ഭൂരിപക്ഷമില്ലാതെ അന്ന് അച്ഛന്‍ പ്രധാനമന്ത്രിയായി. ഇന്ന് അങ്ങനെ തന്നെ മകന്‍ കുമാരസ്വാമി മുഖ്യമന്ത്രിയാകുന്നു ! ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ ഈ അത്യപൂര്‍വ്വതകളില്‍ ഭാഗ്യം തുണച്ചത് ഈ അച്ഛനെയും മകനെയും !

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Tuesday, May 15, 2018

ബാംഗ്ലൂര്‍:  ജനാധിപത്യത്തില്‍ എപ്പോഴും അധികാരം കരസ്ഥമാക്കുക ഭൂരിപക്ഷ വിജയം നേടിയ പാര്‍ട്ടിയും നേതാവുമായിരിക്കും. അല്ലാതെ സംഭവിക്കുക ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാത്രമാണ്. അതിലൊന്നാണ് 1996 ലെ എച്ച് ഡി ദേവഗൌഡയുടെ പ്രധാനമന്ത്രി പദവി.

540 അംഗ സഭയില്‍ അതിന്റെ 8 % മാത്രം സീറ്റുകള്‍ കൈവശമുള്ള പാര്‍ട്ടിയുടെ നേതാവായിരുന്നു അന്ന് ദേവഗൌഡ. പക്ഷേ അന്ന് പാര്‍ലമെന്റിലെ രണ്ടാമത് കക്ഷിയായ കോണ്‍ഗ്രസ് ദേവഗൌഡയെ പിന്തുണച്ചു, അദ്ദേഹം പ്രധാനമന്ത്രിയായി (1996 ജൂണ്‍ 1 – 1997 ഏപ്രില്‍ 21). ബി ജെ പിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താനായിരുന്നു അത്.

ഇപ്പോള്‍ കര്‍ണ്ണാടകയില്‍ അതേ ചരിത്രം ആവര്‍ത്തിക്കുകയാണ്. 222 അംഗങ്ങള്‍ വിജയിച്ച നിയമസഭയില്‍ 40 ല്‍ താഴേ സീറ്റുകളുള്ള ജെ ഡി എസിന്റെ നേതാവ് എച്ച് ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നു. അങ്ങനെ ഭൂരിപക്ഷമില്ലാതിരുന്നിട്ടും മുഖ്യമന്ത്രിയാകാന്‍ യോഗം ലഭിച്ചിരിക്കുന്നത് അങ്ങനെ പ്രധാനമന്ത്രിയായ ദേവഗൌഡയുടെ മകന്‍ കുമാരസ്വാമിക്ക് തന്നെയാണെന്നതാന് അതിലേറെ കൌതുകം.

രാജ്യത്ത് തന്നെ അപൂര്‍വ്വമായി മാത്രം സംഭവിച്ച രണ്ട് അത്യപൂര്‍വ്വ അവസരങ്ങള്‍ വന്നെത്തിയത് ഈ അച്ഛന്റെയും മകന്റെയും കൈകളിലാണെന്നതാന് ഏറെ കൌതുകം. ദേവഗൌഡയെ പ്രധാനമന്ത്രിയാക്കിയ കോണ്‍ഗ്രസാണ് ഇപ്പോള്‍ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കുന്നത്. അന്നും ഇന്നും കോണ്‍ഗ്രസ് നീക്കം ബി ജെ പിയെ അകറ്റി നിര്‍ത്താനായിരുന്നു.

അന്ന് ദേവഗൌഡയെ പിന്തുണയ്ക്കാനുള്ള നീക്കങ്ങള്‍ക്ക് അനുമതി നല്‍കിയ സോണിയാഗാന്ധി തന്നെയാണ് ഇപ്പോള്‍ മകന്‍ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാനും അനുമതി നല്‍കിയിരിക്കുന്നത്.

×