Advertisment

മുന്നണി മാറാനില്ല; മുംബൈ സന്ദർശനം വ്യക്തിപരം. വിശദീകരണവുമായി മാണി സി കാപ്പന്‍

New Update

publive-image

Advertisment

പാലാ: മുംബൈ സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നും തികച്ചും വ്യക്തിപരമാണെന്നും എൻസികെ സംസ്ഥാന പ്രസിഡൻ്റും നിയുക്ത പാലാ എംഎൽഎയുമായ മാണി സി കാപ്പൻ പറഞ്ഞു. രാഷ്ട്രീയ എതിരാളികളാണ് ഇതേക്കുറിച്ച് തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നത്.

സ്വകാര്യ ആവശ്യത്തിനാണ് മുംബൈയിൽ പോയത്. മുംബൈയ്ക്ക് പോകുന്ന കാര്യം സംബന്ധിച്ചു പ്രതിപക്ഷ നേതാവ് ചെന്നിത്തലയെ ധരിപ്പിച്ചിരുന്നു. ശസ്ത്രകിയ കഴിഞ്ഞ് വിശ്രമിക്കുന്ന എൻസിപി ദേശീയ അധ്യക്ഷൻ ശരത്പവാറിനെ കാണാൻ പോയിരുന്നു.

39 വർഷമായി അദ്ദേഹവുമായി അടുത്ത ബന്ധമാണ് ഉള്ളത്. അദ്ദേഹത്തെ നേരിൽ കാണാൻ സാധിച്ചില്ല. എന്നാൽ അദ്ദേഹവുമായി ഫോണിൽ സംസാരിക്കാൻ സാധിച്ചു. അണുബാധ ഉണ്ടാകാനിടയുള്ളതിനാൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം പവാറിനെ നേരിൽ സന്ദർശിക്കുന്നതിന് വിലക്കുള്ളതിനാലാണ് നേരിൽ കാണാൻ കഴിയാതെ പോയത്.

പവാറിൻ്റെ പുത്രി സുപ്രിയ സുലേയെ കാണാൻ സാധിക്കുകയും പവാറിൻ്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു വിശദമായി ആരായുകയും ചെയ്തു. ആ അവസരത്തിൽ എടുത്ത ഫോട്ടോ അവർ സാമൂഹ്യ മാധ്യങ്ങളിൽ പങ്കുവച്ചിരുന്നു.

ഇത് ഉപയോഗിച്ചാണ് തെറ്റായ വാർത്ത പരത്തിയത്. അടുത്ത വ്യക്തി ബന്ധം പുലർത്തുന്ന പ്രഫുൽ പട്ടേലിനെയും സന്ദർശിച്ചിരുന്നു. വ്യക്തിബന്ധം കാത്തു സൂക്ഷിക്കുന്ന ആളാണ് താനെന്നും കാപ്പൻ വ്യക്തമാക്കി.

അതിനാൽ സന്ദർശനത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് മാണി സി കാപ്പൻ പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങൾ വളച്ചൊടിക്കുന്ന നിലപാട് മാന്യതയ്ക്ക് ചേർന്ന നടപടിയല്ല. എൻസികെ യുഡിഎഫിലെ ഘടകകക്ഷിയാണ്. യുഡിഎഫ് നയപരിപാടികൾക്കൊപ്പം എൻസികെ പ്രവർത്തിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു.

കാപ്പന്‍റെ മുംബൈ സന്ദര്‍ശനം ഇടതുപക്ഷത്തെത്തി മന്ത്രിയാകാനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നുവെന്ന് പ്രചരണമുണ്ടായിരുന്നു.  എന്‍സിപി വഴി ഇടതുപക്ഷത്തെത്തി എകെ ശശിധരന് പകരം തന്നെ മന്ത്രിയാക്കുമെങ്കില്‍ മാണി സി കാപ്പന്‍ എന്‍സികെ വിട്ട് എന്‍സിപിയിലെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കാപ്പന്‍റെ പ്രതികരണം.

pala news mani c kappan
Advertisment