മീ ടൂ ക്യാമ്പയിന്‍; നടന്‍ മുകേഷിനെതിരായ വെളിപ്പെടുത്തലില്‍ ഉറച്ച് ടെസ് ജോസഫ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, October 11, 2018

me too campaign tessa joseph against mukesh

ദില്ലി: നടനും എംഎല്‍എയുമായ മുകേഷിനെതിരെ നടത്തിയ ‘മീ ടു’ ആരോപണത്തില്‍ ഉറച്ച് ചലച്ചിത്ര പ്രവർത്തക ടെസ് ജോസഫ്. അന്ന് തനിക്കൊപ്പം ഉണ്ടായിരുന്നവർ ഇന്നും ഒപ്പമുണ്ടെന്ന് ടെസ് വ്യക്തമാക്കി.  നടനും ഇടത് എംഎല്‍എയുമായ മുകേഷിനെതിരെ ട്വിറ്ററില്‍ ഉന്നയിച്ച ആരോപണം ടെസ് ആവര്‍ത്തിച്ചു.  ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടര്‍ ആണ് ടെസ് ജോസഫ്.   മി ടൂ ക്യാംപെയ്ന്‍റെ ഭാഗമായാണ് തനിക്ക് 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുകേഷില്‍ നിന്ന് നേരിട്ട ദുരനുഭവം ടെസ് ജോസഫ് തുറന്ന് പറഞ്ഞത്. കോടീശ്വരന്‍ എന്ന പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍  നടന്ന സംഭവമാണ് ടെസ് ജോസഫ്  വെളിപ്പെടുത്തിയത്.

അന്ന് ചിത്രീകരണത്തിനിടയില്‍ മുകേഷ് നിരന്തരം വിളിച്ച് തന്‍റെ അടുത്ത മുറിയിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് ജോസഫ് പറഞ്ഞത്.  നിരന്തരം ഫോണ്‍ വിളികള്‍ വന്നതിനെ തുടര്‍ന്ന് അന്ന് തന്‍റെ മേധാവിയായ, ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ ഡെറിക്ക് ഒബ്രിയാനോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്തുവെന്നും ടെസ് വെളിപ്പെടുത്തിയിരുന്നു.

അതേസമയം പെണ്‍കുട്ടിയെ ഫോണില്‍ ശല്യം ചെയ്തിട്ടില്ലെന്നും  ആരോപണം ഉന്നയിച്ച യുവതിയെ കണ്ടതായി ഓര്‍ക്കുന്നില്ലെന്നും മുകേഷ് വ്യക്തമാക്കി. യുവതി തെറ്റിദ്ധരിച്ചതാകാമെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഫോണ്‍ വിളിച്ചത് താനാണെന്ന് എങ്ങനെ പറയാനാകും. അത് മറ്റൊരു മുകേഷ് കുമാര്‍ ആകാനും സാധ്യതയുണ്ടെന്നും എന്തോ തെറ്റിദ്ധാരണ സംഭവിച്ചിട്ടുണ്ടെന്നും മുകേഷ് വ്യക്തമാക്കി. ഫോണിലൂടെ മോശമായി സംസാരിച്ചുവെന്നാണ് അവര്‍ ആരോപിച്ചിരിക്കുന്നത്. എന്നാല്‍ അങ്ങനെ ഫോണിലൂടെ മോശമായി സംസാരിക്കുന്ന ഒരാളല്ല താന്‍. യുവതിയുടെ പരാതിയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണോ എന്നത് ആലോചിച്ച് തീരുമാനിക്കുമെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം.

×