യാത്രക്കാരിയായ യുവതിയുടെ മുന്നില്‍ സ്വയംഭോഗം ചെയ്ത ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, മുംബൈ
Saturday, August 25, 2018

മുംബൈ: യാത്രക്കാരിയായ യുവതിയുടെ മുന്നില്‍ സ്വയംഭോഗം ചെയ്ത ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശി രാജ്ബഹദൂര്‍ പാലാണ് (37) പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.

മുംബൈ മലാദ് ലിങ്ക് റോഡില്‍ നിന്നും ബോറിവാലിയിലേക്ക് ഓട്ടോയില്‍ യാത്ര ചെയ്ത യുവതിക്കാണ് ദുരനുഭവമുണ്ടായത്. ഓട്ടോയില്‍ കയറി അല്‍പസമയത്തിനകം രാജ്ബഹദൂര്‍ വിജനമായ റോഡിലേക്ക് കൊണ്ടുപോയി. ഇതിനിടെ പാന്റ്‌സ് അഴിക്കുകയും യുവതിക്ക് നേരേ തിരിഞ്ഞ് സ്വയംഭോഗം ചെയ്യാന്‍ തുടങ്ങുകയും ചെയ്തു.

ഈസമയം ഒരു സുഹൃത്തുമായി ഫോണില്‍ സംസാരിക്കുകയായിരുന്ന യുവതി ഓട്ടോ ഡ്രൈവറുടെ പെരുമാറ്റത്തെക്കുറിച്ച് സുഹൃത്തിനോട് സൂചിപ്പിച്ചിരുന്നു. എന്നാല്‍ രാജ്ബഹദൂറിന്റെ പെരുമാറ്റത്തില്‍ മാറ്റമുണ്ടായില്ല. തുടര്‍ന്ന് സംഭവം പന്തിയല്ലെന്ന് കണ്ടതോടെ വേഗതകുറഞ്ഞ തക്കത്തില്‍ യുവതി ഓട്ടോയില്‍നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.

യുവതി തന്നെയാണ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെയും അവര്‍ വിശദീകരിച്ചു. താന്‍ രക്ഷപ്പെട്ട സ്ഥലത്ത് ആ സമയം എട്ടുപേരെങ്കിലും ഉണ്ടായിരുന്നെങ്കിലും ആരും സഹായിച്ചില്ലെന്നും യുവതി പറഞ്ഞിരുന്നു. യുവതി പരാതി നല്‍കി മൂന്ന് ദിവസത്തിന് ശേഷമാണ് ബോറിവാലി പോലീസ് ഓട്ടോ ഡ്രൈവറെ പിടികൂടിയത്.

×