ഇങ്ങനെയൊരു സമരം നടത്താൻ അരാണ് അനുമതി നൽകിയത് ? – കേജ്‍രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, June 18, 2018

ന്യൂഡൽഹി: ലഫ്. ഗവർണറുടെ ഓഫിസിൽ ഒരാഴ്ചയിലേറെയായി സമരം നടത്തുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാനെയും മന്ത്രിമാരെയും രൂക്ഷമായി വിമര്‍ശിച്ച് ഡൽഹി ഹൈക്കോടതി.

ആരുടെയും ഓഫീസിലോ വീട്ടിലോ കടന്നുകയറി സമരം നടത്താനാവില്ലെന്നും അങ്ങനെ ചെയ്യുന്നതിനെ സമരമെന്നു വിളിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഇങ്ങനെയൊരു സമരം നടത്താൻ അരാണ് അനുമതി നൽകിയതെന്നും കോടതി ആരാഞ്ഞു.

ലഫ്. ഗവർണറുടെ ഓഫിസിൽ സമരം നടത്താനുള്ള തീരുമാനം വ്യക്തിപരമാണോ അതോ ക്യാബിനറ്റ് തീരുമാനപ്രകാരമാണോയെന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തിപരമായ തീരുമാനമെന്നായിരുന്നു കേജ്‍രിവാളിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ മറുപടി.

സമരം നടത്താൻ ലഫ്. ഗവർണർ അനുമതി നൽകിയിട്ടുണ്ടോ? ലഫ്. ഗവർണറുടെ ഓഫിസിൽ സമരം നടത്തുന്നതിന്റെ സാഹചര്യമെന്താണ്? തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു.

ഐഎഎസ് ഉദ്യോഗസ്ഥര്‍ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തുടരുന്ന കുത്തിയിരിപ്പു സമരം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍,ഗോപാല്‍ റായ് എന്നിവരാണ് കെജ്രിവാളിനൊപ്പം നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുന്നുണ്ട്.

നിരാഹാരം തുടരുന്ന സിസോദിയയുടെയും ജെയിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

×