ഓസ്ട്രേലിയയില്‍ മഞ്ജു വാര്യര്‍ ഷോ മുന്നറിയിപ്പില്ലാതെ മാറ്റിവച്ചു. ഷോ റദ്ദാക്കിയ കാര്യം താരം അറിയുന്നത് പെർത്തിലെത്തിയ ശേഷം. പതിനായിരങ്ങള്‍ മുടക്കി ടിക്കറ്റെടുത്തവര്‍ വെട്ടിലായി ?

ന്യൂസ് ബ്യൂറോ, ഓസ്ട്രേലിയ
Friday, April 27, 2018

ഓസ്ട്രേലിയ : പെർത്തിൽ 27ന്‌ നടക്കേണ്ട മെഗാ സ്റ്റേജ് ഷോ മുടങ്ങി. മഞ്ജു വാര്യർ സ്റ്റേജ് ഷോ നടത്താൻ ഓസ്ട്രേലിയയില്‍ എത്തിയ ശേഷമാണ് പരിപാടി മുടങ്ങിയത് . ഇന്ന് (27ന്‌) നടക്കേണ്ട മെഗാ ഷോ 28 ലേക്ക് മാറ്റിവച്ചെന്നാണ്‌ സംഘാടകരുടെ അറിയിപ്പ് .

എന്നാൽ പരിപാടിയില്‍ പങ്കെടുക്കേണ്ട പിന്നണി കലാകാരന്മാർക്ക് നിശ്ചയിച്ച സമയത്ത് വരാന്‍ പറ്റാതിരുന്നതാണ് പരിപാടി മുടങ്ങാന്‍ കാരണമെന്ന് പറയുന്നു. ഇവര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയെങ്കിലും ഇവര്‍ക്ക് യാത്രാനുമതി ലഭിച്ചില്ലത്രെ.

ഇതോടെ ഇവര്‍ക്ക് മടങ്ങേണ്ടിവന്നു. പരിപാടിയിലെ 7 ടെക്നീഷ്യന്മാരാണ്‌ ഇനി എത്താനുള്ളത്. പെർത്തിൽ ഇന്നു നടക്കുന്ന പരിപാടി മുടങ്ങിയതോടെ പരിപാടിക്ക് ടിക്കറ്റ് എടുത്ത പ്രവാസി മലയാളികൾക്ക് പണം മടക്കി കൊടുക്കേണ്ട ഗതികേടിലാണ് സംഘാടകര്‍ .

ഏറെ നാൾ മുമ്പ് നേഴ്സുമാരും, ജോലിക്കാരും ഇന്നത്തെ പരിപാടി കാണാൻ ലീവ് എടുത്തിരുന്നതാണ് . അപ്രതീക്ഷിതമായി പരിപാടി മാറ്റിയതിനാൽ മാറ്റിയ ദിവസത്തേക്ക് ജോലിയുള്ളവർക്ക് ഇനി ലീവ് കിട്ടില്ല. ജോലിക്ക് പോകുന്നവർക്ക് പരിപാടിക്ക് എത്തുവാൻ സാധിക്കാത്തതിനാൽ നാളെ നടക്കുന്ന പരിപാടിക്ക് ആളും കുറയും.

ഓസ്ട്രേലിയയിലെ നിയമ പ്രകാരം ഉടൻ ഒരു ജീവനക്കാരന്‌ അവധി ലഭിക്കത്തില്ല. കൂട്ടമായി സിക്ക് ലീവ് എടുത്താലും പിടി വീഴും. വ്യാജ സിക്ക് ലീവുകൾ എടുത്ത് മുമ്പ് പല പരിപാടിക്കും പോയവരേ വീഡിയോ, ഫോട്ടൊ, സി.സി.ടി.വി തെളിവുകൾ വയ്ച്ച് പിടികൂടുകയും ജോലിയിൽ നിന്നും പിരിച്ചു വിട്ട സംഭവവും ഉണ്ടായിട്ടുണ്ട്.

ഇതോടെ വന്‍ തുക മുടക്കി ടിക്കറ്റ് എടുത്ത മലയാളികള്‍ വെട്ടിലാകും. 2കുട്ടികൾ ഉള്ള ഒരു കുടുംബത്തിന്‌ ടിക്കറ്റ് നിരക്ക് 18000 രൂപവരെയായിരുന്നു . പ്ളാറ്റിനം ടിക്കറ്റിന്‌ 15000 രൂപയും . ഗോൾഡ് ടിക്കറ്റിന്‌ 12000 രൂപ. ഇത്രയും മുടക്കി ടിക്കറ്റെടുത്തവര്‍ പണം വെറുതെ കളയാന്‍ തയ്യാറല്ല .

ഒരു സ്റ്റേജില്‍ മഞ്ജുവിനെ പങ്കെടുപ്പിക്കാന്‍ മാത്രം 20 ലക്ഷത്തിലേറെ രൂപ ചിലവ് വരുമെന്ന് പറയുന്നു. അതുപോലെ 8 സ്റ്റേജുകളിലാണ് താരം പങ്കെടുക്കുന്നത് . ഇതോടെ മഞ്ജുവിനായി മാത്രം 1.6 കോടിയോളം ചിലവാകും . ഇതാണ് ടിക്കറ്റ് നിരക്കുയരാന്‍ കാരണം .

×