Advertisment

എല്‍ദോ എബ്രാഹം വിജയിച്ചു വരുമ്പോള്‍ 90 ശതമാനവും പൂര്‍ത്തിയായിരുന്ന മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്‍റെ പൂര്‍ത്തീകരണത്തിനായി കഴിഞ്ഞ 5 വര്‍ഷവും ഒരാളും ചെറുവിരലനക്കിയില്ല. എംസി റോഡിലെ ഏറ്റവും പ്രധാന ബസ് സ്റ്റാന്‍ഡില്‍ 5 വര്‍ഷമായി നില്‍ക്കാനും ഇരിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ക്കും ഒരു നിര്‍വ്വാഹവുമില്ല. ഈ ബസ് സ്റ്റാന്‍ഡ് മാത്രം മതി സ്ഥലത്തെ ജന പ്രതിനിധിക്ക് 'നിരുത്തരവാദിത്വത്തിന്' സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ? 

New Update

publive-image

Advertisment

മൂവാറ്റുപുഴ: എംസി റോഡിലെ ഏറ്റവും പ്രധാന കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലൊന്നായ മൂവാറ്റുപുഴ ബസ് സ്റ്റാന്‍ഡ് നവീകരണം പാതി വഴിയില്‍ മുടങ്ങിക്കിടക്കുന്നത് സ്ഥലം എംഎല്‍എ എല്‍ദോ എബ്രാഹത്തിന് തെരഞ്ഞെടുപ്പില്‍ വെല്ലുവിളിയായേക്കും.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് നിര്‍മ്മാണം തുടങ്ങി അന്തിമ ഘട്ടത്തിലെത്തിയ ബസ് സ്റ്റാന്‍ഡ് നവീകരണം സര്‍ക്കാര്‍ മാറിയതു മുതല്‍ നിലക്കുകയായിരുന്നു. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ഇടതുപക്ഷത്തുനിന്നുതന്നെ ഭരണകക്ഷിയുടെ ഭാഗമായി എല്‍ദോ എബ്രാഹം ജയിച്ചു വരികയും ചെയ്തിട്ടും കഴിഞ്ഞ 5 വര്‍ഷം പദ്ധതിക്കുവേണ്ടി ചെറുവിരലനക്കാന്‍ എംഎല്‍എക്ക് കഴിഞ്ഞില്ല.

2016-ല്‍ പദ്ധതിയുടെ തൊണ്ണൂറു ശതമാനവും പൂര്‍ത്തീകരിച്ചിരുന്നു. 6 മാസം കൂടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോയിരുന്നെങ്കില്‍ പദ്ധതി പൂര്‍ത്തീകരിക്കാമായിരുന്നു. എന്നാല്‍ സ്ഥലം എംഎല്‍എയുടെ ഭാഗത്തുനിന്നും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും തുടര്‍ നടപടി ഉണ്ടായില്ല. യുഡിഎഫ് എംഎല്‍എയും സര്‍ക്കാരും തുടക്കം കുറിച്ച പദ്ധതി പൂര്‍ത്തീകരിച്ചാല്‍ അത് പ്രതിഛായയെ ബാധിക്കുമെന്ന് സ്ഥലത്തെ ജനപ്രതിനിധികളെ ആരോ ഉപദേശിച്ചപോലെയായിരുന്നു ഇവര്‍ക്ക് പദ്ധതിയോടുള്ള മനോഭാവം.

എംസി റോഡില്‍ ഏറ്റവുമധികം വാഹനങ്ങള്‍ വന്നുപോകുന്നതും പതിനായിരത്തിലേറെ യാത്രക്കാര്‍ ആശ്രയിക്കുന്നതുമായ ബസ് സ്റ്റാന്‍ഡ് എന്നതായിരുന്നു മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്‍ പദ്ധതിക്ക് നല്‍കിയ മുന്‍ഗണന.

പുതിയ എംഎല്‍എ വന്നതോടെ അനാഥമായ ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ക്ക് പ്രവേശിക്കുകതന്നെ ദുഷ്കരമായതോടെ മൂവാറ്റുപുഴ വികസന സമിതി മുന്‍കൈയ്യെടുത്ത് സ്റ്റാന്‍ഡിനുള്ളില്‍ ടൈല്‍സ് വിരിക്കുവാനുള്ള സാഹചര്യം ഒരുക്കി. എന്നിട്ടും യാത്രക്കാരുടെ ദുരിതങ്ങള്‍ക്ക് അറുതിയായില്ല. ഇവിടെ വന്നെത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യമോ ഒന്നിരിക്കാന്‍ പോലുമുള്ള സൗകര്യങ്ങളോ ഇല്ല.

എന്തുകൊണ്ട് പദ്ധതി കഴിഞ്ഞ 5 വര്‍ഷമായി മുടങ്ങി കിടന്നു എന്നതിന് ഉത്തരമില്ല. ഫലത്തില്‍ മൂവാറ്റുപുഴ കെഎസ്ആര്‍ടിസി സ്റ്റേഷനെ സംബന്ധിച്ച് കഴിഞ്ഞ 5 വര്‍ഷം പാഴായിപ്പോയി. ഇനി പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

 

kochi news
Advertisment