Advertisment

നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക - സാമൂഹ്യപ്രവർത്തക ദയാ ബായി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
dayabai zoom meeting

ഡല്‍ഹി: ഒരു വ്യക്തിയുടെ ജീവിതാലക്ഷ്യം എന്തെന്ന് തിരിച്ചറിഞ്ഞ് അവയെ പിന്തുടരുവാനുള്ള പരിശ്രമമാണ് വേണ്ടതെന്ന് സാമൂഹ്യപ്രവർത്തക ദയാബായി അഭിപ്രായപ്പെട്ടു. ആൻ ഇൻറർനാഷണൽ മലയാളി നേഴ്സസ് അസംബ്ലി (എയിംന) യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാദിന ടോക്ക് ഷോയിൽ സംസാരിക്കുകയായിരുന്നു ദയാബായി. 

Advertisment

എയിംനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി പങ്കാളിത്തം കൊണ്ടും ആശയ സമ്പുഷ്ടത കൊണ്ടും ശ്രദ്ധേയമായി. സൂം പ്ലാറ്റ്ഫോമിൽ നടത്തിയ പരിപാടി കേരള നഴ്സസ് ആൻഡ് മിഡ്‌വെയിഫറി കൗൺസിൽ റജിസ്ട്രാർ പ്രൊഫ: ഡോ: പി .എസ്. സോന ഉദ്ഘാടനം ചെയ്തു. സ്വയം എടുക്കുന്ന തീരുമാനങ്ങളിൽ കൂടി മാത്രമേ വനിതാ ശാക്തീകരണം പൂർണ്ണമാകൂ എന്ന് അവർ അഭിപ്രായപ്പെട്ടു. 

മനുഷ്യാവകാശവും സ്ത്രീസുരക്ഷയും ഹനിക്കപ്പെടുന്ന നാടായി കേരളം മാറിയെന്നും ദയാ ഭായി പറഞ്ഞു. തനിക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോട് ആഭിമുഖ്യം ഇല്ലെന്നും ബൈബിളിൽ  വ്യാഖ്യാനിക്കപ്പെടുന്ന പാവങ്ങളുടെ സുവിശേഷവും ഒപ്പം ഇന്ത്യൻ ഭരണഘടനയുടെ ആമുഖവുമാണ് തൻറെ രാഷ്ട്രീയ കാഴ്ചപ്പാട് എന്നും അവർ കൂട്ടിച്ചേർത്തു.

താഴെക്കിടയിൽ ഉള്ളവരുടെ ജീവിതവുമായി ഇഴുകി ചേരുക എന്ന തൻറെ ജീവിതലക്ഷ്യം പിന്തുടർന്നാണ് സാമൂഹിക സേവന രംഗത്ത് എത്തിയത്. ഒരു നേഴ്സ് എന്ന നിലയിൽ പഠന സമയത്ത്  ഉണ്ടായ അനുഭവങ്ങളും അതിലേക്ക് വ്യക്തമായി സ്വാധീനിച്ചു. തനിക്ക് ദൈവവുമായി പുക്കിൾകൊടി ബന്ധമാണ് ഉള്ളത്. തന്റെ പ്രവർത്തന മേഖലയിൽ അതിൻറെ പ്രതിഫലനമാണ് കാണാൻ സാധിക്കുന്നത്.

ആധുനിക കാലഘട്ടത്തിൽ കുടുംബ ബന്ധങ്ങൾ തകരുന്നതിൽ ഒത്തിരി വേദനിക്കുന്ന ആളാണ് താൻ. മനുഷ്യ ബന്ധങ്ങളിൽ വിള്ളൽ വീണാൽ അതിനെ ശരിയാക്കാൻ പരിശ്രമിക്കുക. അല്ലെങ്കിൽ മാത്രം മറ്റ് വഴികളിലേക്ക് ചിന്തിക്കാവൂ എന്നും ദയാഭായി അഭിപ്രായപ്പെട്ടു.

എയിംന സ്ഥാപകൻ സിനു ജോൺ കറ്റാനം ഏകോപനം നിർവഹിച്ച പരിപാടിയിൽ അയർലണ്ടിൽ നിന്നും ജിഷ ഷിബു അവതാരകയായും ഓസ്ട്രേലിയയിൽ നിന്ന് ബിസി തോപ്പിൽ, ബിന്ദു പി ആർ, സ്വിറ്റ്സർലൻഡിൽ നിന്ന് ജിജി പ്രിൻസ്, അമേരിക്കയിൽ നിന്ന് അനില സന്ദീപ് എന്നിവർ പാനൽ ചർച്ചയിൽ പങ്കാളികളായി.

ഷാനി ടി. മാത്യുവും മാത്യു വർഗീസും സാജു സ്റ്റീഫനും സാങ്കേതിക പിന്തുണ നൽകി. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള മലയാളി നേഴ്സുമാർ സമൂഹമാധ്യമങ്ങൾ വഴി പരിപാടിയിൽ പങ്കെടുത്തു.

- സാജു സ്റ്റീഫൻ

Advertisment