Advertisment

ബിൽക്കിസ് ബാനു കേസ്; ഗുജറാത്ത് സർക്കാരിന് കനത്ത തിരിച്ചടി, 11 പ്രതികൾ വീണ്ടും ജയിലിലേയ്‌ക്ക്, ശിക്ഷായിളവ് സുപ്രീംകോടതി റദ്ദാക്കി

New Update
bilkis

ന്യൂഡൽഹി: ഗുജറാത്ത് കലാപവുമായി​ ബന്ധപ്പെട്ട കൊലപാതക, മാനഭംഗക്കേസുകളി​ൽ ജീവപര്യന്തം തടവുശി​ക്ഷയ്‌ക്ക് വി​ധി​ക്കപ്പെട്ട 11 പ്രതി​കളെ വെറുതെ വി​ട്ടത് ചോദ്യംചെയ്‌ത് ഇരയായ ബി​ൽക്കി​സ് ബാനു അടക്കമുള്ളവർ നൽകി​യ ഹർജി​യിൽ സുപ്രീംകോടതി​ വി​ധി​ പറഞ്ഞു.

Advertisment

'ശിക്ഷ വിധിക്കുന്നത് പ്രതിയുടെ മാറ്റത്തിനും നവീകരണത്തിനുമാണ്. ഇരയായ സ്ത്രീയുടെ അവകാശവും നടപ്പാക്കണം. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ല. വിചാരണ നടന്നത് മഹാരാഷ്ട്രയിലായതിനാൽ അവിടത്തെ സർക്കാരിനായിരുന്നു അവകാശം.'- സുപ്രീംകോടതി പറഞ്ഞു. 11 പ്രതികൾക്ക് നൽകിയ ശിക്ഷാ ഇളവും കോടതി റദ്ദാക്കി. ഇവർ വീണ്ടും തടവ് ശിക്ഷ അനുഭവിക്കണം.

ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ഒക്‌ടോബർ 12ന് വി​ചാരണ പൂർത്തി​യാക്കി​ വി​ധി​ പറയാൻ മാറ്റി​യി​രുന്നു. ലോക്‌സഭാ തി​രഞ്ഞെടുപ്പ് അടുത്തി​രി​ക്കെ ബി​ജെപി​ക്കും കേന്ദ്രസർക്കാരി​നും നി​ർണായകമായിരുന്നു​.

2002ലെ ഗുജറാത്ത് കലാപത്തിലാണ് ബിൽക്കിസ് ബാനുവും കുടുംബവും കൊടുംക്രൂരതയ്ക്ക് ഇരയായത്. അഞ്ചു മാസം ഗർഭിണിയായിരുന്ന ബിൽക്കിസിനെ കൂട്ടമാനഭംഗത്തിനിരയാക്കി. ആദ്യകുഞ്ഞിനെ അക്രമികൾ കല്ലുകൊണ്ട് ഇടിച്ചുകൊന്നു. അമ്മയെ അടക്കം കൂട്ടമാനഭംഗം ചെയ്തു. കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടു.

2022ൽ സ്വാതന്ത്ര്യദിനത്തിലാണ് 14 വർഷം തടവു ശി​ക്ഷ അനുഭവി​ച്ചതും നല്ലനടപ്പ് പരി​ഗണി​ച്ചതും ചൂണ്ടി​ക്കാട്ടി​ ഗുജറാത്ത് സർക്കാർ ജീവപര്യന്തം തടവുകാരെ വി​ട്ടയച്ചത്. ഇതി​നെതി​രെ സി​.പി​.എം നേതാവ് സുഭാഷിണി അലി, തൃണമൂൽ മുൻ എം.പി മഹുവ മൊയ്‌ത്ര, മുൻ ഐ.പി.എസ് ഓഫീസർ മീരൻ ചദ്ദ ബോർവങ്കർ എന്നിവരുടേത് ഉൾപ്പെടെ പൊതുതാത്പ്പര്യ ഹർജികളാണ് ആദ്യം സുപ്രീംകോടതിയിൽ വന്നത്. പിന്നീട് ബിൽക്കിസ് ബാനുവും ഹർജി​ നൽകി​. തനിക്കും കുടുംബാംഗങ്ങൾക്കും എതിരെ ഭീകരമായ കുറ്റകൃത്യങ്ങൾ ചെയ്ത തടവുകാരെ മോചിപ്പിച്ചത് മാനസി​കാഘാതമുണ്ടാക്കി​യെന്ന് ബിൽക്കിസ് വാദിച്ചു.

<p>ജസ്വന്ത് നായി, ഗോവിന്ദ് നായ്, ശൈലേഷ് ഭട്ട്, രാധ്യേഷം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വൊഹാനിയ, പ്രദീപ് മോർധിയ, ബകാഭായ് വോഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവരാണ് മോചിപ്പിക്കപ്പെട്ട 11 പ്രതികൾ. 2022 ഓഗസ്റ്റ് 15ന്, 15 വർഷത്തെ ജയിൽവാസം പൂർത്തിയാക്കിയതിനാൽ, അവരുടെ പ്രായവും തടവുകാലത്തെ പെരുമാറ്റവും പരിഗണിച്ച് അവരെ വിട്ടയയ്ക്കുകയായിരുന്നു.

Advertisment