Advertisment

കോവിഡ് രോഗികള്‍ക്ക് കരുതലിന്‍റെയും സാന്ത്വനത്തിന്‍റെയും സ്നേഹസ്പര്‍ശവുമായി മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ജോയി കുഴിപ്പാലയും ഭരണസമിതി അംഗങ്ങളും

New Update

publive-image

Advertisment

മീനച്ചില്‍: പഞ്ചായത്തിലെ കോവിഡ് രോഗബാധിതരായവര്‍ക്ക് കരുതലിന്‍റെയും സാന്ത്വനത്തിന്‍റെയും സ്നേഹസ്പര്‍ശവുമായി പ്രസിഡന്‍റ് ജോയി കുഴിപ്പാലയുടെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും അഹോരാത്ര പ്രവര്‍ത്തനത്തില്‍.

ഇതിനായി പാറപ്പള്ളി ഗവ. എല്‍പിഎസില്‍ 20 കിടക്കകളോടുകൂടിയ ഡൊമിസിലറി കെയര്‍ സെന്‍റര്‍ സജ്ജമാക്കുകയും ഇപ്പോള്‍ 16 രോഗികളെ പ്രവേശിപ്പിക്കുകയും ചെയ്തു. ഒരു നഴ്സിന്‍റെയും രണ്ട് സെക്യൂരിറ്റി ജീവനക്കാരുടെയും ക്ലീനിംഗ് സ്റ്റാഫിന്‍റെയും സേവനം ഇവിടെ ലഭ്യമാക്കിയിട്ടുമുണ്ട്.

ഇവിടെയുള്ള രോഗികള്‍ക്ക് 5 നേരവും ഭക്ഷണം പൈകയിലുള്ള ജനകീയ ഹോട്ടലില്‍ നിന്നും എത്തിക്കാന്‍ 7 വോളണ്ടിയര്‍മാരുടെ ഒരു ഗ്രൂപ്പും സദാ സന്നദ്ധരാണ്. ശുദ്ധജല സംഭരണത്തിനായി വാട്ടര്‍ ടാങ്കും  വാട്ടര്‍ പ്യൂരിഫയറും സ്ഥാപിച്ചിട്ടുണ്ട്. ഇലക്ട്രിസിറ്റി മുടങ്ങാതിരിക്കാനായി ജനറേറ്റര്‍, കമ്പ്യൂട്ടര്‍, ടെലിവിഷന്‍ അടക്കമുള്ള സൗകര്യങ്ങളാണ് ഈ കോവിഡ് സെന്‍ററിലുള്ളത്.

കൃത്യമായ ഇടവേളകളില്‍ രോഗികളുടെ രോഗനിലവാരം നിര്‍ണയിച്ച് മെഡിക്കല്‍ ഓഫീസറുമായി ചര്‍ച്ച ചെയ്യുകയും അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം മരുന്നുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററും 9 പള്‍സ് ഓക്സിമീറ്ററുകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

വീടുകളില്‍ കഴിയുന്ന കോവിഡ് രോഗബാധിതരില്‍ കൂടുതല്‍ അവശരായവര്‍ക്ക് നഴ്സിംഗ് കെയര്‍ നല്‍കാനായി മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും സജ്ജമാക്കി 'കോവിഡ് അര്‍ജന്‍റ് ' എന്ന സ്റ്റിക്കര്‍ പതിച്ച വാഹനം ഒരു ഫോണ്‍ കോളില്‍ രോഗിയുടെ സ്ഥലത്ത് എത്തും.

കിഴപറയാര്‍ പി.എച്ച്.സിയില്‍ വാക്സിനേഷനായി എത്തുന്നവര്‍ക്കും രോഗനിര്‍ണയ ക്യാമ്പില്‍ എത്തുന്നവര്‍ക്കും വേണ്ടി പ്രത്യേകം ഇരിപ്പിടങ്ങളും പന്തലും സ്ഥാപിക്കുകയും ഒപി സെക്ഷനും വാക്സിനേഷനുമായി വേറെ കൗണ്ടറുകളും തുറക്കുകയും ചെയ്തിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് ഹെല്‍പ് ഡെസ്കിന് പഞ്ചായത്ത് ഓഫീസില്‍ ആരംഭിച്ചു.

ആശാ വര്‍ക്കര്‍മാര്‍ക്ക് കോവിഡ് രോഗികള്‍ക്ക് മരുന്നു വീടുകളില്‍ എത്തിച്ചു നല്‍കുന്നതിനായി യാത്രാ ബത്തയും കൂടാതെ ഓണറേറിയം താല്‍ക്കാലികമായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

വീടുകളിലെല്ലാവരും കോവിഡ് ബാധിതരായതിന്‍റെ പേരില്‍ ഭക്ഷണം ഉണ്ടാക്കാന്‍ സാധിക്കാതെ വിഷമിക്കുന്നവര്‍ക്കും വരുമാനമില്ലാതെ ബുദ്ധിമുട്ടുന്ന നിര്‍ധനര്‍ക്കും ജനകീയ ഹോട്ടലില്‍ നിന്നും ഭക്ഷണം എത്തിച്ചു നല്‍കിവരുന്നു.

അതിനായി മറ്റൊരു വോളണ്ടിയര്‍ സേനയും പ്രവര്‍ത്തിച്ചു വരുന്നു. അതേ സമയം നിര്‍ധനരായ കോവിഡ് രോഗികളുടെ വീട്ടില്‍ സൗജന്യ ഭക്ഷ്യകിറ്റും നല്‍കി അവരെയും കരുതലോടെ ചേര്‍ത്തു പിടിക്കുകയാണ് മീനച്ചില്‍ പഞ്ചായത്ത് ഭരണസമിതി.

വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും രൂപികരിച്ച സമിതികള്‍ എല്ലാ ദിവസവും കോവിഡ് അവലോകന യോഗം നടത്തുകയും പ്രവര്‍ത്തനം വിലയിരുത്തി പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിവരുന്നു.

മാതൃകാപരമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന മീനച്ചില്‍ പഞ്ചായത്തിലെ ജനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിക്കാന്‍ തയ്യാറാകുന്നതാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വിജയം നല്‍കുന്നതെന്ന് ജോയി കുഴിപ്പാല സത്യം ഓണ്‍ലൈനിനോട് പറഞ്ഞു.

pala news
Advertisment