15 കോണ്‍ഗ്രസ് /ദള്‍ എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് രാജി വയ്പ്പിച്ച് ഭൂരിപക്ഷം തികയ്ക്കാന്‍ ബിജെപി നീക്കം. രാജിവയ്ക്കുന്ന എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനവും ഉപതെരഞ്ഞെടുപ്പിന്റെ മുഴുവന്‍ ചിലവും വാഗ്ദാനം ! സര്‍ക്കാര്‍ രൂപീകരണത്തിനായി ബാംഗ്ലൂരില്‍ നടക്കുന്നത് ഓഫര്‍ പെരുമഴ !

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Wednesday, May 16, 2018

ബാംഗ്ലൂര്‍:   സര്‍ക്കാര്‍ രൂപീകരണത്തിനായി ബാംഗ്ലൂരില്‍ നടക്കുന്നത് തിരക്കിട്ട ചര്‍ച്ചകളും കരുനീക്കങ്ങളും. ഇരുപക്ഷത്ത് നിന്നും തന്ത്രങ്ങള്‍ മെനയുന്നത് കോണ്‍ഗ്രസും ബി ജെ പിയും നേര്‍ക്കുനേരാണ്.

കോണ്‍ഗ്രസില്‍ നിന്നോ ജെ ഡി എസില്‍ നിന്നോ 15 എം എല്‍ എമാരെ മറുകണ്ടം ചാടിക്കാനാണ് ബി ജെ പിയുടെ നീക്കം. ഇതിനായി റെഡ്ഡി സഹോദരന്മാരും ഉത്തരേന്ത്യന്‍ പണച്ചാക്കുകളും കോടികളുമായി ബാംഗ്ലൂരില്‍ വട്ടമിട്ട് പറക്കുകയാണ്.

കൂറുമാറുന്ന എം എല്‍ എമാരെ രാജിവയ്പ്പിച്ച് മന്ത്രിമാരാക്കി ഉപതെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചു വിജയിപ്പിക്കാനാണ് ബി ജെ പിയുടെ തന്ത്രം. നിലവില്‍ 104 അംഗങ്ങളാണ് ബി ജെ പിയ്ക്കുള്ളത്. ഒരു സ്വതന്ത്രന്റെ പിന്തുണയും ബി ജെ പിക്കാണ്.

15 എം എല്‍ എമാര്‍ രാജിവച്ചാല്‍ നിയമസഭയുടെ അംഗസംഖ്യ 207 ആകും. അങ്ങനെ വന്നാല്‍ കേവല ഭൂരിപക്ഷത്തിന് 104 എന്ന സംഖ്യ മതിയാകും. സ്വതന്ത്രന്റെ പിന്തുണ കൂടിയാകുമ്പോള്‍ അതിനേക്കാള്‍ ഒന്ന് കൂടുതലുണ്ട് ബി ജെ പിയ്ക്ക്.

കൂറുമാറുന്ന എം എല്‍ എമാര്‍ക്ക് മന്ത്രിസ്ഥാനമാണ് വാഗ്ദാനം. സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ തന്നെ ഇവരെ മന്ത്രിമാരാക്കി സത്യപ്രതിജ്ഞ ചെയ്യിക്കും. കൂറുമാറ്റ നിരോധന നിയമം ബാധകമാകാതിരിക്കാന്‍ ഇവര്‍ക്ക് രാജി വയ്ക്കേണ്ടി വരും.

പകരം മന്ത്രിമാരെന്ന നിലയില്‍ 6 മാസത്തിനുള്ളില്‍ ഇവര്‍ക്ക് അതേ മണ്ഡലത്തില്‍ തന്നെ ഉപതെരഞ്ഞെടുപ്പില്‍ ജയിക്കാം. അതിനുള്ള പണം സ്പോണ്‍സര്‍ ചെയ്യാന്‍ കോടികളുമായി വ്യവസായികള്‍ റെഡിയാണ്. ഈ ഓഫറില്‍ എത്ര പേര്‍ വീഴുമെന്ന കാത്തിരിപ്പിലാണ് കര്‍ണാടക രാഷ്ട്രീയം.

എം എല്‍ എമാര്‍ക്കായി വലവിരിച്ചിരിക്കുകയാണ് ബി ജെ പി. റെഡ്ഡി സഹോദരന്മാര്‍ തന്നെയാണ് എല്ലാറ്റിനും ചുക്കാന്‍ പിടിക്കുന്നത്.

അതേസമയം, ഇവരുടെ വലയില്‍ വീഴാതെ തങ്ങളുടെ എം എല്‍ എമാരെ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസും ജെ ഡി എസും. എം എല്‍ എമാരെ സുരക്ഷിത താവളത്തിലേക്ക് മാറ്റാനും നീക്കങ്ങള്‍ നടത്തുന്നു.

രണ്ടു കേന്ദ്രമന്ത്രിമാരും ബി ജെ പി നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ബാംഗ്ലൂരില്‍ ക്യാമ്പ് ചെയ്യുകയാണ്.

അതേസമയം, ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാടുകളാണ് ഈ സന്ദര്‍ഭത്തില്‍ നിര്‍ണ്ണായകമാകുക. ഗവര്‍ണര്‍ ബി ജെ പി താല്പര്യങ്ങള്‍ക്കനുസരിച്ചേ പ്രവര്‍ത്തിക്കൂ എന്നാണ് വിലയിരുത്തല്‍. ഗവര്‍ണറുടെ തീരുമാനം നീട്ടിവയ്ക്കാന്‍ പാകത്തില്‍ ഇലക്ഷന്‍ കമ്മീഷനും നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്നതായി കോണ്‍ഗ്രസ് ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.

×