മറീനാ ബീച്ചിന്‍റെ പേരില്‍ മുഖം വികൃതമാക്കി എടപ്പാടി സര്‍ക്കാര്‍. കോടതി വിധിയറിഞ്ഞുള്ള സ്റ്റാലിന്റെ വിതുമ്പല്‍ ഏറ്റുവാങ്ങി തമിഴ് ജനത ! സ്റ്റാലിന്റെ പടയൊരുക്കത്തിന് രാജാജി ഹാളില്‍ തന്നെ തുടക്കമായി

ന്യൂസ് ബ്യൂറോ, ചെന്നൈ
Wednesday, August 8, 2018

ചെന്നൈ:  വൈകാരിക മുഹൂര്‍ത്തങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ എക്കാലവും തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ തികച്ചും പരാജയമായിരുന്നു. അത് അവിചാരിതമായി മറ്റ്‌ ചിലര്‍ക്ക് നേട്ടമായി മാറുന്നതും അവര്‍ രംഗം കീഴടക്കുന്നതും ചരിത്രം. അതിന് മികച്ച ഉദാഹരണമാണ് എം ജി ആറിന്റെ ശവമഞ്ചത്തില്‍ നിന്നും ചവിട്ടി പുറത്താക്കപ്പെട്ട ജയലളിത.

ഇപ്പോള്‍ കലൈഞ്ജര്‍ വിടവാങ്ങുമ്പോള്‍ ആ ചരിത്രം വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണ്. കലൈഞ്ജറുടെ ആഗ്രഹം പോലെ അദ്ദേഹത്തിന്റെ മൃതദേഹം മറീനാ ബീച്ചില്‍ സംസ്കരിക്കാന്‍ അനുവദിക്കണമെന്ന എം കെ സ്റ്റാലിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെ മുഖം വികൃതമായത് സര്‍ക്കാരിന്റെയും എ ഐ എ ഡി എം കെയുടേതുമാണ്.

ഒടുവില്‍ നിര്‍ണ്ണായക നീക്കത്തിലൂടെ അര്‍ദ്ധ രാത്രി മുതല്‍ ചേര്‍ന്ന ഹൈക്കോടതി വിചാരണയിലൂടെ ആവശ്യം സ്റ്റാലിന്‍ നേടിയെടുത്തപ്പോള്‍ സര്‍ക്കാരിന്റെ ഗ്രാഫ് പാതാളത്തിലായി. ഇപ്പോള്‍ കരുണാനിധിയുടെ സംസ്കാരത്തില്‍ പങ്കെടുക്കാന്‍ പോലും മുഖ്യമന്ത്രിയെത്തിയാല്‍ ജനം കല്ലെറിയുന്നതാണ് സ്ഥിതി.

ഇതിനിടെ കനത്ത സുരക്ഷാ വലയം തീര്‍ത്ത വഴിയിലൂടെയാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി രാജാജി ഹാളിലെത്തി അന്തിമോപചാരം അര്‍പ്പിച്ചത്. അവിടെയും ജനം മുഖ്യമന്ത്രിയെ തടഞ്ഞു.

5 തവണ മന്ത്രിയായിരുന്ന, രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന നേതാവ് മരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എവിടെ സംസ്കരിക്കും എന്നറിയാന്‍ കഴിയാത്ത അവസ്ഥയില്‍ നിന്നാണ് അനുകൂല കോടതി വിധി വന്നപ്പോള്‍ സ്റ്റാലിന്‍ അച്ഛന്റെ മൃതദേഹത്തിനരികില്‍ നിന്ന് മുഖം പൊത്തി വിതുമ്പി കരഞ്ഞത്.

ആ കണ്ണുനീരിന് അണ്ണാ ഡി എം കെ കൊടുക്കേണ്ടി വരുന്ന വില ഒരു സര്‍ക്കാരിനോളം വരുമെന്ന് ഊഹിക്കാം. മാത്രമല്ല, ഇതോടെ തമിഴ് മണ്ണില്‍ ‘അമ്മ തരംഗം’ അവസാനിച്ച് ‘കലൈഞ്ജര്‍’ തരംഗത്തിന് വഴിമാറിക്കഴിഞ്ഞു. ആ ഒറ്റ വിതുമ്പലോടെ എം കെ സ്റ്റാലിന്‍ എന്ന നേതാവ് തമിഴ് ജനതയുടെ ഹൃദയം കീഴടക്കുകയും ചെയ്തു.

ജയലളിത മരിച്ചപ്പോള്‍ ആ വൈകാരിക മുഹൂര്‍ത്തം ഏറ്റുവാങ്ങാന്‍ ഒരു പിന്തുടര്‍ച്ചാവകാശി ഇല്ലായിരുന്നെന്നതു൦ ശ്രദ്ധേയമാണ്. എന്നാല്‍ കരുണാനിധിയുടെ കാര്യത്തില്‍ അതല്ല സ്ഥിതി. കലൈഞ്ജര്‍ തന്നെ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ച മകന്‍ എം കെ സ്റ്റാലിന്‍ അദ്ദേഹത്തിന്റെ ശവമഞ്ചത്തിനരികില്‍ നിന്നുതന്നെ ശക്തനായി മാറിയിരിക്കുകയാണ്.

അമ്മ തരംഗം വഴി മാറുകയും സര്‍ക്കാരും അണ്ണാ ഡി എം കെയും ദുര്‍ബലമാകുകയും ഡി എം കെ ശക്തമായി മാറുകയും ചെയ്തിരിക്കുന്ന ഇനിയുള്ള ദിവസങ്ങള്‍ സ്റ്റാലിന് സ്വന്തമാണ്. അത് അനുകൂല തരംഗമാക്കി മാറ്റാന്‍ സ്റ്റാലിന്‍ തുനിയുമെന്നു കരുതുന്നവരും ഏറെയാണ്‌.

അങ്ങനെയെങ്കില്‍ സര്‍ക്കാരിനെ വീഴ്ത്തി സ്റ്റാലിന്‍ അധികാരം പിടിച്ചെടുക്കാന്‍ ഒരുങ്ങിയാലും അത്ഭുതപ്പെടാനില്ല. ശേഷിക്കുന്ന കാലയളവ് അണ്ണാ ഡി എം കെയ്ക്ക് വിട്ടുനല്‍കി കാത്തിരിക്കാന്‍ സ്റ്റാലിന്‍ തയാറാകുമെന്ന് ഇനി കരുതാനാകില്ല. അതിനുള്ള പിടിപ്പുകേടുകളൊക്കെ സര്‍ക്കാര്‍ കാണിച്ച് കഴിഞ്ഞു.

അടുത്ത കളികള്‍ തുടങ്ങാന്‍ കരുണാനിധിയുടെ സംസ്കാരം കഴിയുന്നതുവരെ കാത്തിരുന്നാല്‍ മതിയെന്ന് സാരം.

×