Advertisment

മെഴ്സിഡസ് കുടുംബത്തില്‍ നിന്നും ഒരു പുത്തന്‍ 'അതിഥി'കൂടിയെത്തുന്നു ! ആഡംബര വാഹന പ്രേമികള്‍ക്ക് ഇനി ആഘോഷമായി സഞ്ചരിക്കാന്‍ '2021 മേബാക്ക് എസ്-ക്ലാസ്' ഉടനെ എത്തും !

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

-ഇഎന്‍വി

ഏതൊരു വാഹന പ്രേമിയുടെയും അടുത്ത് ഒരു ആഡംബര വാഹനം ചോദിച്ചാല്‍ അവരുടെ മനസ്സില്‍ ആദ്യം വരുന്ന മൂന്ന്-നാല് വാഹനങ്ങളില്‍ ഒന്ന് ബെന്‍സ് ആയിരിക്കും.

ആഡംബരത്തിന്‍റെയും സുഖസുന്ദരമായ യാത്രയുടെയും യഥാര്‍ഥ പ്രതീകമാണ് മെഴ്സിഡസ് ബെന്‍സ്. പണ്ടുകാലത്ത് നമ്മുടെ നാട്ടിലെ സമ്പന്നര്‍ മാത്രം ഉപയോഗിച്ചുകൊണ്ടിരുന്ന വാഹനമാണ് മെഴ്സിഡസ് ബെന്‍സ്. ഇപ്പോള്‍ അങ്ങനെയല്ല എന്നല്ല പറയുന്നത്. പലര്‍ക്കും എത്തിച്ചേരാന്‍ കഴിയാത്ത ഒരു വാഹന കമ്പനിയാണത്.

മെഴ്സിഡസ് ബെന്‍സില്‍ തന്നെ ഏറ്റവുമധികം ടോപ്പ് റേറ്റഡ് അത്യാഡംബര വാഹനം എസ് - ക്ലാസാണ്. അതില്‍ തന്നെ ഒട്ടധികം വേറിട്ടുനില്‍ക്കുന്ന പ്രത്യേകതകളുള്ള വാഹനമാണ് മേബാക്ക്.

പ്രൗഢി പുതുക്കി 'മേബാക്ക്' !

'മേബാക്ക്' എന്ന് പറയുന്നത് മെഴ്സിഡസിന്‍റെ ഒരു ഉപ ബ്രാന്‍ഡാണ്. 2021 പകുതിയോടെ വാഹനലോകത്ത് ഇതിന്‍റെ പുതിയ പതിപ്പ് ഇറങ്ങുകയാണ്.

ബെന്‍റ്ലി ഫ്ലൈയിംഗ് സ്പര്‍ വി8, റോള്‍സ് റോയ്സ് ഗോസ്റ്റ് എന്നിവയ്ക്കെതിരായ മത്സരം പുതുക്കാനായി 2021 മേബാക്ക് എസ് - ക്ലാസിനെ മെഴ്സിഡസ് ആഗോളതലത്തില്‍ അവതരിപ്പിക്കും.

ആഡംബരത്തിന്‍റെ പര്യായമായ പ്രീമിയം പാസഞ്ചര്‍ വാഹനമാണ് 2021 മേബാക്ക് എസ് - ക്ലാസ്.

ആരും നോക്കി നില്‍ക്കും !

publive-image

അത്യാഡംബരമായ സുഖ സുന്ദര യാത്രവേണം, കൂടെ റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ നിങ്ങളെ മറ്റുള്ളവര്‍ കൗതുകപൂര്‍വ്വം നോക്കി കാണണമെങ്കില്‍ ഈ വാഹനം നിങ്ങള്‍ക്കുള്ളതാണ്.

നിങ്ങള്‍ ഒരുപക്ഷേ ആരും അറിയാതെ ഒതുങ്ങി ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ ഈ വാഹനം സ്വന്തം ആകുന്നതിനുമുമ്പ് നിങ്ങള്‍ അതിനായി ചിന്തിച്ചു തീരുമാനം എടുത്തതിനു ശേഷം സ്വന്തമാക്കുക ! അല്ലെങ്കില്‍ നിങ്ങള്‍ പെട്ടെന്ന് പ്രശസ്തരായി മാറും !

ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്നത് എന്തുകൊണ്ടാണ് മേബാക്ക് എസ് - ക്ലാസ് 2021 സാധാരണ എസ് ക്ലാസില്‍നിന്നും വേറിട്ടുനില്‍ക്കുന്നത് എന്നതാണ്.

കുറച്ച് ആഴ്ചകള്‍ മുമ്പാണ് പുതിയ എസ് - ക്ലാസ് ലോഞ്ച് ചെയ്തത്. ഡബ്ല്യു223 എന്ന വിഭാഗത്തിന്‍റെ എസ് - ക്ലാസ് മേബാക്ക് ഇന്ന് ഇപ്പോള്‍ വന്നിരിക്കുന്നത് ഇസഡ്223 എന്ന വിഭാഗത്തിലാണ്.

മേബാക്കില്‍ സാധാരണ എസ് ക്ലാസിനെ അപേക്ഷിച്ച്  30 സെന്‍റീമീറ്റര്‍ നീളം കൂടിയിട്ടുണ്ട്. ഇപ്പോള്‍ വിപണിയിലുള്ള എസ് - ക്ലാസില്‍ ടോപ് എന്‍ഡ് വേരിയന്‍റിന്‍റെ എല്ലാ സവിശേഷതകളും അതിനു പുറമേ കുറച്ചധികം സവിശേഷതകളും കൂടി ഉള്ള വാഹനമാണ് മേബാക്ക്.

മെഴിസിഡസ് ബെന്‍സിനെ സംബന്ധിച്ചിടത്തോളം ഈ വാഹനം വളരെയധികം വിജയകരമാണ്. അറുപതിനായിരം യൂണിറ്റുകളാണ് ഇതുവരെ വിറ്റഴിഞ്ഞത്.

മെഴിസിഡസിനെ സംബന്ധിച്ചിടത്തോളം ഇതിന് ഏറ്റവും കൂടുതല്‍ വില്‍പന നടക്കുന്നത് ചൈന, യുഎസ്എ, ജര്‍മ്മനി, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലാണ്.

ഡിസൈനുകള്‍ക്കുമുണ്ട് ചില പ്രത്യേകതകള്‍

publive-image

മുന്‍വശത്ത് കാണുന്ന പിന്‍സ്ട്രിപ്പ് വെര്‍ട്ടിക്കല്‍ സ്റ്റാക്കിംഗ് ഗ്രില്‍ ആണ്. ഡിജിറ്റല്‍ എല്‍ഇഡി ഹൈഡ് ലൈറ്റ്ക്രോമില്‍ മുങ്ങിക്കുളിച്ചിരിക്കുന്നു ബംബര്‍. വേണമെങ്കില്‍ ഗ്രില്‍ പൂര്‍ണമായും ബ്ലാക്ക് ആക്കാന്‍ സാധിക്കും.

ബോണറ്റിന്‍റെ മുകളിലായി വരുന്ന സ്ട്രേറ്റ് ക്രോം ലൈന്‍ വാഹനത്തിന്‍റെ ഗാംഭീര്യം എടുത്തുകാണിക്കുന്നു. ഈ വാഹനത്തിന്‍റെ പെയിന്‍റിംഗ് എന്നു പറയുന്നത് തികച്ചും ഹാന്‍ഡ് പെയിന്‍റിംഗാണ്. ഒരാഴ്ച എടുത്താണ് ഇത് പൂര്‍ത്തിയാക്കുന്നത്.

ഇതില്‍തന്നെ രണ്ട് വേരിയന്‍റുകളുണ്ട്; ഡബിള്‍ ടോണും, സിങ്കിള്‍ ടോണും. ഈ വാഹനത്തിന്‍റെ വീലുകള്‍ മേബാക്ക് സ്പെഷ്യല്‍ വീലുകളാണ്. 20, 21, 19 ഇഞ്ച് സൈസ് വരുന്നുണ്ട്. പക്ഷേ കൂടുതല്‍ കാണുന്നത് 20 ഇഞ്ച് ഫുള്‍ പ്ലേറ്റഡ് മോണോ ക്ലോക്ക് വീലും മള്‍ട്ടി സ്പോക്ക് 20 ഇ‌‌ഞ്ച് വീലുമാണ്.

കാറിന്‍റെ സ്റ്റീറിംഗ് വീല്‍ വുഡന്‍ ഫിനീഷിംഗ് നല്‍കി അതിമനോഹരമാക്കിയിരിക്കുന്നു. ബെന്‍സിന്‍റെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റമായ എംബിയുഎക്സ് ല്‍ പുതിയതായി മേബാക്ക് ഇന്‍റഗ്രേഷന്‍ വന്നു. അതിനുപുറമേ ഡിജിറ്റല്‍ കണ്‍സോളില്‍ മേബാക്ക് ടോണ്‍ വന്നു.

വാഹനത്തിന്‍റെ സീറ്റില്‍ വരികയാണെങ്കില്‍ 45 ഡിഗ്രി സീറ്റ് റെക്ലിനിങ്, കാള്‍ഫ് മസാജിംങ് എന്നിവയുണ്ട്. ഹൈറ്റബിള്‍ ഹൈഡ്റെസ്റ്റും ഹാന്‍ഡ്റെസ്റ്റും ഉണ്ട്. ഡോര്‍ പാഡില്‍ ഹാന്‍റിലും ചൂടാക്കാന്‍ സാധിക്കും.

പക്ഷേ ഇന്ത്യ പോലുള്ള ഒരു രാജ്യത്തിന് ഇതിന്‍റെ ആവശ്യം ഉണ്ടോ എന്ന് ചോദിച്ചാല്‍ അത്രയ്ക്കും ആവശ്യമില്ലെന്നുതന്നെ പറയാം. ഇത് തികച്ചും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വേണ്ടിയാണ്.

ഡോര്‍ തുറക്കാന്‍ 5 രീതികള്‍ !

publive-image

ഒരു ആഘോഷമില്ലാതെ എന്താഡംബരം. മേബാക്കിലും അതിനായുള്ള അവസരം നല്‍കിയിട്ടുണ്ട്. ടെംപറേച്ചര്‍ അഡ്ജസ്റ്റബിള്‍ ഷാംപെയിന്‍ കൂളറുകളും ടേബിളും വരുന്നുണ്ട്. ഈ വാഹനത്തിന്‍റെ എടുത്തു പറയേണ്ട ഒരു പ്രത്യേകത അതിന്‍റെ റിയര്‍ ഡോറാണ്. ഇത് അഞ്ചു തരത്തില്‍ തുറക്കാന്‍ സാധിക്കും.

ഒന്ന് സാധാരണപോലെ ഡോര്‍ ഹാന്‍ഡില്‍ പിടിച്ചു തുറക്കുക. രണ്ടാമതായി വാഹനത്തിന്‍റെ റിമോട്ട് ഉപയോഗിച്ച് തുറക്കാന്‍ സാധിക്കും. മൂന്നാമതായി വാഹനത്തിന്‍റെ ഫ്രണ്ടില്‍നിന്നുതന്നെ കണ്‍ട്രോള്‍ ചെയ്യാന്‍ സാധിക്കും.

നാലാമതായി എംബിയുഎക്സ് ഉപയോഗിച്ച് ഓപ്പറേറ്റ് ചെയ്യാന്‍ സാധിക്കും. അഞ്ചാമതായി ഉള്ളിലുള്ള ബട്ടണ്‍ ഉപയോഗിച്ച് ഓപ്പണ്‍ ചെയ്യാന്‍ സാധിക്കും.

ഇതിനെല്ലാം പുറമേ ഇതില്‍ എടുത്തുപറയേണ്ട ഒന്നാണ് ഗസ്ചര്‍ കണ്‍ട്രോള്‍. സിഐഡി മൂസയില്‍ ക്യാപ്റ്റന്‍ "രാജു വണ്ടി തള്ളാന്‍ ഒരു തെണ്ടിയുടെയും സഹായം വേണ്ട, ഞാന്‍ മാത്രം മതി" എന്നു പറയുന്നതുപോലെ ഈ വാഹനത്തിന്‍റെ റിയര്‍ ഡോറുകള്‍ അടയ്ക്കാനും തുറക്കാനും പ്രത്യേക സാങ്കേതിക വിദ്യ വഴി സാധിക്കും.

മേബാക്കിന്‍റെ മറ്റൊരു ലക്ഷ്വറി ഫീച്ചര്‍ കണ്‍ട്രോള്‍ വഴി നമുക്ക് സണ്‍ ബ്ലൈന്‍ഡും സീറ്റ് ബെല്‍റ്റും കണ്‍ട്രോള്‍ ചെയ്യാന്‍ സാധിക്കും എന്നതാണ്.

യാത്രാസുഖം ഒന്നു വേറേതന്നെ

publive-image

വാഹനത്തിന്‍റെ റൈഡിലും കംഫര്‍ട്ടിലേയ്ക്കും വരുകയാണെങ്കില്‍ സാധാരണ എസ് - ക്ലാസില്‍ തന്നെ പുതിയ അഡാപ്റ്റീവ് സസ്പെന്‍ഷനില്‍തന്നെ ഏറ്റവും ബെസ്റ്റ് റൈഡായാണ് അനുഭവപ്പെടുന്നത്. എന്നാല്‍ അതിലും മികച്ച യാത്രാസുഖമാണ് മേബാക്കില്‍ ഉള്ളത്. മേബാക്ക് മോഡും കൂടി സെലക്ട് ചെയ്താല്‍ കുറേക്കൂടി സുഖകരമായ റൈഡ് വാഹനം സമ്മാനിക്കുന്നു.

സാറ്റലൈറ്റ് കണ്‍ട്രോള്‍ വഴി വാഹനത്തിന്‍റെ നാവിഗേഷന്‍ സെറ്റ് ചെയ്തുകഴിഞ്ഞാല്‍ വാഹനം സഞ്ചരിക്കാന്‍ പോകുന്ന വഴി നേരത്തേ തന്നെ വാഹനം മനസ്സിലാക്കി സസ്പെന്‍ഷന്‍ അതിനനുസരിച്ച് പെരുമാറുന്നതാണ്.

ഇതിനെല്ലാംപുറമേ വാഹനത്തില്‍ എടുത്തുപറയേണ്ട ഒരു ഘടകമാണ് നിശബ്ദത. വാഹനത്തിന്‍റെ 4 ഡോറുകള്‍ അടച്ചതിനു ശേഷം വാഹനത്തിനുള്ളില്‍ തനിച്ച് സ്വകാര്യതയിലേയ്ക്ക് ലയിച്ചു നിശബ്തത അനുഭവിക്കാന്‍ സാധിക്കും.

ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ നിശബ്ദമായ ക്യാബിന്‍ അവകാശപ്പെടുന്ന രണ്ടു കമ്പനികളാണ് റോള്‍സ് റോയ്സും മറ്റൊന്ന് മേബാക്കും. വിദഗ്ദ്ധരായ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റുകളും ഓട്ടോമൊബൈല്‍ എഞ്ചിനീയര്‍മാരും ഈ പ്രസ്താവന അംഗീകരിക്കുന്നു.

എന്നാല്‍ പരിപൂര്‍ണമായ നിശബ്ദത വാഹനത്തിനുള്ളില്‍ ഉള്ളതും അത്രയും നല്ല സാഹചര്യമല്ല. ആയതിനാല്‍ വാഹനത്തിന്‍റെ സൗണ്ട് സിസ്റ്റമായ ബർമസ്റ്റർ 4ഡി സിസ്റ്റം കൃത്രിമമായി ചെറിയൊരു സൗണ്ട് വാഹനത്തിന്‍റെ ഉള്ളില്‍ സൃഷ്ടിക്കുന്നുണ്ട്.

പവര്‍ഫുള്‍ എന്‍ജിന്‍

publive-image

വാഹനത്തിന്‍റെ എന്‍ജിനിലേയ്ക്ക് വരുകയാണെങ്കില്‍ ഡിറ്റയില്‍സ് ഒന്നുംതന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ അറിയുവാന്‍ സാധിക്കുന്ന വിവരങ്ങളനുസരിച്ച് ചില മാര്‍ക്കറ്റുകളിലേയ്ക്ക് ഇന്‍ലൈന്‍ 6 സിലിണ്ടര്‍ എന്‍ജിന്‍ ചൈന പോലുള്ള മാര്‍ക്കറ്റുകള്‍ ലക്ഷ്യമാക്കി വരുന്നതായി അറിയാന്‍ സാധിച്ചു. പക്ഷേ അതെന്തായാലും ഇന്ത്യയില്‍ വരാന്‍ പോകുന്നില്ല.

ഇന്ത്യയില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നത് വി8 ട്വിന്‍ ടര്‍ബോചാര്‍ജഡ് എന്‍ജിനില്‍ ഇക്യു - ബൂസ്റ്റ് 48വി മൈല്‍ഡ് ഹൈബ്രിഡ് ടെക്നോളജി ഉള്ളത്. ഇതുതന്നെ വളരെയധികം പവര്‍ഫുള്‍ ആയിട്ടുള്ള ഒരു എന്‍ജിനാണ്. ഇതിനു പുറമേ വാഹന പ്രേമികള്‍ക്ക് ഏറ്റവും പ്രയങ്കരമായ വി12 ബൈടര്‍ബോ എന്‍ജിന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതിനുപുറമേ ഈ രണ്ട് എന്‍ജിനുകളും വരാന്‍ പോകുന്നത് 9ജി - ട്രോണിക് 9 - സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ ആണ്. അതിനോടൊപ്പം മെഴ്സിഡസ് 4 വീല്‍ ടെക്നോളജിയായ 4 മാറ്റിക് ടെക്നോളജി ഉണ്ട്. 5469 മില്ലീമീറ്ററില്‍, ഇത് പുതിയ എസ് - ക്ലാസിന്‍റെ ലോംഗ് വീല്‍ബേസ് പതിപ്പിനേക്കാള്‍ 180 മില്ലീമീറ്റര്‍ നീളമുണ്ട്.

അപ്പോള്‍ എല്ലാവര്‍ക്കും പൊതുവേ ഉണ്ടാകുന്ന ഒരു സംശയം ആയിരിക്കും എങ്ങനെ ഇത്രയും നീളമുള്ള വാഹനം തിരിക്കും എന്നത്. മെഴ്സിഡസിന്‍റെ ടെക്നോളജികളില്‍ ഒന്നായ റിയര്‍ ആക്സില്‍ സ്റ്റീറിംഗ് 4.5 ഡിഗ്രി സ്റ്റാന്‍ഡേര്‍ഡ് ആയിട്ടും 10 ഡിഗ്രി ഒപ്ഷണല്‍ ആയിട്ടും കമ്പനി നല്‍കുന്നുണ്ട്.

അടുത്ത വര്‍ഷം പകുതിയോടെ ഈ വാഹനം പൂര്‍ണമായും (സിബിയു) യൂണിറ്റ് ആയിട്ടായിരിക്കും എത്തുന്നത്. വാഹനത്തിനെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വിപണിയില്‍ വന്നതിന് ശേഷം കമ്പനി വെളിപ്പെടുത്തുന്നതായിരിക്കും. വാഹനത്തിന്‍റെ വില പ്രതീക്ഷിക്കുന്നത് 2 കോടിയില്‍ കൂടുതലായിരിക്കും എന്നാണ്.

auto
Advertisment