അപകടത്തില്‍പ്പെട്ടെന്നു പറഞ്ഞ് യുവാവിനെ ആശുപത്രിയിലെത്തിച്ചു, മരിച്ചെന്നറിഞ്ഞതോടെ ഭാര്യയും കാമുകനും മുങ്ങി. യുവാവിനെ കൊലപ്പെടുത്തിയതെന്ന് പോലീസ്

ന്യൂസ് ബ്യൂറോ, മുംബൈ
Monday, December 31, 2018

മുംബൈ: അപകടത്തില്‍പ്പെട്ടെന്നു പറഞ്ഞ് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചതിന് പിന്നാലെ ഭാര്യയും കാമുകനും മുങ്ങി. ഇരുവര്‍ക്കുമായി പോലീസ് തിരച്ചിലാരംഭിച്ചു.

മുംബൈ താനെയിലുള്ള ഗായ്മുഖ് സ്വദേശിയായ ഗോപി കിസാന്‍ നായിക് (30) ആണ് കൊല്ലപ്പെട്ടത്. ഗോപിയെ ഭാര്യയും ഒരു യുവാവും ചേര്‍ന്ന് ബൈക്കിലാണ് സിവില്‍ ആശുപത്രിയില്‍ എത്തിച്ചത്. അപകടം സംഭവിച്ചു എന്നാണ് ഇരുവരും ഡോക്ടറോട് പറഞ്ഞത്.

എന്നാല്‍ യുവാവ് മരണപ്പട്ടു എന്നു പറഞ്ഞതോടെ ഇരുവരും ആശുപത്രി വിട്ടതായി ഡോക്ടര്‍ പോലീസില്‍ മൊഴിനല്‍കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കണ്ട ശേഷം ആശുപത്രിയില്‍ എത്തിച്ചത് ഭാര്യ പ്രിയയും(27) മഹേഷ് കരാളെ (28) എന്നായാളും ചേര്‍ന്നാണെന്ന് ഗോപിയുടെ ബന്ധുക്കള്‍ പോലീസില്‍ മൊഴിനല്‍കി.

ഗോപിയ്ക്ക് മര്‍ദനമേറ്റിട്ടുണ്ടെന്നും മരണം ശ്വാസം മുട്ടിയാണെന്നും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ സ്ഥിരീകരിച്ചു. ഇതോടെ ഗായ്മുഖിലുള്ള നായ്ക്കിന്റെ വീട് പോലീസ് പരിശോധിച്ചു. ഇവിടെ നിന്നും രക്തത്തിന്റെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

പ്രിയയും  മഹേഷും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഒന്നിച്ചു ജീവിക്കാനായി ഗോപിയെ ഒഴിവാക്കാനാണ് കൊലപാതകം എന്നുമാണ് പോലീസിന്റെ പ്രഥമിക നിഗമനം.

×