Advertisment

നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ലക്ഷ്യമിട്ട് മുസ്ലീംലീഗ് ! കുറഞ്ഞത് 30 സീറ്റെങ്കിലും വേണമെന്ന നിലപാടില്‍ ലീഗ് നേതാക്കള്‍. മലബാറില്‍ കോണ്‍ഗ്രസ് സ്ഥിരമായി തോല്‍ക്കുന്ന സീറ്റില്‍ പൊതു സ്വതന്ത്രര്‍ വേണെമെന്നും നിര്‍ദേശം. ലീഗ് ഇക്കുറി ഒരു സീറ്റില്‍ പരീക്ഷിക്കുക വനിതാ സ്ഥാനാര്‍ത്ഥിയെ. യുവാക്കള്‍ക്കും കൂടുതല്‍ പരിഗണന. മലബാര്‍ വിട്ട് മധ്യകേരളത്തിലും തിരുവതാംകൂറിലും കണ്ണുവച്ച് ലീഗ്

New Update

publive-image

Advertisment

കോഴിക്കോട്: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമായി 30 സീറ്റുകളില്‍ മത്സരിക്കാനൊരുങ്ങി മുസ്ലീം ലീഗ്. മലബാറില്‍ കോണ്‍ഗ്രസിന് വിജയസാധ്യത ഇല്ലാത്ത മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ മാറ്റി അത്തരം മണ്ഡലങ്ങളില്‍ പൊതുസ്വതന്ത്രരെ പരിഗണിക്കണമെന്ന ആവശ്യവും ലീഗ് നേതൃത്വം കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തവണ ലീഗ് യുവാക്കളെയും ഒരു സീറ്റില്‍ വനിതയെയും മത്സരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

മലബാറിന് പുറമെയുള്ള മേഖലയിലും ശക്തമായ സാന്നിധ്യമാവുകയാണ് ലീഗിന്റെ ലക്ഷ്യം. യുഡിഎഫ് മുന്നണി ധാരണ അനുസരിച്ച് നിലവില്‍ 24 സീറ്റുകളിലാണ് മുസ്ലിം ലീഗ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. കഴിഞ്ഞ തവണ കൂടുതല്‍ സീറ്റുകള്‍ അവശ്യപ്പെട്ടിരുന്നങ്കിലും വിവാദങ്ങള്‍ക്ക് ഒടുവില്‍ അവസാനം ലീഗ് ഒത്തു തീര്‍പ്പിന് തയാറായി. എന്നാല്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വിലപേശാന്‍ ഉറച്ചു നില്‍ക്കുകയാണ് ലീഗ് നേതൃത്വം.

നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റെന്ന ആവശ്യം ലീഗ് ഉയര്‍ത്തിയിരുന്നു. എന്നാല്‍ പിന്നീട് ആ ആവശ്യത്തില്‍ നിന്നും പിന്നോട്ട് പോയത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പരിഗണന കിട്ടുമെന്ന കോണ്‍ഗ്രസിന്റെ ഉറപ്പിലായിരുന്നു.

മുന്നണിയില്‍ പാര്‍ട്ടിക്ക് ശേഷി കൂടിയിട്ടുണ്ട് എന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മത്സരിക്കുന്ന സീറ്റുകളിലെ മുന്‍കാല ശക്തി പ്രകടനങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിയാണ് ലീഗിന്റെ വിലപേശല്‍. നേരത്തെ മത്സരിച്ചിരുന്ന സീറ്റുകള്‍ കൂടാതെ ആറു സീറ്റുകള്‍ അധികം ആവശ്യപ്പെടാനാണ് സാധ്യത.

കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗവും എല്‍ജെഡിയും മുന്നണി വിട്ടതോടെ യുഡിഎഫില്‍ 22 സീറ്റുകളാണ് ഒഴിവു വരുന്നത്. ഇതില്‍ ജോസഫ് വിഭാഗത്തിന് പരമാവധി എട്ടോ, ഒന്‍പതോ സീറ്റുകള്‍ മാത്രം നല്‍കുകയുള്ളൂവെന്നാണ് വിവരം. അങ്ങനെ വന്നാല്‍ ബാക്കിയുള്ള സീറ്റുകള്‍ കോണ്‍ഗ്രസും ലീഗും തുല്യമായി പങ്കിടണമെന്നും മുസ്ലീം ലീഗ് നേതൃത്വം ആവശ്യപ്പെടുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത്തും ഇടുക്കിയിലും ജോസഫ് പക്ഷത്തിനും മറ്റിടങ്ങളില്‍ കോണ്‍ഗ്രസിനും വന്‍ തിരിച്ചടിയേല്‍ക്കേണ്ടി വന്ന സാഹചര്യവും ലീഗിന് അനുകൂലമാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. മലബാറില്‍ നിന്നും മധ്യകേരളത്തിലേക്കും തെക്കന്‍ കേരളത്തിലേക്കും കൂടി ചുവട് മാറ്റാനും മുസ്ലിം ലീഗ് ആഗ്രഹിക്കുന്നുണ്ട്.

ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി സഭാനേതാക്കളുമായി നടത്തുന്ന ചര്‍ച്ചകളുടെ ലക്ഷ്യവും ഇതുതന്നെയാണ്. കോട്ടയം , ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ലീഗിന് കണ്ണുള്ളത്. അതേസമയം ഈ സീറ്റുകള്‍ ഏറ്റെടുക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ കണക്കുക്കൂട്ടലുകള്‍. അതുകൊണ്ടുതന്നെ യുഡിഎഫില്‍ പുതിയ കലഹമുണ്ടാകുമെന്നുറപ്പാണ്.

 

muslim league
Advertisment