‘കോണ്‍ഗ്രസിനൊപ്പമുള്ള മുന്‍കാല അനുഭവങ്ങള്‍ ശുഭകരമായിരുന്നില്ല ;കോണ്‍ഗ്രസ് സ്വയം നേട്ടമുണ്ടാക്കിയതല്ലാതെ ഞങ്ങള്‍ക്ക് കാര്യമുണ്ടായില്ല.’; രാജ്യത്തെവിടേയും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് മായാവതി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, January 12, 2019

ലക്‌നൗ: കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നതിനാലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്.പി പരാജയപ്പെട്ടതെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. രാജ്യത്ത് അഴിമതി തുടര്‍ക്കഥായാവാന്‍ കാരണം കോണ്‍ഗ്രസ് സര്‍ക്കാരുകളാണെന്നും മായാവതി പറഞ്ഞു.

‘കോണ്‍ഗ്രസിനൊപ്പമുള്ള മുന്‍കാല അനുഭവങ്ങള്‍ ശുഭകരമായിരുന്നില്ല. കോണ്‍ഗ്രസ് സ്വയം നേട്ടമുണ്ടാക്കിയതല്ലാതെ ഞങ്ങള്‍ക്ക് കാര്യമുണ്ടായില്ല.’

രാജ്യത്തെവിടേയും കോണ്‍ഗ്രസുമായി സഖ്യം ചേരേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. എസ്.പി-ബി.എസ്.പി സഖ്യത്തില്‍ വോട്ടുകള്‍ ഏകീകരിക്കപ്പെടുമെന്നും മായാവതി പറഞ്ഞു.ഈ സഖ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടേയും ഉറക്കം കെടുത്തുമെന്ന് മായാവതി പറഞ്ഞു.

‘1993ല്‍ അന്നത്തെ ബി.എസ്.പി അധ്യക്ഷന്‍ കാന്‍ഷി റാമും മുലായാം സിങ് യാദവും യു.പി തെരഞ്ഞെടുപ്പിനെ ഒരുമിച്ചു നേരിടുകയും വിജയിക്കുകയും ചെയ്തു. ഡോ. ബി.ആര്‍ അംബേദ്കറുടെ കാലടികള്‍ പിന്തുടര്‍ന്ന് അന്നത്തെ ഫലം ഇത്തവണ കൊണ്ടുവരാനാണ് ബി.എസ്.പി തീരുമാനിച്ചിരിക്കുന്നത്.’ എന്നുപറഞ്ഞാണ് മായാവതി വാര്‍ത്താസമ്മേളനം തുടങ്ങിയത്.

37 വീതം സീറ്റുകളില്‍ എസ്.പിയും ബി.എസ്.പിയും മത്സരിക്കുമെന്നതാണ് നിലവിലെ തീരുമാനം. ഈ മാസം ആദ്യം നടന്ന ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികളും സീറ്റ് സംബന്ധിച്ച ധാരണയില്‍ എത്തിയിരുന്നു.

×