Advertisment

ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപമാനിച്ച മാലിദ്വീപിന് വന്‍ തിരിച്ചടി! രോഷാകുലരായി ഇന്ത്യക്കാര്‍: പതിനായിരത്തോളം ഹോട്ടല്‍ ബുക്കിംഗും 5000 വിമാന ടിക്കറ്റുകളും റദ്ദാക്കി

New Update
Untitled

ഡല്‍ഹി: മാലിദ്വീപിനോടുള്ള ഇന്ത്യയുടെ രോഷം ശമിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ കടുത്ത നടപടികളാണ് മാലിദ്വീപിനെതിരെ ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ നിരവധി പ്രതികരണങ്ങള്‍ വന്നു കഴിഞ്ഞു. 

Advertisment

 ഇന്ത്യയിലെ മുന്‍നിര ട്രാവല്‍ കമ്പനികളും മാലിദ്വീപിനെതിരെ രോഷം പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ യാത്രാ ബുക്കിംഗ് കമ്പനിയായ ഈസ്‌മൈട്രിപ്പ് മാലിദ്വീപിലേക്കുള്ള എല്ലാ വിമാന ബുക്കിംഗുകളും റദ്ദാക്കി രംഗത്തെത്തി. കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ നിശാന്ത് പിട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ ഐക്യദാര്‍ഢ്യത്തിനൊപ്പം ചേരുന്നതിന്റെ ഭാഗമായി മാലിദ്വീപിലേക്കുള്ള എല്ലാ വിമാന ബുക്കിംഗുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് നിശാന്ത് പിട്ടി പറഞ്ഞു.

മോദിക്കും ഇന്ത്യക്കുമെതിരെ മാലദ്വീപ് മന്ത്രിമാര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ രോഷവും പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയ മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്ഫോമുകള്‍ വരെ എല്ലായിടത്തും ഈ രോക്ഷത്തിന്റെ ഫലങ്ങള്‍ കാണാം. ഇതുവരെ 10,500 ഹോട്ടല്‍ ബുക്കിംഗുകളും 5,520 വിമാന ടിക്കറ്റുകളും റദ്ദാക്കിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെടുന്നത്.

മാലിദ്വീപിലെ ടൂറിസം വ്യവസായത്തിന് വലിയ തിരിച്ചടിയാണ് ഈ നടപടികളെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ദ്വീപില്‍ നിന്നും ഇന്ത്യന്‍ സൈന്യം പിന്‍മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിനോദസഞ്ചാരത്തിന് മാലിദ്വീപിനേക്കാള്‍ നല്ലത് ലക്ഷദ്വീപാണെന്നാണ് ആളുകള്‍ പറയുന്നത്. ലക്ഷദ്വീപിന്റെ മനോഹരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തുടര്‍ച്ചയായി പോസ്റ്റ് ചെയ്യപ്പെടുന്നു. ആയിരക്കണക്കിന് ഇന്ത്യക്കാരാണ് മാലിദ്വീപിലേക്ക് പോകാനുള്ള തങ്ങളുടെ പദ്ധതികള്‍ റദ്ദാക്കിയത്.

ഓണ്‍ലൈന്‍ ഫോറങ്ങളും ട്രാവല്‍ ബുക്കിംഗ് പ്ലാറ്റ്ഫോമുകളും നിരാശയും രോഷവും നിറഞ്ഞ കമന്റുകളും അവലോകനങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പല ഇന്ത്യന്‍ വിനോദസഞ്ചാരികളും തങ്ങളുടെ രോഷം പ്രകടിപ്പിക്കുകയും ഭാവിയില്‍ മാലിദ്വീപ് സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി.

ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ ഈ ബഹിഷ്‌കരണം മാലിദ്വീപിലെ ടൂറിസം വ്യവസായത്തിന് വലിയ തിരിച്ചടിയാണ്. മാലിദ്വീപിന്റെ സമ്പദ്വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗം വിനോദസഞ്ചാരത്തെ ആശ്രയിച്ചാണ്. വരും കാലങ്ങളില്‍ മാലിദ്വീപിലെ വിനോദസഞ്ചാരത്തെ ഇത് എത്രത്തോളം ബാധിക്കുമെന്ന് കണ്ടറിയണം.

Advertisment