കാമുകിയുടെ അമ്മയും ബന്ധുവുമായ 35 കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ആത്മഹത്യയെന്നു ചിത്രീകരിക്കാന്‍ കൈത്തണ്ടയിലെ ഞരമ്പുകള്‍ മുറിച്ചു. 15 കാരന്‍ അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, ചെന്നൈ
Tuesday, August 7, 2018

ചെന്നൈ: കാമുകിയുടെ അമ്മയും ബന്ധുവുമായ 35 കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ പത്താം ക്ലാസ് വിദ്യാര്‍ഥി അറസ്റ്റില്‍. ചെന്നൈ അമിഞ്ജിക്കരൈ സ്വദേശിനിയായ തമിഴ്‌സെല്‍വിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

കൈത്തണ്ടയിലെ മുറിവില്‍ നിന്നും രക്തം വാര്‍ന്ന നിലയില്‍ തറയിലാണ് മൃതദേഹം കിടന്നിരുന്നത്. ഭര്‍ത്താവ് ശങ്കര്‍ സുബ്ബുവാണ് ഭാര്യയെ മരിച്ചനിലയില്‍ ആദ്യം കണ്ടത്. ഉടന്‍തന്നെ തമിഴ്‌സെല്‍വിയെ  ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെതന്നെ മരണം സംഭവിച്ചിരുന്നു.

സംഭവം ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും ഭാര്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ശങ്കര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെയാണ് 15 കാരൻ  പോലീസിന്റെ വലയിലാകുന്നത്.

തമിഴ്‌സെല്‍വിയുടെ വീടിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഒരു കൗമാരക്കാരന്‍ വീട്ടിലേക്ക് കയറിപ്പോകുന്നത് കണ്ടെത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ ശങ്കര്‍ സുബ്ബുവിനെ കാണിച്ചപ്പോള്‍ തന്റെ അനന്തരവനാണ് ദൃശ്യങ്ങളിലുള്ളതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പിന്നീട് പതിനഞ്ചു കാരനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

അമ്മാവന്റെ മകളും താനും തമ്മിലുള്ള ബന്ധത്തെ തമിഴ്‌സെല്‍വി എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു മൊഴി.

തമിഴ്‌സെല്‍വിയുടെ മകളും 15-കാരനും തമ്മില്‍ അടുപ്പത്തിലായിരുന്നു. കഴിഞ്ഞയാഴ്ച  ജന്മദിനത്തിന് പെണ്‍കുട്ടിയെ ക്ഷണിച്ചിരുന്നെങ്കിലും തമിഴ്‌സെല്‍വി മകളെ വിട്ടില്ല. ഇതിനെതുടര്‍ന്ന് ഫോണില്‍ വിളിച്ച് കാര്യം അന്വേഷിച്ച 15-കാരനോട് മകളുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും തമിഴ്‌സെല്‍വി പറഞ്ഞു.

ഈ സംഭവത്തിന് പിന്നാലെയാണ് തമിഴ്‌സെല്‍വിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ വീട്ടിലെത്തിയ ഇയാൾ ഉറങ്ങിക്കിടക്കുകയായിരുന്ന തമിഴ്‌സെല്‍വിയെ ടെഡിബെയര്‍ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ശേഷം മരണം ഉറപ്പുവരുത്താനും സംഭവം ആത്മഹത്യയാണെന്ന് ചിത്രീകരിക്കാനും യുവതിയുടെ കൈത്തണ്ടയിലെ ഞരമ്പുകള്‍ മുറിക്കുകയും ചെയ്തു. ഇതിനുശേഷം വീട്ടില്‍ നിന്നിറങ്ങിയ 15-കാരന്‍ ബന്ധുവിന്റെ സംസ്‌കാരചടങ്ങിലും പങ്കെടുത്തിരുന്നു.

×