Advertisment

ഇസ്രേയേലില്‍ റെഡ് അലര്‍ട്ടുള്ള ദിവസങ്ങള്‍ കേരളത്തിലെ ഹര്‍ത്താല്‍ പോലെ ; ആരും പുറത്തിറങ്ങില്ല, കടകള്‍ അടഞ്ഞുകിടക്കും ; എവിടെയും വിഷുക്കാലത്ത് പടക്കം പൊട്ടുന്നതു പോലെ ഇടവിട്ടും അല്ലാതെയും ബോംബുകള്‍ പൊട്ടുന്നതിന്റെ ശബ്ദം മാത്രം , തൃശൂര്‍ പൂരത്തിന് നടത്തുന്ന വെടിക്കെട്ടെന്ന് മനസ്സില്‍ സങ്കല്‍പ്പിച്ച് സുരക്ഷാ മുറിയില്‍ കയറിയിരിക്കും ; ഇനി അഥവാ എന്തെങ്കിലും സംഭവിച്ചാല്‍ 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സുണ്ട് ; വീട്ടുകാരെങ്കിലും രക്ഷപ്പെടുമല്ലോ ; പാലസ്തീനില്‍ നിന്ന് വെടിയൊച്ച ഉയരുമ്പോള്‍ നെഞ്ചില്‍ തീയുമായി ഇസ്രേയേലില്‍ ജീവിക്കുന്ന മലയാളികള്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : പാലസ്തീനില്‍ നിന്ന് വെടിയൊച്ച ഉയരുമ്പോള്‍ നെഞ്ചില്‍ തീയുമായി കഴിയുകയാണ് ഇസ്രേയേലില്‍ ജീവിക്കുന്ന മലയാളികള്‍ . ജോലിക്കായി പോകുമ്പോള്‍ കുടുംബത്തെ ഒപ്പം കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ നാടും വീടും വിട്ട് എല്ലാവരും ഒറ്റയ്ക്കാണ് പോയിരിക്കുന്നത്. കേരളത്തിൽനിന്ന് ഇസ്രയേലിലേക്കു തൊഴിൽ തേടി പോട്ടുള്ളവരിൽ ഭൂരിഭാഗവും വടക്കൻ ജില്ലകളിൽ നിന്നാണ്  .

Advertisment

publive-image

കോഴിക്കോട് സ്വദേശിനി ദീപ ജോലി ചെയ്യുന്ന അഷിദോദിലെ വീട്ടിലാണു മൂന്നു ദിവസമായി നാട്ടുകാരിയും സുഹൃത്തുമായ ലിബിയും താമസിക്കുന്നത്. ഗാസയിൽ ബോംബാക്രമണം രൂക്ഷമായപ്പോൾ, ലിബി താമസിച്ചിരുന്ന അഷ്കെലോണിലെ വീട്ടിൽ സുരക്ഷാ മുറി ഇല്ലാത്തതിനാൽ സുരക്ഷ തേടിയെത്തിയതാണ്. ജോലി ചെയ്തിരുന്ന വീട്ടിലുള്ളവരും താൽകാലികമായി ഏതോ ബന്ധുവീട്ടിലേക്കു താമസം മാറ്റിയിട്ടുണ്ട്.

ഗാസയിൽനിന്നു തൊട്ടടുത്ത പ്രദേശങ്ങളായ അഷ്ദോതിലും അഷ്കെലോണിലുമെല്ലാം ബോംബു വർഷമുണ്ടായിട്ടുണ്ട്. അഷ്കെലോണിൽ കുറേപ്പേർക്കു പരുക്കേറ്റു. തുടർന്നായിരുന്നു ഇസ്രയേലിന്റെ ആക്രമണവും പ്രത്യാക്രമണവുമെല്ലാം. ഗാസയ്ക്ക് അടുത്തുള്ള പ്രദേശങ്ങളാണ് അഷ്ദോദും അഷ്കെലോണും. ഇസ്രയേലിനെ ഈ ചെറിയ ബോംബിട്ടൊന്നും തകർക്കാനാവില്ലെന്ന് അവർക്കറിയാം.

ഈ അയൺഡോം മിസൈൽ വേധ സംവിധാനം ഉണ്ടാക്കുന്നതിനു വൻ തുക ചെലവഴിക്കേണ്ടി വരുന്നതിലൂടെ ഇസ്രയേലിനു കടുത്ത സാമ്പത്തിക നഷ്ടമുണ്ടാകും. അത് ഉയർത്തി സാമ്പത്തിക നില തകർക്കുകയാണ് പലസ്തീനും ഹമാസും ലക്ഷ്യമിടുന്നതു പോലും.

തിങ്കളാഴ്ച അതിർത്തിയിൽ ആക്രമണം തുടങ്ങിയപ്പോൾ മുതൽ മുതൽ ഇവിടെ റെഡ് അലർട്ടാണ്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തു പോകരുതെന്നു നിർദേശമുണ്ട്. ഹമാസ് ബോംബ് വർഷമുണ്ടായാൽ അലാറം മുഴങ്ങും. എവിടെയായിരുന്നാലും എത്രയും പെട്ടെന്നു സുരക്ഷാ മുറി കണ്ടു പിടിച്ച് കയറി ഒളിച്ചു കൊള്ളണം. ആദ്യമൊക്കെ പുതുമയായിരുന്നു. ഇപ്പോൾ പതിവു സംഗതിയായി മാറിയിട്ടുണ്ട്. എല്ലാ വീട്ടിലും സുരക്ഷാ മുറിയുണ്ടാകണമെന്നില്ല.

പുതിയ വീടുകളിലെല്ലാം ഒരു മുറി സുരക്ഷാ മുറിയായാണു പണിയുക. ദീപ താമസിക്കുന്നത് ഒമ്പത് നിലയുള്ള കെട്ടിടത്തിലാണ്. ഇതിനു മുകളിൽ മുതൽ താഴെ വരെ സുരക്ഷാ മുറിയുണ്ട്. ഇത് എവിടെയാണെന്ന് നേരത്തേ അറിഞ്ഞു വയ്ക്കണമെന്നു മാത്രം. ഇരുമ്പു ചുമരുകൊണ്ടുള്ള ഈ മുറിക്ക് അത്യാവശ്യം വായു കടക്കാൻ മാത്രം ഒരു ജനൽ മാത്രമാണ് ഉണ്ടാകുക.

വീടിനു പുറത്തു നിന്നാൽ ബോബുകൾ ആകാശത്തുകൂടി ചീറി വരുന്നതു കാണാം. ഉടൻ തന്നെ ഇസ്രയേൽ സൈന്യത്തിന്റെ അയൺ ഡോം ഇവ തകർക്കുന്നതും കാണാം. ഗാസയിൽനിന്നു വരുന്ന ബോംബുകളിൽ പത്തിൽ ഒമ്പതും ഈ ഡോമുകൾ തകർക്കാറുണ്ട്. ഒരെണ്ണമൊക്കെയാണ് താഴെ വീണു പൊട്ടി അപകടമുണ്ടാകുന്നത്.

അതിനുള്ള സാധ്യതയുള്ളതുകൊണ്ടാണ് എല്ലാവരും വീടുകളിലെ സുരക്ഷാ മുറിയിൽ അഭയം പ്രാപിക്കുന്നത്. അലാറം മുഴങ്ങുന്നത് ടൗണിലുള്ളപ്പോഴാണെങ്കിൽ അവിടെയും സുരക്ഷാ മുറികളുണ്ട്. ഗാസയിൽ നിന്നോ മറ്റോ റോക്കറ്റ് വിക്ഷേപിച്ചാൽ ഉടൻ ഇസ്രയേലിന്റെ റഡാർ കണ്ണുകളിൽ അതു പെടും. ഉടൻ സൈനിക അലാറം തനിയെ മുഴങ്ങുന്നതാണു സംവിധാനം.

റെഡ് അലർട്ട് ഉള്ള ദിവസങ്ങളിൽ നാട്ടിലെ ഹർത്താൽ പോലെയാണ്. ആരും പുറത്തിറങ്ങില്ല, കടകൾ അടഞ്ഞു കിടക്കും, സ്കൂളുകൾക്കെല്ലാം അവധി. വിഷുക്കാലത്തു പടക്കം പൊട്ടുന്നതു പോലെ ഇടവിട്ടും അല്ലാതെയും ബോംബുകൾ പൊട്ടുന്നതിന്റെ ഒച്ച കേൾക്കാം. വെടിപൊട്ടിയ ശേഷമുള്ള പുകയും അതിന്റെ മണവും കുറെ സമയത്തേക്ക് അവിടെയെല്ലാം വ്യാപിച്ചിട്ടുണ്ടാകും.

ഇതെല്ലാം തൃശൂർ പൂരത്തെ ഓർമിപ്പിക്കുമെന്നല്ലാതെ ഇപ്പോൾ പേടിയൊന്നും തോന്നാറില്ല. കുഞ്ഞുങ്ങളെ വിട്ടു നിൽക്കുന്നതിന്റെ വിഷമമുണ്ട്. ഇനി അഥവാ എന്തെങ്കിലും പറ്റിയാൽ ഓരോരുത്തർക്കും 25 ലക്ഷം രൂപയുടെ ഇൻഷുറൻസുണ്ട്. വീട്ടുകാരെങ്കിലും രക്ഷപ്പെടുമല്ലോ എന്ന് ദീപ.

ഇസ്രയേലിൽ എത്തി ആദ്യ ശമ്പളം വാങ്ങിയതേയുള്ളൂ കണ്ണൂർ സ്വദേശിനി ഷിനി. കഴിഞ്ഞ ദിവസം വെടിപൊട്ടുന്ന ശബ്ദം കേട്ട് ആദ്യം ഭയപ്പെട്ടെങ്കിലും സാധാരണ സംഭവമാണ്, പേടിക്കാനില്ലെന്നു ജോലി ചെയ്യുന്ന വീട്ടുകാർ പറഞ്ഞപ്പോഴാണ് ആശ്വാസമായതത്രേ.

Advertisment