പാടമാണ്, പാഠമല്ല ഹരീഷിന്‍റെ നോവൽ ‘മീശ

സുനില്‍ കെ ചെറിയാന്‍
Thursday, August 9, 2018

പാടമാണ്, പാഠമല്ല ഹരീഷിന്‍റെ നോവൽ ‘മീശ’. രണ്ടാം ലോക യുദ്ധകാലത്തെ അറുതിയിൽ, മലയായ്ക്ക് പോകാൻ ആഗ്രഹിച്ച വാവച്ചൻ എന്ന മീശക്കാരൻ ഇരുപതുകാരൻ പുലയക്രിസ്ത്യാനി, അയാൾ ജീവിച്ച നീണ്ടൂർ-കൈപ്പുഴ പ്രദേശത്ത് ഒരു മിത്ത് ആയി, ഭീകരകഥയായി, പാടിപ്പതിഞ്ഞ പാട്ടുകളിലായി ജീവിച്ചതിന്‍റെ ചരിത്രം ഇപ്പോഴത്തെ തലമുറയിലെ ഒരു അച്ഛൻ മകനോട് പറയുന്നതായാണ് നോവൽ (328 പേജ്). മീശ എന്ന് കറുത്ത വലിയ അക്ഷരങ്ങളിലെഴുതിയത് പകുതിയോളം ക്ഷൗരം ചെയ്ത്, അക്ഷരങ്ങൾ താഴെ വീണ് കിടക്കുന്ന കവർ ചിത്രം സൈനുൽ ആബിദിന്‍റെ.

‘ഏറ്റവും മികച്ചത് കൺമുന്നിൽ വന്നാലും ശരാശരിയെ തേടിപ്പോകുന്ന’ മനുഷ്യരുടെ – ദൈവം കൊടുത്ത ചതുപ്പും വെള്ളവും നെല്ലറയാക്കി മാറ്റിയ, കാറ്റിൽ നിന്നും വെയിലിൽ നിന്നും മാത്രം ഊർജ്ജം കിട്ടുന്ന പാവങ്ങളുടെ – ഗ്രാമത്തിൽ, ഉൾക്കാഴ്ചാ-ഗഹന-പ്രചോദിത കഥകളില്ല. ശരാശരി ജീവിതങ്ങളിലൂടെയുള്ള മുങ്ങാംകുഴികൾക്കിടയിൽ എഴുത്തുകാരന്‍റെ കഥനം ഇടയ്ക്ക് വിഭ്രാത്മകതകളിലേക്ക് ഉയർന്നു പറക്കുന്നതൊഴിച്ചാൽ ചെളിയും, ചേറും, കളയും, പതിരും കളഞ്ഞെടുക്കേണ്ടതാണ് വായനയിലെ കതിരും സദിരും.

അവിടെയും സെയ്ഫ് ലാൻഡിങ്ങ് – യമണ്ടൻ ക്ളൈമാക്സ് – ഇല്ല. കഥ കേൾക്കാനുള്ള കൗതുകമാണ്, ഗുണപാഠമല്ല, കഥയുടെ ജീവൻ എന്നാണ് നോവലിന്‍റെ മതം. ‘ഉയർന്ന പൗരബോധവും ജനാധിപത്യ ബോധവുമുള്ള സ്വതന്ത്ര രാജ്യങ്ങളാണ് നോവലുകൾ. …സ്വതന്ത്രരായ മനുഷ്യർ എപ്പോഴും യുക്തിപൂർവവും കാര്യകാരണസഹിതവും പെരുമാറണമെന്നും സംസാരിക്കണമെന്നുമില്ല’ എന്ന് ആമുഖത്തിൽ നോവൽകാരൻ.

അൽപം ഭൂമിത്തർക്കം മൊത്തം കൃഷിത്തർക്കമാക്കി മാറ്റുന്ന പ്രവര്‍ത്ത്യാര്‍ ശങ്കുണ്ണിമേനോൻ, എതിർലിംഗത്തിന്‍റെ ഹൃദയമന്വേഷിച്ചുള്ള ഭ്രാന്തൻ യാത്രകളാണ് ആണുങ്ങളുടെ ജീവിതമെന്ന് പറയുന്ന അഭിസാരിക കുട്ടത്തി, പെമ്പിളയ്ക്ക് കഞ്ഞിവെള്ളവും, മകന് ഉപ്പുമാങ്ങ കൂട്ടി കഞ്ഞിയും മാത്രം കൊടുത്ത് മീൻ കൂട്ടി ചോറ് ഉണ്ണുന്ന പോത്തൻ മാപ്പിള, അയാളോട് ഇച്ചിരി കഞ്ഞിവെള്ളം തരാമോ എന്ന് യാചിച്ച നായർ പ്രേതം, മീശയുടെ പൗരുഷം ഭ്രാന്താക്കിയ സീത, മുടക്കാലി തോട്ടിലൂടെ മുതലപ്പുറത്ത് പോകുന്ന പവിയാൻ, ആ മുതല, അത് വിഴുങ്ങിയ ചെത്തുകാരൻ ചോവൻ, മോഷ്‌ടിച്ച തേങ്ങ കടിച്ച് പിച്ചിപ്പറിച്ച് പൊങ്ങ് തിന്നുന്ന കങ്കാണി, പുല്ലരിഞ്ഞപ്പോൾ കൂട്ടത്തിൽ പാമ്പിനെയും അരിഞ്ഞ് പാമ്പിന്‍റെ തലപ്പാതി കൊത്തിയ ചെല്ല, വിഷക്കൂണ് തിന്ന് മരിച്ച സഹോദരി – പിന്നീട് മഴയത്ത് മീശയ്ക്ക് അഭയമായി പൊങ്ങി നിന്ന കൂൺ പെണ്ണ്…

പുര മേഞ്ഞപ്പോൾ ഈർക്കിലി കുത്തിക്കയറിയതാണെന്നും പറഞ്ഞ കൈവിരൽ പെണ്ണ് ചപ്പിയ ഓർമ്മയിൽ അതേ പുരയിൽ പിറ്റേ വർഷം ഈർക്കിലി കൊണ്ട സ്ഥാനത്ത് പട്ടികയിൽ കൂട്ടിക്കെട്ടിയ നിലയിൽ ഉണങ്ങിയ പാമ്പിൻ ജഡം കണ്ട് മരിച്ച മാച്ചോവൻ, വസൂരി പിടിപെട്ട ബാപ്പയ്ക്ക് ജനൽ വഴി കമ്പിൽ കുത്തിയ ഭക്ഷണം കൊടുക്കുന്ന കദീജ, വള്ളത്തിൽ പോകാനായി തെറിവിളിച്ച പോലീസ് ഏമാന്മാരെ കരിക്കിടാമെന്ന് പറഞ്ഞ് തുരുത്തിലിറക്കി ഉപേക്ഷിച്ച ഊന്നുകാരൻ പാച്ചുപിള്ള, മുതലയെ കൊല്ലാൻ മീശയെ കൂട്ട് പിടിച്ച കരിയിൽ സായിപ്പ്, ഇതിനോടകം വിവാദമായ പേജ് 294 -ലെ കുഞ്ഞച്ചൻ… (അമ്പലത്തിൽ പോകുന്ന സ്ത്രീകളെക്കുറിക്കുന്ന മറ്റേ ഭാഗം നോവലിന്‍റെ കഥാഗതിക്ക് വിശേഷിച്ചൊന്നും വരുത്താത്തതാണ്).

തുപ്പെത്തുപ്പെ നിൽക്കുന്ന വെള്ളം, അകവും പുറവും കവിഞ്ഞൊഴുകുന്ന തോടുകൾ, അവയെ കീറുന്ന വള്ളങ്ങൾ, ചരിത്രം ഓർത്തെടുക്കുന്ന തെങ്ങ്, ഇരയായും വില്ലനായും പാമ്പുകൾ, കഥ പറയും ആമകൾ, മീനുകൾ, കുഞ്ഞുങ്ങളെ രക്ഷിക്കാൻ അവരെ മറച്ചു പിടിച്ച് തെറ്റാലിയിലേക്ക് ഇരയാകാൻ പാഞ്ഞു വരുന്ന പക്ഷികൾ… ഒരു തെങ്ങിനെ നോക്കി ജീവിതകാലം കഴിച്ചാലെന്തെന്ന് ചിന്തിക്കുന്ന മീശ വാവച്ചൻ, പാടങ്ങളും തോടുകളും കടന്നുള്ള അവന്‍റെ അവധൂത സഞ്ചാരം…

ഒക്കെയും പാടത്തെ കാഴ്ചകളാണ്. ഇതിനിടയിൽ വാവച്ചന് നാടകത്തിൽ മീശ വേഷം നൽകിയ എഴുത്തച്ഛനെയും മറ്റനേകം വന്നുപോയിരിക്കുന്നവരെയും നമ്മൾ മറക്കും.

ഒറ്റയ്ക്കായും ആരുമില്ലാത്തവനായും ജീവിച്ച മീശയുടെ വായിൽ, കാലന്‍റെ ആയുസ് ഗ്രന്ഥം വായിച്ചെന്ന് പറയപ്പെടുന്ന മീശയുടെ വായിൽ, വേണമെങ്കിൽ നോവൽ കർത്താവിന് ഫിലോസഫി തിരുകി സരസ്വതി വിളയിക്കാമായിരുന്നു. അങ്ങനെ പാടത്തെ ഇലചക്രത്തിന്‍റെ പേരിൽ തത്വം പറയുന്നുണ്ട്. ‘ചക്രം ചവിട്ടാണ് യഥാർത്ഥ ജീവിതം… ഒരില ചവുട്ടിക്കഴിയുമ്പോൾ അടുത്ത ഇല നാഭിക്ക് നേരെ വരും. ഒരു നേരത്തെ വിശപ്പ് കെടുത്തിയാൽ അടുത്ത നേരമെത്തും’. പക്ഷെ മീശയെ അധികം സംസാരിപ്പിക്കുന്ന് പോലുമില്ല. അയാൾ മറ്റൊരു കായംകുളം കൊച്ചുണ്ണിയല്ല, അയാൾ ഒരു വിജയിയല്ല. ‘ഖസാക്ക്’, രവിയുടെ മാത്രം കഥയല്ല എന്ന് പറയുന്നത് പോലെ ‘മീശ’ അയാൾ നായകനായ കഥ പോലുമല്ല.

നന്മ വിജയിക്കുന്ന സോദ്ദേശ കഥകളിൽ നോവലിന് താല്പര്യമില്ല. വായിക്കാൻ കൊള്ളാവുന്ന ശൈലിയിൽ ഒരു പ്രദേശത്തിന്‍റെ കഥ തോന്നിയ പോലെ പറയാനാണ് കമ്പം. അസംബന്ധങ്ങൾ, ഭ്രമാത്മക കൽപനകൾ, കേട്ടുകേൾവികൾ ഈ നോവലിനെ സംബന്ധിച്ച് സത്യങ്ങളാകുന്നു. നീണ്ടൂരും, കൈപ്പുഴയിലും, കുട്ടനാട്ടും പെയ്ത മഴവെള്ളം മലയാള സാഹിത്യ സമുദ്രത്തിലേക്ക് നോവൽ ഒഴുക്കി വിടുന്നു. ഇതും നമ്മുടെ സാഹിത്യത്തിന്‍റെ ഭാഗമാണ്.

×