നോട്ട് നിരോധന സമയത്ത് നോട്ടുകൾ മാറി നല്‍കാമെന്ന് പറഞ്ഞ് 60 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങി, രണ്ടുവർഷത്തിനുശേഷം ഗായിക അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, January 11, 2019

ഡൽഹി:  നോട്ട് നിരോധന സമയത്ത് പഴയ നോട്ടുകള്‍ മാറി നല്‍കാമെന്ന് പറഞ്ഞു 60 ലക്ഷം രൂപ തട്ടിയെടുത്ത ഗായിക ഷിഖ രാഘവ് അറസ്റ്റില്‍. ഹരിയാനയിലാണു സംഭവം.

നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ 60 ലക്ഷം രൂപയാണ് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനിൽനിന്നു തട്ടിയെടുത്തത്.

2016ൽ രാംലീല മൈതാനത്തു നടന്ന ഒരു ചടങ്ങിൽ വച്ചാണു ഷിഖയും സുഹൃത്ത് പവനും ഉദ്യോഗസ്ഥനെ പരിചയപ്പെടുന്നത്. പാരാമിലിട്ടറി ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. നോട്ട് അസാധുവാക്കലിന്റെ സമയത്ത് പഴയ നോട്ടുകൾ മാറി പുതിയ നോട്ട് നൽകാമെന്ന് അവർ ഉദ്യോഗസ്ഥനെയും കുടുംബാംഗങ്ങളെും വിശ്വസിപ്പിച്ചു.

ഇത്തരത്തിൽ ലഭിച്ച പണവുമായി ഷിഖയും സുഹൃത്തും രക്ഷപെടുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പവനെ പൊലീസ് പിടികൂടിയിരുന്നു.

എന്നാൽ ഒളിവിലായിരുന്ന ഷിഖയെ രണ്ടുവർഷത്തിനുശേഷമാണ് പിടിച്ചത്. ഹരിയാനയിൽ നിന്നു കസ്റ്റഡിയിലെടുത്ത ഷിഖയെ ഡൽഹിയിലെത്തിച്ചു.

×