Advertisment

മലയാളികൾക്ക് അഭിമാനമായി നോർത്ത് അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മലയാളി പോലീസ് ചീഫ് ആയി ബ്രൂക്ക്ഫീൽഡ് സിറ്റിയിൽ മൈക്കിൾ കുരുവിള സ്ഥാനമേറ്റു. പുതിയ പോലീസ് ചീഫിന്റെ പ്രഥമ അഭിമുഖം ഏഷ്യാനെറ്റ് യുഎസ് വീക്കിലി റൌണ്ട് അപ്പിൽ  ഇന്ന്

New Update

publive-image

Advertisment

ചിക്കാഗോ: ലോകമെമ്പാടുമുള്ള മലയാളികൾക്ക് അഭിമാനമായികൊണ്ട് ചിക്കാഗോയ്ക്ക് അടുത്തുള്ള ബ്രൂക്ക്ഫീല്‍ഡ് സിറ്റിയിലെ പോലീസ് ചീഫ് ആയി മൈക്കിൾ കുരുവിള ചുമതലയേറ്റു.

അമേരിക്കയിലും മറ്റു വിദേശരാജ്യങ്ങളിലും പോലീസ് ഡിപ്പാർട്ട്മെന്റുകളിൽ അഭിമാനാർഹമായ നിലകളിൽ മലയാളികൾ എത്തിയിട്ടുണ്ട് എങ്കിലും ഇന്ത്യക്ക് വെളിയിൽ ഒരു പോലീസ് ഡിപ്പാർട്ട്മെന്റിന്റെ തലപ്പത്തെത്തുന്ന ആദ്യ മലയാളി എന്ന അഭിമാനിക്കാവുന്ന നേട്ടമാണ് ചിക്കാഗോ പ്രദേശത്തെ ഈ മലയാളി നേടിയെടുത്തിരിക്കുന്നത്. പോലീസ് ചീഫ് മൈക്കിൾ കുരുവിളയുടെ പ്രത്യേക അഭിമുഖം ഏഷ്യാനെറ്റ് യുഎസ് വീക്കിലി റൌണ്ട് അപ്പിൽ ഇന്ന് (വെള്ളിയാഴ്ച 9.30 പിഎം EST) സംപ്രേക്ഷണം ചെയ്യുന്നു.

ചിക്കാഗോയ്ക്ക് അടുത്ത് ലിങ്കൺഷെയറിലെ സ്റ്റീവൻസൺ ഹൈക്കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിൽ നിന്നും സോഷ്യൽ വർക്കിൽ ബാച്ചലേഴ്‌സ് ഡിഗ്രിയും മാസ്റ്റേഴ്സ് ഡിഗ്രിയും കരസ്ഥമാക്കിയതിന് ശേഷം ഇപ്പോൾ ജോലിചെയ്യുന്ന ബ്രൂക്ക്ഫീൽഡ് പോലീസ് ഡിപ്പാർട്ട്മെന്റ് അടക്കം വിവിധ പോലീസ് ഡിപ്പാർട്ട്മെന്റുകളിലെ പോലീസ് ക്രൈസിസ് വർക്കർ ആയാണ് മൈക്കിൾ കുരുവിള ജോലി ആരംഭിച്ചത്.

താമസിയാതെ തന്നെ ബ്രൂക്ക് ഫീൽഡ് പോലീസിൽ 2006 മുതൽ ജോലി ആരംഭിച്ചു. അദ്ദേഹത്തിന്റെ സ്തുത്യർഹമായ സേവനങ്ങൾക്കും കഠിന പ്രയത്നങ്ങൾക്കും ഉള്ള അംഗീകാരമായി, 2013 ൽ ഡിറ്റക്ട്ടീവായും അതെ വര്ഷം തന്നെ സെർജെന്റ് ആയും പ്രൊമോഷൻ ലഭിച്ചു.

ഇതിനിടെ ആറ് വര്ഷം പോലീസ് യൂണിയൻ പ്രസിഡണ്ട് ആയും സേവനം ചെയ്തിട്ടുണ്ട്. 2019 ന്റെ ആരംഭത്തിൽ Lieutenant ആയും 2019 അവസാനത്തോടെ ഡെപ്യൂട്ടി പോലീസ് ചീഫ് ആയും മാറി.

ലോകമെമ്പാടുമുള്ള പോലീസ് ഡിപ്പാർട്മെന്റുകളിലെ നേതൃത്വത്തെ കൂട്ടിയിണക്കുന്ന സംഘടനയായ The International Association of Chiefs of Police (IACP) 2020 ൽ 40 വയസ്സിൽ താഴെയുള്ള നേതൃത്വ നിരയിലേക്ക് കടന്നു വന്ന 40 പൊലീസുകാരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുത്തപ്പോൾ ആ നേട്ടത്തിന് അർഹനായ ഏക ഇന്ത്യൻ വംശജൻ എന്ന ബഹുമതിയും മൈക്കിൾ കുരുവിള സ്വന്തമാക്കിയിരുന്നു.

കോട്ടയം സ്വദേശികളാണ് മൈക്കിൾ കുരുവിളയുടെ മാതാപിതാക്കളായ ജോൺ & സലീന. ഭാര്യ സിബിൽ കുരുവിള സോഷ്യൽ വർക്കാറായി ജോലി ചെയ്യുന്നു. മക്കൾ സാമുവേൽ & മിക്കാ.

പതിനഞ്ചുവര്‍ഷങ്ങള്‍കൊണ്ട് പോലീസിന്റെ താഴെത്തട്ടിൽ നിന്ന് സേവനം ചെയ്ത് പോലീസ് ചീഫ് വരെ ആയിരിക്കുന്ന മൈക്കിൾ കുരുവിള നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിന് പ്രചോദനവും അഭിമാനവുമാണ് എന്നും നോർത്ത് അമേരിക്കയിലെ വളർന്നു വരുന്ന തലമുറക്ക് മാതൃകയായി അദ്ദേഹത്തിന്റെ കരിയർ മാറുകയും ചെയ്യട്ടെ എന്നും ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക നാഷണൽ പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ് ആശംസിച്ചു. ഫോമാ നാഷണൽ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ചിക്കാഗോ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.

മൈക്കിൾ കുരുവിളയുമായി ഡോ സിമി ജെസ്റ്റോ നടത്തിയ അഭിമുഖം ഏഷ്യനെറ്റ് യുഎസ് വീക്കിലി റൌണ്ട് അപ്പിലൂടെ വെള്ളിയാഴ്ച വൈകിട്ട് 9.30 (EST) ന് സംപ്രേക്ഷണം ചെയ്യും. മലയാളികൾക്ക് അഭിമാനമായ നോർത്ത് അമേരിക്കയിലെ ആദ്യത്തെ മലയാളി പോലീസ് ചീഫിന്റെ പ്രഥമ അഭിമുഖം നോർത്ത് അമേരിക്കൻ മലയാളികളുടെ ഏറ്റവും ആദ്യത്തെ പ്രതിവാര പരിപാടിയായ ഏഷ്യാനെറ്റ് യുഎസ് വീക്കിലി റൌണ്ട് അപ്പിലൂടെ തെന്നെ സംപ്രേക്ഷണം ചെയ്യുവാൻ സാധിക്കുന്നതിൽ അഭിമാനിക്കുന്നതായും, പോലീസ് ചീഫ് മൈക്കിൾ കുരുവിളയ്ക്ക് അനുമോദനങ്ങൾ അറിയിക്കുന്നതായും പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്ത് അറിയിച്ചു.

-റിപ്പോർട്ട്: അനിൽ മറ്റത്തികുന്നേൽ

Advertisment