Advertisment

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; 20 കാരനെതിരെയുള്ള പോക്‌സോ കേസ് റദ്ദ് ചെയ്ത് കര്‍ണാടക ഹൈക്കോടതി

New Update
court2

ബംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് 20 കാരനെതിരെയുള്ള പോക്‌സോ കേസ് റദ്ദ് ചെയ്ത് കര്‍ണാടക ഹൈക്കോടതി. പെണ്‍കുട്ടിയുടേയും ആണ്‍കുട്ടിയുടേയും മാതാപിതാക്കള്‍ സംയുക്തമായി നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.

Advertisment

വിവാഹശേഷം ഇവര്‍ക്ക് ഒരു കുട്ടിയുണ്ടായി. കുട്ടിയേയും ഭാര്യയായ പെണ്‍കുട്ടിയെയും തന്റെ മകന്‍ നന്നായി പരിപാലിക്കുന്നുണ്ടെന്നും നിയമത്തെക്കുറിച്ചുള്ള അജ്ഞതമൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും മാതാപിതാക്കള്‍ കോടതിയെ ബോധിപ്പിച്ചു.

നിലവില്‍ 16 വയസുള്ള പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുന്നതോടെ നിയമപരമായി വീണ്ടും വിവാഹം കഴിക്കുമെന്നും മാതാപിതാക്കള്‍ പറഞ്ഞു.

ജസ്റ്റിസ് ഹേമന്ദ് ചന്ദന്‍ഗൗഡറിന്റെ സിംഗിള്‍ ബെഞ്ചാണ് ഉത്തരവിട്ടത്. 2006ലെ ശൈശവ വിവാഹ നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ട യുവാവിനെ ആശ്രയിച്ചാണ് അതിജീവിതയും കുട്ടിയും ജീവിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

നിലവില്‍ ആണ്‍കുട്ടി ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ അതിജീവിതയെയും കുട്ടിയെയും നോക്കാന്‍ കഴിയുന്നില്ല.

ആണ്‍കുട്ടിക്കെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ തുടര്‍ന്നാല്‍ ഇവരുടെ ജീവിതം കൂടുതല്‍ ദുസഹമാകുകയല്ലാതെ മറ്റ് ഗുണങ്ങള്‍ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികാതിക്രമത്തില്‍ നിന്ന് സംരക്ഷിക്കുക എന്നതാണ് പോക്‌സോ നിയമത്തിന്റെ ലക്ഷ്യം.

അനന്തരഫലങ്ങള്‍ അറിയാതെ ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട രണ്ട് കൗമാരക്കാര്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം കുറ്റകരമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

Advertisment