Advertisment

മുസ്ലിം യാത്രക്കാരോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞ വിമാന കമ്പനിക്ക് 35 ലക്ഷം പിഴ

New Update

വാഷിംഗ്ടണ്‍: മുസ്ലിം യാത്രക്കാരോട് വിമാനത്തില്‍നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞതിന് വിമാന കമ്പനിക്ക് പിഴ ചുമത്തി. യു.എസിലെ ഡെല്‍റ്റ എയര്‍ലൈന്‍സിനാണ് 50000 ഡോളര്‍ (35 ലക്ഷത്തിലധികം രൂപ) പിഴ ചുമത്തിയത്. യാത്രക്കാരോട് വിവേചനപരമായി പെരുമാറിയതിനാണ് വിമാന കമ്പനിക്ക് പിഴ വിധിച്ചത്.

Advertisment

publive-image

രണ്ടു സംഭവങ്ങളിലായി മൂന്നു യാത്രക്കാരോടാണ് വിമാനത്തിലെ ജീവനക്കാര്‍ വിവേചനപരമായി പെരുമാറുകയും ഇറങ്ങിപ്പോകാന്‍ പറയുകയും ചെയ്തത്. ഒരു സംഭവം 2016 ജൂലൈ 26-ന് പാരിസിലെ ചാള്‍സ് ഡി ഗോല്ലെ വിമാനത്താവളത്തിലാണ് ഉണ്ടായത്. മുസ്ലിം ദമ്പതിമാരോട് ഡെല്‍റ്റ ഫ്‌ലൈറ്റ് 229-ല്‍നിന്ന് ഇറങ്ങിപ്പോകാന്‍ ജീവനക്കാര്‍ പറയുകയായിരുന്നു. ഇവരുടെ പെരുമാറ്റം അസ്വസ്ഥതയുണ്ടാക്കുന്നതായി യാത്രക്കാരിലൊരാള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ ദമ്പതിമാരോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടത്.

സ്ത്രീ ശിരോവസ്ത്രം ധരിച്ചിരുന്നതായും ഭര്‍ത്താവ് വാച്ചിനുള്ളില്‍ എന്തോ തിരുകിവെച്ചിരുന്നതായും പരാതിപ്പെട്ട യാത്രക്കാരി പറഞ്ഞു. പുരുഷന്‍ തന്റെ ഫോണില്‍ അള്ളാ എന്ന് പലതവണ ടൈപ്പ് ചെയ്യുന്നത് കണ്ടതായി ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് പറഞ്ഞു.

ക്യാപ്റ്റന്‍ ഡെല്‍റ്റ കമ്പനിയുടെ സുരക്ഷാ വിഭാഗവുമായി സംസാരിച്ചപ്പോള്‍ ഇരുവരും യു.എസ് പൗരന്‍മാരാണെന്നും വീട്ടിലേക്ക് മടങ്ങുകയാണെന്നും കുഴപ്പങ്ങളൊന്നുമില്ലെന്നും വിവരം ലഭിച്ചു. എന്നാല്‍ ഇവരെ തിരികെ വിമാനത്തില്‍ കയറാന്‍ ക്യാപ്റ്റന്‍ അനുവദിച്ചില്ല. ക്യാപ്റ്റന്‍ ഡെല്‍റ്റയുടെ സുരക്ഷാ വിഭാഗത്തിന്റെ നിര്‍ദേശം പിന്തുടര്‍ന്നില്ലെന്നും മതപരമായ വിവേചനമാണ് ദമ്പതിമാര്‍ നേരിട്ടതെന്നും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വിഭാഗം പറഞ്ഞു.

രണ്ടാമത്തെ സംഭവം ജൂലൈ 31-നാണ് നടന്നത്. ആംസ്റ്റര്‍ഡാമില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ഫ്‌ലൈറ്റ് 49-ലാണ് മുസ്ലിം യാത്രക്കാരന് വിവേചനം നേരിടേണ്ടിവന്നത്. വിമാനത്തിലെ ജീവനക്കാരും ചില യാത്രക്കാരുമാണ് മുസ്ലിം യാത്രക്കാരനെക്കുറിച്ച് പരാതിപ്പെട്ടത്. പ്രശ്‌നങ്ങളില്ലെന്ന് ഡെല്‍റ്റ സെക്യൂരിറ്റി അറിയിച്ചെങ്കിലും ക്യാപ്റ്റന്‍ യാത്ര തുടങ്ങാന്‍ തയ്യാറായില്ല. മുസ്ലിം യാത്രക്കാരനെ പുറത്താക്കിയശേഷമാണ് യാത്ര തുടങ്ങിയത്.

muslim delta airlines passengers
Advertisment