണ്ണ് പിഴച്ചാലും ലക്ഷ്യബോധം നഷ്ടമാകും. വീടുകളില്‍നിന്നുള്ള അവഗണന, ടീച്ചറിന്റെ ശകാരം, പ്രണയനൈരാശ്യം തുടങ്ങി ഒരു പുതിയ പരീക്ഷണമെന്ന നിലയിലാവാം ലഹരി ഉപയോഗിക്കുന്നത്‌. ഇതിന്‌ പ്രധാന കാരണം പണലഭ്യതതന്നെ.

സ്‌കൂൾ-കോളേജ് കുട്ടികൾക്ക് എന്തിനു പോക്കറ്റ്മണി നൽകുന്നു എന്നതും അവരുടെ കയ്യിൽ പണം ഏതുവഴിക്ക് വരുന്നു എന്നതും ഈ സിനിമ ചോദിച്ചു തുടങ്ങുന്ന സ്വകാര്യങ്ങളാണ്. ലഹരിസ്ഥിരമായി ഉപയോഗിച്ചുതുടങ്ങുമ്പോള്‍ സാമൂഹ്യവിരുദ്ധ മാനസികാവസ്ഥയുണ്ടാകുന്നു. കിട്ടാൻ വഴിയില്ലാതാകുമ്പോൾ വികാരങ്ങള്‍ മരവിക്കുന്നു. അഥവാ മൃഗീയത പുറത്തുവരുന്നു. നല്ല കൂട്ടു നടപ്പിന്റെ മാതൃകകളില്ലാതാകുമ്പോള്‍, സമപ്രായക്കാര്‍ അപഥസഞ്ചാരികളാകുമ്പോള്‍ കുട്ടികള്‍ ലഹരിക്കടിമപ്പെടുന്നു.

publive-image

പിന്നീട് അവരുടെ സ്വഭാവമാറ്റത്തോട്‌ രക്ഷിതാക്കള്‍ പൊരുത്തപ്പെടുകയല്ലാതെ മാർഗമുണ്ടാകില്ല. എല്‍ പി മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികളില്‍ നല്ലൊരു വിഭാഗം മദ്യമുള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്ന വസ്തുത പോലീസിന് നല്ലപോലെ അറിയാം.

ചില രക്ഷിതാക്കൾക്കെങ്കിലും ഇത് അവിശ്വസനീയമായും തോന്നാം. ലഹരി പദാർത്ഥങ്ങളുടെ ആവശ്യകത കുറച്ചു കൊണ്ടുവരുന്നതിനും അത് വിതരണം ചെയ്യുന്നവരെ പിന്തുടർന്ന് പിടികൂടുകയുകയും ചെയ്യുന്ന പോലീസ്-എക്സൈസ് വിഭാഗത്തെ കർത്തവ്യ നിരതമാക്കാനും ഈ സിനിമ പ്രചോദിതമാണ്.

ലഹരി എവിടെയുംവ്യാപകമാണെന്നും സംസ്ഥാനത്തെ കലാലയങ്ങള്‍ സമ്പൂര്‍ണ ലഹരി വിമുക്തമാക്കുന്നതിനായി ‘ക്ലീന്‍ ക്യാമ്പസ്' എന്ന മുദ്രാവാക്യമുയർത്തി ആത്മാർത്ഥതയോടും പ്രതിബദ്ധതയോടും കൂടി പ്രവര്ത്തിച്ച് ലക്ഷ്യം നേടാനും ഈ ചിത്രം ഒരു ഉണർത്തലായി മാറിയെങ്കിൽ എന്ന ആശയാണ് സംവിധായകൻ സുധി കൃഷ്ണനുള്ളത്.

ജുഡിഷ്യൽ ഡിപ്പാർട്ട്മെന്റിനു വേണ്ടിയും, വനിതാ വികസന കോർപ്പറേഷനു വേണ്ടിയും ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് സുധി. മക്കളുടെ നല്ല ഭാവിയും സംസ്‌കാര സമ്പന്നതയും ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്കും ദിനേന യാന്ത്രികമായി മാത്രം കലാലയങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും ഞെട്ടിക്കുന്ന കാഴ്ചകൾ ഇതിലുണ്ട്.

മദ്യ-മയക്കുമരുന്ന് മാഫിയ കച്ചവടത്തിന് വിദ്യാര്‍ഥികളെ സമര്‍ഥമായി ഉപയോഗപ്പെടുത്തുന്ന ഇക്കാലത്ത് ഇതൊരു സന്ദേശവും ഓർമപ്പെടുത്തലുമാണ്. മാതാപിതാക്കളുടെ അശ്രദ്ധയും സന്താനങ്ങളെ സംബന്ധിച്ച അവരുടെ അതിരുകവിഞ്ഞ ആത്മ വിശ്വാസവുമാണ് വിദ്യാര്‍ഥികള്‍ ലഹരി വാഹകരാകുന്നതിന്റെ കാരണം.

ഒരു ലഹരി മിഠായിയിൽ നിന്നു തുടങ്ങി പിന്നീടങ്ങോട്ട് വീര്യമുള്ളവ പോലും മതിയാവാതെ വരുന്ന ഒരു തലമുറയെ ജീവിത പരിസരത്തു നിന്നും മാറ്റിയെടുക്കേണ്ട വലിയ ഉത്തരവാദിത്വം എല്ലാനന്മ മനസ്സുകൾക്കും ഉണ്ടെന്ന പുരോഗമന-നവീകരണ ആശയം പകർന്നാണ് ചിത്രം അവസാനിക്കുന്നത്.

Advertisment