Advertisment

മേഴ്‌സിക്കുട്ടിയമ്മയുടെ അമേരിക്കന്‍ യാത്രയിലെ രണ്ടു ദിവസം ദുരൂഹം; അഴിമതി നീക്കം പുറത്തായതോടെ ഒളിച്ചുകളി; വിവരാവകാശ രേഖയില്‍ വെട്ടിലായി ഫിഷറീസ് മന്ത്രി. മൂന്ന് ദിവസം അമേരിക്കന്‍ സന്ദര്‍ശനം എന്ന് മന്ത്രി പറയുന്നു, വിവരവാകാശ രേഖ പ്രകാരം അഞ്ചു ദിവസം അമേരിക്കയില്‍.

New Update

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് അമേരിക്കന്‍ കമ്പനിക്ക് അനുമതി നല്‍കിയ ഇടപാടില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടയമ്മ പറഞ്ഞത് കള്ളം. താന്‍ മൂന്നു ദിവസം മാത്രമാണ് അമേരിക്കയില്‍ പര്യടനം നടത്തിയതെന്നായിരുന്നു മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.

Advertisment

publive-image

എന്നാല്‍ മന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖകള്‍ പ്രകാരം അഞ്ച് ദിവസം അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയെന്നാണ് വ്യക്തമാകുന്നത്. കെ.എസ്.യു കൊല്ലം ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് മന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി കെ. അശോകന്‍ ഈ വിവരം അറിയിച്ചിരിക്കുന്നത്.

ഐശ്യര്യ കേരള യാത്രയോടനുബന്ധിച്ചു കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആഴക്കടല്‍ മത്സ്യബന്ധ ഇടപാടില്‍ അമേരിക്കന്‍ കമ്പനിക്ക് കേരളത്തിന്റെ തീരപ്രദേശം തീറെഴുതികൊടുത്തുവെന്ന ആരോപണം ഉന്നയിച്ചതിന് തൊട്ട് പിന്നാലെയാണ് മന്ത്രി വിശദീകരണവുമായി രംഗത്ത് വന്നത്.

താന്‍ യുണൈറ്റഡ് നേഷന്‍സ് അക്കാദമിക്ക് ഇംപാക്ടിന്റെ ക്ഷണപ്രകാരമാണ് അമേരിക്കയില്‍ പോയതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇൗ പരിപാടിയില്‍ പങ്കെടുത്തതല്ലാതെ മറ്റാരെയും സന്ദര്‍ശിച്ചിട്ടില്ലെന്നും താന്‍ മൂന്നു ദിവസമല്ലാതെ അമേരിക്കയില്‍ ചെലവഴിച്ചിട്ടി ല്ലെന്നു മായിരുന്നു മന്ത്രിയുടെ വിശദീകരണം.

അമേരിക്കന്‍ യാത്രയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറിയ മന്ത്രി രമേശ് ചെന്നത്തലയ്ക്ക് സമനില തെറ്റിയെന്ന വാദമാണ് ഉന്നയിച്ചത്. അമേരിക്ക യില്‍ വെച്ച് താന്‍ ഇ.എം.സി.സി ഇന്റര്‍നാഷണല്‍ കമ്പനിയുടെ ആരെയും കണ്ടിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം. ഈ വാദം തീര്‍ത്തും തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ രമേശ് ചെന്നിത്തല പുറത്തുവിട്ടിരുന്നു.

ഈ മാസം 11ന് ഇ.എം.സി.സിയുടെ പ്രസിഡന്റായ ഷിജു വര്‍ഗീസ് വ്യവസായ മന്ത്രി ഇ.പി ജയരാജന് നല്‍കിയ കത്തില്‍ 2018 ഏപ്രിലില്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുമായി ന്യൂയോര്‍ ക്കില്‍ വെച്ച് ആഴക്കടല്‍ മത്സ്യബന്ധനത്തെക്കുറിച്ച് ചര്‍ച്ച നടത്തിയതായി കത്തില്‍ രേഖപ്പെടുത്തി യിട്ടുണ്ട്. ഇതിനു പുറമേ വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലുമായി 2019 ജൂലൈയില്‍ ചര്‍ച്ച നടത്തിയതായി ഷിജു വര്‍ഗീസിന്റെ കത്തിലുണ്ട്.

മന്ത്രി നടത്തിയ അഴിമതി ഇടപാടിനെ കുറിച്ച് രേഖകള്‍ സഹിതം രമേശ് ചെന്നിത്തല പുറത്തു കൊണ്ടുവന്നപ്പോള്‍ കള്ളം പറഞ്ഞ് തടിതപ്പാനാണ് അവര്‍ ശ്രമിക്കുന്നത്. 2019 ആഗസ്റ്റ് മൂന്നിന് ഫിഷറീസ് വകുപ്പിന് ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച് ഇ.എം.സി.സി നല്‍കിയ ആശയ കുറിപ്പില്‍ (കണ്‍സ്പ്റ്റ് പേപ്പര്‍) മന്ത്രിയുമായി ന്യൂയോര്‍ക്കില്‍ വെച്ച് ചര്‍ച്ച നടത്തിയതായി പരാമര്‍ശമുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച് അപേക്ഷയോ രേഖകളോ ഒന്നും തന്റെ വകുപ്പില്‍ എത്തിയിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം. അതും കള്ളമാണെന്ന് രേഖകള്‍ തെളിയിക്കുന്നു.

Advertisment