Advertisment

ശ്രീകൃഷ്ണ ജന്മഭൂമി: മഥുര ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ നടത്താനുള്ള ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ

New Update
supreme court sebi.jpg

ഡല്‍ഹി:മഥുരയിലെ കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ കോടതി നിരീക്ഷണത്തില്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2023 ഡിസംബര്‍ 14ലെ ഉത്തരവാണ് സ്റ്റേ ചെയ്തത്. 

Advertisment

മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് സമുച്ചയത്തിന്റെ സര്‍വേ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14ന് അലഹബാദ് ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഇതിനെതിരെ മുസ്ലീം വിഭാഗം സുപ്രീം കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിധി. 

ഈ കേസില്‍ ഹൈക്കോടതിയില്‍ വാദം തുടരുമെന്നും എന്നാല്‍ സര്‍വേ നടത്താന്‍ കോടതി കമ്മീഷണറെ നിയമിക്കുന്നതിന് ഇടക്കാല സ്‌റ്റേ ഉണ്ടാകുമെന്നും മുസ്ലീം പക്ഷത്തിന്റെ ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.  ഹിന്ദു പക്ഷം നല്‍കിയ അപേക്ഷയില്‍ വ്യക്തതയില്ലെന്നു്ം സുപ്രീംകോടതി സൂചിപ്പിച്ചു.  

ആരാധനാലയങ്ങളുടെ (പ്രത്യേക വ്യവസ്ഥകള്‍) നിയമം, 1991ല്‍ മതപരമായ സ്ഥലങ്ങളുടെ സ്വഭാവം മാറ്റുന്നത് തടയുന്ന നിയമപ്രകാരം സര്‍വേ നടത്താനുള്ള ഹര്‍ജി തള്ളണമെന്നാണ്  മസ്ജിദ് കമ്മിറ്റി  ആവശ്യപ്പെട്ടത്‌.

ഷാഹി ഈദ്ഗാഹില്‍ സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ ഹരി ശങ്കര്‍ ജെയിന്‍, വിഷ്ണു ശങ്കര്‍ ജെയിന്‍, പ്രഭാഷ് പാണ്ഡെ, ദേവ്കി നന്ദന്‍ എന്നിവര്‍ മുഖേനയാണ്  ഹര്‍ജി നല്‍കിയത്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലം മസ്ജിദിന് താഴെയാണെന്നും മസ്ജിദ് ഹിന്ദു ക്ഷേത്രമായിരുന്നുവെന്നതിന് തെളിവുകളുണ്ടെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

Advertisment