ബിജെപിക്ക് 2014 നേക്കാള്‍ 100 ലേറെ സീറ്റുകള്‍ നഷ്ടമാകും. എന്‍ഡിഎയ്ക്ക് ആകെ 130 ലേറെ സീറ്റുകളില്‍ നഷ്ടം സംഭവിക്കാം. എന്‍ഡിഎ സീറ്റുകളുടെ എണ്ണം പരമാവധി 220 കടക്കില്ല. ബിജെപി 180 ല്‍ ഒതുങ്ങും.  ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടി യുപിയില്‍ നിന്ന്. പ്രമുഖ സംസ്ഥാനങ്ങളിലേതടക്കമുള്ള വിലയിരുത്തലുകളുടെ പൂര്‍ണ്ണരൂപം ഇങ്ങനെ ..

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, May 8, 2019

ഡല്‍ഹി:  കേന്ദ്രത്തില്‍ ബി ജെ പി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്താനുള്ള സാധ്യതകള്‍ മങ്ങുന്നു. ഇതുവരെ പൂര്‍ത്തിയായ ഘട്ടങ്ങളിലെ വിലയിരുത്തലുകളും നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലെ സാഹചര്യങ്ങളും കണക്കാക്കിയുള്ള വിലയിരുത്തലില്‍ 130 ഓളം സീറ്റുകള്‍ എന്‍ ഡി എയ്ക്ക് നിലവിലുള്ളതില്‍ നിന്ന് നഷ്ടം സംഭവിക്കാമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി ജെ പി ഒറ്റയ്ക്ക് 282 സീറ്റുകള്‍ നേടിയത് ഇത്തവണ 175 ലേക്ക് ഒതുങ്ങുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്‍ ഡി എ സഖ്യ കക്ഷികളുടെ സീറ്റുകള്‍ കൂടി കണക്കിലെടുത്താലും 220 കടക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ തവണ ബി ജെ പി മുന്നേറ്റം ഉണ്ടാക്കിയ സംസ്ഥാനങ്ങളിലേതടക്കം സീറ്റ് നിലവാരം വിലയിരുത്തിയാണ് പുതിയ വിശകലനം. ഇതുപ്രകാരം ബി ജെ പി ഏറ്റവുമധികം തിരിച്ചടി നേരിടുന്നത് യു പിയില്‍ നിന്നായിരിക്കും. ഇവിടെ കഴിഞ്ഞ തവണ 71 സീറ്റുകള്‍ നേടിയിരുന്നത്തില്‍ ഇത്തവണ 50 സീറ്റുകള്‍ വരെ നഷ്ടമായേക്കാം എന്നാണു കണക്കാക്കുന്നത്.

ബി ജെ പിയ്ക്ക് 12 – 17 വരെ സീറ്റുകള്‍ ആണ് യു പിയില്‍ പലരും പ്രവചിക്കുന്നത്. അങ്ങനെയെങ്കില്‍ യു പിയില്‍ തന്നെ കുറഞ്ഞത് 50 സീറ്റുകളുടെ നഷ്ടം ബി ജെ പിയ്ക്ക് പ്രതീക്ഷിക്കുന്നു.

രാജസ്ഥാനില്‍ കഴിഞ്ഞ തവണ 25 ല്‍ 25 ഉം നേടിയിരുന്നു ബി ജെ പിയുടെ മിന്നുന്ന വിജയം. പക്ഷെ, ഇത്തവണ അതിന്റെ പകുതി മാത്രമാണ് പ്രതീക്ഷ. എത്ര കണക്കാക്കിയാലും ഇവിടെയും 10 സീറ്റുകള്‍ നഷ്ടം ഉറപ്പ്. ഗുജറാത്തിലും കഴിഞ്ഞ തവണ സംസ്ഥാനം ബി ജെ പി അരിച്ചുപെറുക്കിയതാണ്. പക്ഷെ, ഇത്തവണ അതിന്റെ പകുതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. അങ്ങനെയെങ്കില്‍ മോഡിയുടെയും അമിത് ഷായുടെയും സ്വന്തം നാട്ടിലും 12 സീറ്റുകള്‍ എങ്കിലും നഷ്ടമാകുമെന്നുറപ്പ്.

ബീഹാറില്‍ കഴിഞ്ഞ തവണ 40 ല്‍ 22 സീറ്റുകളും നേടിയത് ബി ജെ പിയായിരുന്നു. പക്ഷേ, ഇത്തവണ അവിടെ നിധീഷ് കുമാറിന്റെ പാര്‍ട്ടിയും രാംവിലാസ് പാസ്വാന്റെ പാര്‍ട്ടിയും ബി ജെ പിയുമായി സഖ്യത്തിലാണ്. ബി ജെ പി ഇത്തവണ കാര്യമായ നഷ്ടം പ്രതീക്ഷിക്കാത്ത ഏക സംസ്ഥാനവും ബീഹാറാണ്. പക്ഷെ, 8 സീറ്റുകള്‍ വരെ എന്‍ ഡി എയ്ക്ക് ഇവിടെ നഷ്ടമായേക്കാം.

കര്‍ണ്ണാടകയില്‍ കഴിഞ്ഞ തവണ 17 സീറ്റുകള്‍ നേടിയിടത്തും ഇത്തവണ കാര്യമായ നഷ്ടം ബി ജെ പിയ്ക്ക് ഉണ്ടായേക്കില്ല. പക്ഷെ, യു പിയിലെ നഷ്ടം കര്‍ണ്ണാടകയില്‍ ഉള്‍പ്പെടെ നികത്താമെന്ന ആഗ്രഹം നടപ്പാക്കില്ല. പകരം ഒന്നോ രണ്ടോ സീറ്റുകള്‍ നഷ്ടമായേക്കാം എന്നാണു വിലയിരുത്തല്‍.

മഹാരാഷ്ട്രയാണ് ബി ജെ പി തിരിച്ചടി പ്രതീക്ഷിക്കുന്ന മറ്റൊരു പ്രധാന സംസ്ഥാനം. അവിടെ ബി ജെ പിയും (23) ശിവസേന (18) യും ചേര്‍ന്ന്‍ 41 സീറ്റുകള്‍ ആണ് കഴിഞ്ഞ തവണ നേടിയത്. എന്നാല്‍ ഇത്തവണ അത് 25 ലേക്ക് ഒതുങ്ങുമെന്നാണ് വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ മഹാരാഷ്ട്രയിലും കുറഞ്ഞത് 15 സീറ്റുകള്‍ വരെ എന്‍ ഡി എയ്ക്ക് നഷ്ടപ്പെടാം.

കഴിഞ്ഞ തവണ 7 ല്‍ 7 ഉം നേടിയ ഡല്‍ഹിയിലും ചത്തീസ്ഗഡിലും ജാര്‍ഖണ്ഡിലുമെല്ലാം ബി ജെ പിയുടെ പ്രതീക്ഷകള്‍ ഇത്തവണ തകരും. പകരം സൌത്ത് ഇന്ത്യയില്‍ നേട്ടമുണ്ടാക്കാം എന്ന പ്രതീക്ഷകളൊക്കെ അസ്ഥാനത്താണ്. എങ്ങനെ കണക്കാക്കിയാലും 100 ലേറെ സീറ്റുകള്‍ ബി ജെ പിയ്ക്ക് മാത്രമായി നഷ്ടപ്പെടാം എന്നാണ് വിലയിരുത്തല്‍.

എന്‍ ഡി എയ്ക്ക് പുറത്തുള്ള പ്രാദേശിക കക്ഷികളെ ഇത്തവണ സ്വാധീനിക്കുന്നതില്‍ ബി ജെ പിയ്ക്ക് പരിമിതികളുണ്ട്. അവര്‍ മിക്കവരും നരേന്ദ്ര മോഡി – അമിത് ഷാ കൂട്ടുകെട്ടിനെ എതിര്‍ക്കുന്നവരാണ്. ബി ജെ പിയ്ക്കുള്ളില്‍ പോലും മോഡി – അമിത് ഷാ കൂട്ടുകെട്ടിനെതിരെയുള്ള വികാരം ശക്തമാണ്. അതിനാല്‍ തന്നെ വീണ്ടും മോഡിയെ പ്രധാനമന്ത്രി കസേരയില്‍ വാഴിയ്ക്കാന്‍ വേണ്ടിയുള്ള കഠിന ശ്രമങ്ങളൊന്നും ബി ജെ പിയുടെ രാഷ്ട്രീയ തന്ത്രജ്ഞരില്‍ നിന്നും ഉണ്ടാകാനും ഇടയില്ല.

×