Advertisment

'എന്നെയും അറസ്റ്റ് ചെയ്യൂ', ബംഗാളില്‍ നാടകീയ രംഗങ്ങള്‍; സിബിഐ ഓഫീസില്‍ പറന്നെത്തി മമത ബാനര്‍ജി- വീഡിയോ

New Update

കൊല്‍ക്കത്ത: നാരദ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് ബംഗാളില്‍ നാടകീയ നീക്കങ്ങള്‍. കേസുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാരെ സിബിഐ അറസ്റ്റ് ചെയ്തതിനു പിന്നാലെ മുഖ്യമന്ത്രി മമത ബാനര്‍ജി സി.ബിഐ ആസ്ഥാനത്തെത്തി.

Advertisment

publive-image

ഇന്ന് രാവിലെയാണ് മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം, സുബ്രതോ മുഖര്‍ജി എന്നിവരെയും തൃണമൂല്‍ എംഎല്‍എ മദന്‍ മിത്ര, മുന്‍ എംഎല്‍എ സോവന്‍ ചാറ്റര്‍ജി എന്നിവരെ സിബിഐ കസ്റ്റഡിയിലെടുത്തത്. കൊല്‍ക്കത്തയുടെ മുന്‍ മേയറായ സോവന്‍ ചാറ്റര്‍ജി 2019ല്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നുവെങ്കിലും മാര്‍ച്ചില്‍ ബിജെപിയില്‍ നിന്നും രാജിവെച്ചിരുന്നു.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മന്ത്രി ഫിര്‍ഹാദ് ഹക്കീമിനെ സിബിഐ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെയാണ് മന്ത്രിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ മമത ബാനര്‍ജി സിബിഐ ഓഫീസില്‍ എത്തിയത്.

'നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. സിബിഐക്ക് വേണമെങ്കില്‍ എന്നെയും അറസ്റ്റ് ചെയ്യാം'- മമത ബാനര്‍ജി പറഞ്ഞു. സിബിഐ ഓഫീസിന് മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നതിനിടെ, 45 മിനിറ്റ് നേരം മമത ബാനര്‍ജി അവിടെ ചെലവഴിച്ചതായി തൃണമൂല്‍ കോണ്‍ഗ്രസ് അഭിഭാഷകന്‍ പറയുന്നു.

അറസ്റ്റിലായ തൃണമൂല്‍ മന്ത്രി ഫിര്‍ഹാദ് ഹക്കീമിന്റെ വീട്ടിലെത്തിയതിനു ശേഷമാണ് മമത സിബിഐ ആസ്ഥാനത്ത് എത്തിയത്. പ്രതികള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പുറത്തുവന്നത്. സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് ഇവര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തു കൊണ്ടുവന്നത്.

എംഎല്‍എമാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി വാങ്ങിയില്ല എന്ന ആക്ഷേപമാണ് ഉയരുന്നത്. പകരം അനുമതിക്കായി സിബിഐ ഗവര്‍ണറെ സമീപിക്കുകയായിരുന്നു. ജനുവരിയിലാണ് സിബിഐ ഗവര്‍ണറെ സമീപിച്ചത്.

തനിക്ക് മുന്നില്‍ 2011ല്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തവര്‍ ആയതുകൊണ്ട് ഇവര്‍ക്ക് എതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാന്‍ സിബിഐക്ക് അനുമതി നല്‍കാന്‍ അധികാരമുണ്ടെന്നാണ് ഗവര്‍ണറുടെ വാദം. കഴിഞ്ഞ മമത സര്‍ക്കാരിന്റെ കാലത്ത് 2014ലാണ് നാലുമന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നതിന്റെ വീഡിയോ പുറത്തുവന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്ന മുകുള്‍ റോയിയും സുവേന്ദു അധികാരിയും അടക്കമുള്ളവര്‍ സാങ്കല്‍പ്പിക കമ്പനിയുടെ പ്രതിനിധികളില്‍നിന്ന് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു നാരദ സ്റ്റിങ് ഓപ്പറേഷന്‍ വീഡിയോ.

2016 ല്‍ പശ്ചിമ ബംഗാളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് വീഡിയോ പുറത്തുവന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ മുകുള്‍ റോയ് 2017 ല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. സുവേന്ദു അധികാരിയും പിന്നീട് ബിജെപിയില്‍ ചേര്‍ന്നു.

mamatha banerjee mamatha banerjee speaks
Advertisment