കരുണാനിധിയുടെ നില വീണ്ടും ഗുരുതരം. ഗവര്‍ണര്‍ ആശുപത്രിയില്‍. സ്റ്റാലിനും കനിമൊഴിയും ആശുപത്രിയിലെത്തി. ചെന്നൈ വന്‍ സുരക്ഷാ വലയത്തില്‍

ന്യൂസ് ബ്യൂറോ, ചെന്നൈ
Saturday, July 28, 2018

ചെന്നൈ:  തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ നില വീണ്ടും ഗുരുതരമായതായി റിപ്പോര്‍ട്ട്. രാവിലെ രക്തസമ്മര്‍ദ്ദം അധികരിച്ചതിനെ തുടര്‍ന്ന്‍ കാവേരി ആശുപത്രിയിലേക്ക് മാറ്റിയ കരുണാനിധിയുടെ നില വീണ്ടും വഷളായതായാണ് റിപ്പോര്‍ട്ട്. ഇതോടെ മക്കളായ എം കെ സ്റ്റാലിനും കനിമൊഴി എക്സ് എം പിയും ആശുപത്രിയിലെത്തി.

ഗവര്‍ണര്‍ ബെന്‍വാരിലാ പുരോഹിത് ആശുപത്രിയിലെത്തി. ഗവര്‍ണര്‍ എത്തി നേരിട്ട് കരുണാനിധിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും.

അതേസമയം, ചെന്നൈ നഗരത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമാക്കി. കരുണാനിധിയുടെ വീട്ടിലും ആശുപത്രി പരിസരത്തും വന്‍ ജനാവലിയാണ് പുറത്ത് കാത്തുനില്‍ക്കുന്നത്. ഇവിടങ്ങളില്‍ രാവിലെ പോലീസ് വിന്യാസം കര്‍ശനമാക്കിയിട്ടുണ്ട്.

എ ഐ സി സിയെ പ്രതിനിധീകരിച്ച് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് ചെന്നൈയിലേക്ക് തിരിച്ചതായാണ് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയും മുകുള്‍ വാസ്നിക്കും ഉടന്‍ ചെന്നൈയ്ക്ക് തിരിക്കും എന്നാണ് സൂചന. എ രാജീവ് ഉള്‍പ്പെടെയുള്ള ഡി എം കെ നേതാക്കള്‍ ഒട്ടുമിക്കവരും ആശുപത്രിയിലുണ്ട്.

×