Advertisment

ശബരിമല വിഷയത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാണോ മുഖ്യമന്ത്രിക്കും കേരള നേതൃത്വത്തിനും എന്ന് വ്യക്തമാക്കണം : എംടി രമേശ്

New Update

publive-image

Advertisment

കോഴിക്കോട്: ശബരിമല വിഷയത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടാണോ മുഖ്യമന്ത്രിക്കും സിപിഎമ്മിന്റെ കേരളഘടകത്തിനും ഉള്ളത് എന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് നോര്‍ത്ത് മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ എംടി രമേശ് ആവശ്യപ്പെട്ടു. ദേവസ്വം മന്ത്രിയുടെ ഖേദപ്രകടനത്തിലൂടെ വിശ്വാസി സമൂഹത്തെ പറ്റിയ്ക്കാനുള്ള കപടതയാണ് കാണിക്കുന്നത്. ഒരുവശത്ത് വിശ്വാസിസമൂഹത്തിനൊപ്പം എന്നുപറയുകയും മറുവശത്ത് വിശ്വാസികളെ പറ്റിക്കുകയുമാണ് സിപിഎം ചെയ്യുന്നത്.

ശബരിമല പ്രക്ഷോഭ സമയത്ത് നടത്തിയ പ്രവൃത്തിയെക്കാള്‍ വഞ്ചനാപരമായ നിലപാടാണ് സര്‍ക്കാരും പാര്‍ട്ടിയും ഇന്ന് കാണിക്കുന്നത്. കേരളത്തിലെ പൊതുസമൂഹവും വിശ്വാസികളും മുഖ്യമന്ത്രിയില്‍ നിന്നും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് ഒരു ഉത്തരം മാത്രമാണ്. കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാണോ ഇപ്പോൾ ഉള്ളത് അതോ വിശ്വാസികള്‍ക്ക് ഒപ്പമാണോ എന്ന കാര്യം വ്യക്തമാക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്ലീം ലീഗിനുവേണ്ടി സീതാറാം യെച്ചൂരി കേരളത്തിന്‌ പുറത്ത് പ്രചരണം നടത്താന്‍ പോകുകയാണ്. കേരളത്തില്‍ മാത്രമാണോ ലീഗ് വര്‍ഗീയ പാര്‍ട്ടി എന്നത് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വ്യക്തമാക്കണം. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയുമാണ് ജനറൽ സെക്രട്ടറി ചെയ്തത്.

കേരളത്തിന് പുറത്ത് ലീഗും മറ്റ് വര്‍ഗീയകക്ഷികളുമായി ബന്ധം പുലര്‍ത്തിയിട്ട് ഇവിടെ വന്ന് ജമാ അത്ത് ഇസ്ലാമിനെ കുറ്റംപറയുന്നതിന്റെ യുക്തിയെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണം. കേരളത്തിലെ മുസ്ലീം ലീഗ് മാത്രമാണോ യെച്ചൂരിക്ക് വര്‍ഗീയം. മറ്റുസ്ഥലങ്ങളില്‍ ലീഗ് സ്വര്‍ഗീയമാണോഎന്ന് വ്യക്തമാക്കണം. തെരഞ്ഞടുപ്പ് കാലത്ത് വർഗീയകക്ഷികളുമായുള്ള സിപിഎമ്മിന്‍റെ ബന്ധം ആത്മഹത്യപരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കോഴിക്കോട് ജില്ലയില്‍ മുഖ്യമന്ത്രിയുടെ പ്രചരണപരിപാടിക്ക് മണ്ഡലം തെരഞ്ഞെടുത്തിലൂടെ സ്വര്‍ണ ക്കള്ളക്കടത്തുകാരോടും ധനികരോടും ഉള്ള സിപിഎമ്മിന്‍റെയും മുഖ്യമന്ത്രിയുടെയും വിധേയത്വം തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അനുഭാവികളും പാരമ്പര്യമുള്ള കുടുംബത്തിലെ അംഗങ്ങളും മത്സരിക്കുന്ന ഒരു മണ്ഡലത്തിലും പോകാതെ കൊടുവള്ളിയില്‍ പോയതോടെ പാര്‍ട്ടിയും മുഖ്യമന്ത്രിയും സ്വര്‍ണക്കള്ളക്കടത്ത് പ്രതികള്‍ക്ക് ഒപ്പമാണെന്ന് വ്യക്തമായതായി എംടി രമേശ് പറഞ്ഞു.

എല്‍ഡിഎഫ് യുഡിഎഫ് തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായിട്ടാണ് ധര്‍മ്മടത്ത്‌ ഒരു മുതിര്‍ന്ന കോൺഗ്രസ്‌ നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കാത്തത്. കേരളത്തിന് പുറത്ത് മുഖ്യമന്ത്രിയെ യുപിഎയുടെ സ്റ്റാര്‍ ക്യാമ്പയിനര്‍ ആക്കിയത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ല ജനറല്‍ സെക്രട്ടറി എം. മോഹനന്‍ മാസ്റ്റര്‍, മണ്ഡലം പ്രസിഡന്റ് കെ. ഷൈബു എന്നിവര്‍ പങ്കെടുത്തു.

kozhikode news
Advertisment